sections
MORE

കാഴ്ചക്കാര്‍ക്കു വിസ്മയമൊരുക്കി ലാവ പോലൊഴുകി വീഴുന്ന വെള്ളച്ചാട്ടം!

HIGHLIGHTS
  • യുഎസിലെ യോസ്മൈറ്റ് ദേശീയ പാര്‍ക്കിലാണ് ഹോഴ്സ് ടെയില്‍ വെള്ളച്ചാട്ടം
  • ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലേ ഈ വെള്ളച്ചാട്ടം ദൃശ്യമാകൂ
Horsetail Falls
SHARE

യുഎസിലെ യോസ്മൈറ്റ് ദേശീയ പാര്‍ക്കിലാണ് ഹോഴ്സ് ടെയില്‍ അഥവാ കുതിര വാല്‍ വെള്ളച്ചാട്ടം സ്ഥതി ചെയ്യുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലേ ഈ വെള്ളച്ചാട്ടം ദൃശ്യമാകൂ. കാരണം മലമുകളിലെ മഞ്ഞു മാത്രമാണ് ഈ വെള്ളച്ചാട്ടത്തിന്‍റെ സ്രോതസ്സ്. അതിനാല്‍ തന്നെ ഏപ്രില്‍ അവസാനത്തോടെ മഞ്ഞുരുകി തീരുമ്പോള്‍ വെള്ളച്ചാട്ടത്തിന്‍റെ ഒഴുക്കും അവസാനിക്കും. എന്നാല്‍ ഈ വെള്ളച്ചാട്ടത്തെ പ്രശസ്തമാക്കുന്നത്  കുതിരയുടെ വാല്‍ പോലെയുള്ള രൂപമാണ്. വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിക്കാന്‍ കാരണവും ഇതുതന്നെ. ഈ വെള്ളച്ചാട്ടത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അതായത് ഫെബ്രുവരിയിലെ ചില ദിവസങ്ങളില്‍ മാത്രമാണ് ഈ പ്രത്യേകത കാണാനാകുക.

ലാവ പോലൊരു വെള്ളച്ചാട്ടം

Horsetail Falls

അഗ്നിപര്‍വതത്തിന്‍റെ മുകളില്‍ നിന്നാണ് ലാവ പൊട്ടി ഒഴുകുന്നതെങ്കില്‍ യോസമൈറ്റിലെ പര്‍വത നിരയുടെ വശങ്ങളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നാണ് ഈ ലാവ ഉദ്ഭവിക്കുന്നത്. പക്ഷെ ഈ ലാവയ്ക്കു പൊള്ളുന്ന ചൂടല്ല മറിച്ച് മരവിപ്പിക്കുന്ന തണുപ്പാണെന്നു മാത്രം. പാറക്കെട്ടുകളുടെ ഇടുക്കിലേക്ക് ഓറഞ്ചു നിറത്തിലുള്ള സൂര്യരശ്മികള്‍ പതിക്കുന്നതാണ് ഈ അപൂര്‍വമായ നിറം വെള്ളച്ചാട്ടത്തിനു ലഭിക്കാൻ കാരണം. 

ഒരു മലയുടെ അറ്റത്താണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മറുവശത്ത് ആകാശം മാത്രം. ശൈത്യകാലത്തിന്‍റെ അവസാനമായതിനാല്‍ അത്ര ശക്തമല്ലാത്ത സൂര്യ രശ്മികളാണു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന മലയുടെ ഈ ഭാഗത്തു പതിക്കുക. ചുറ്റുമുള്ള പാറയ്ക്കുള്ളത് തവിട്ടു കലര്‍ന്ന ചുവപ്പു നിറമാണ്. ഈ പാറക്കെട്ടുകളില്‍ തട്ടി സൂര്യരശ്മി വെള്ളച്ചാട്ടത്തിലേക്കു പ്രതിഫലിക്കുമ്പോഴാണ് തീയുടേതിനു തുല്യമായ ഓറഞ്ചു നിറം വെള്ളച്ചാട്ടത്തിനു കൈവരുന്നത്. ഫയര്‍ ഫാള്‍ എന്നാണ് ഈ പ്രതിഭാസത്തെ പ്രദേശവാസികള്‍ വിളിക്കുന്നത്. 

സന്ധ്യാസമയത്ത് ഏതാണ്ട് 10 മിനിട്ട് നേരത്തേക്കു മാത്രമാണ് ഈ കാഴ്ച കാണാന്‍ സാധിക്കുക. അതും ഫെബ്രുവരിയിലെ ഏതാനും ദിവസങ്ങളിൽ മാത്രം. ഈ വര്‍ഷവും പതിവുപോലെ ഹോഴ്സ് ടെയില്‍ വെള്ളച്ചാട്ടത്തിലെ ഈ ദൃശ്യവിസ്മയം കാണാൻ  ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികളും ഫൊട്ടോഗ്രാഫര്‍മാരും യോസ്മൈറ്റിലേക്ക് ഒഴുകിയെത്തി. 

ഈ അദ്ഭുത കാഴ്ച ഇല്ലാതാകുമോ

Horsetail Falls

മഞ്ഞു വീഴ്ച മുതല്‍ സൂര്യന്‍റെ സ്ഥാനവും ആകാശത്തിലെ മേഘങ്ങളും വരെ പ്രകൃതി ഒരുക്കുന്ന ഈ ദൃശ്യവിസ്മയത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും അതിന്‍റെ പൂര്‍ണതയില്‍ ഈ ദൃശ്യം കാണാന്‍ സാധിക്കണമെന്നില്ല. ഉദാഹരണത്തിന് 2018 ല്‍ ഈ കാഴ്ച അകന്നു നിന്നു. കലിഫോര്‍ണിയയിലെ വരള്‍ച്ചയായിരുന്നു ഇതിനു കാരണം. ഇതോടൊപ്പം ചില വര്‍ഷങ്ങളില്‍ ആവശ്യത്തിനു മഞ്ഞുവീഴ്ച ഉണ്ടാകാറില്ല. ഇതുമൂലം വെള്ളച്ചാട്ടം അതിന്‍റെ പൂര്‍ണതയില്‍ ഒഴുകാന്‍ ആവശ്യമായ മഞ്ഞും മലമുകളില്‍ ഉണ്ടാകില്ല. ഇതും ഈ അപൂര്‍വ കാഴ്ച രൂപപ്പെടുന്നതിനു വിഘാതമായി വരാറുണ്ട്. 

കാലാവസ്ഥ മാറുന്നതോടെ ഈ മേഖലയില്‍ രൂപപ്പെടുന്ന മഞ്ഞിന്‍റെ അളവും കുറഞ്ഞു വരികയാണ്. അതിനാല്‍ തന്നെ ചൂട് വർധിക്കുന്നതനുസരിച്ച് പ്രദേശത്തെ മഞ്ഞു വീഴ്ച നില്‍ക്കുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അങ്ങനെ സംഭവിച്ചാൽ ഈ ലാവ പോലൊഴുകി വീഴുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചാനുഭവം എന്നന്നേക്കുമായി നഷ്ടമാകുമെന്ന നിരാശയിലാണ് പ്രകൃതി സ്നേഹികള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA