ADVERTISEMENT
Hoodwinker Sunfish washes up on a California beach
Image Credit: Thomas Turner

കലിഫോർണിയൻ തീരത്തടിഞ്ഞ കൂറ്റൻ മത്സ്യത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ശാസ്തലോകം. കലിഫോർണിയയിലെ സാന്റാ ബാർബറ ബീച്ചിലാണ് വമ്പൻ മത്സ്യം തീരത്തടിഞ്ഞത്.7 അടിയോളം നീളമുണ്ടായിരുന്നു മത്സ്യത്തിന്.ദക്ഷിണാർധഗോളത്തിലെ സമുദ്രങ്ങളിൽ കാണപ്പെടുന്ന ഹുഡ്‌വിങ്കർ സൺഫിഷ് ആണിതെന്ന് പിന്നീട് ഗവേഷകർ വ്യക്തമാക്കി. പതിവായി കാണപ്പെടാറുള്ള മേഖലയിൽ നിന്നും 12000 മൈലിൽ അധികം സഞ്ചരിച്ച് സൺഫിഷ് കലിഫോർണിയയുടെ തീരത്ത് എങ്ങനെയെത്തി എന്നതാണ് ഇപ്പോൾ ഗവേഷകരെ അമ്പരപ്പിക്കുന്നത്.

2017 ൽ മരിയാനെ നേയ്ഗാർഡ് എന്ന സമുദ്ര ഗവേഷകയാണ് വർഷങ്ങൾ നീണ്ട പരീക്ഷണത്തിനൊടുവിൽ ഹുഡ്‌വിങ്കർ സൺഫിഷിനെ ആദ്യമായി കണ്ടെത്തിയതും പേര് നൽകിയതും.ഓസ്ട്രേലിയ,ന്യൂസീലാൻഡ്,സൗത്ത് ആഫ്രിക്ക, ചിലി എന്നവിടങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടാറുള്ളത്. ദക്ഷിണാർധഗോളത്തിൽ കാണപ്പെടുന്ന ഇവ ഭൂമധ്യരേഖയും കടന്ന് ഉത്തരാർധഗോളത്തിലെങ്ങനെയെത്തിയെന്നത് മരിയാനെ നേയ്ഗാർഡിനെയും അമ്പരപ്പിച്ചു. ഇരതേടി കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. കൂടാതെ ഉഷ്ണജലത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ വിഭാഗത്തിൽ പെട്ട സൺഫിഷുകൾ. ഒരുപക്ഷേ ഇതാകാം ഇവയെ ഇവിടേക്കെത്തിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം.

Hoodwinker Sunfish washes up on a California beach
Image Credit: Thomas Turner

ഇന്‍ഡോ പസിഫിക് സമുദ്രത്തിൽ സൺഫിഷ് മത്സ്യങ്ങളിൽ നടത്തിയ ഗവേഷണത്തിലാണ് മരിയാനെ നേയ്ഗാർഡ് 2017ൽ കടലാഴങ്ങളിൽ മറഞ്ഞിരുന്ന അപൂർവ മത്സ്യമായ സൺഫിഷിനെ കണ്ടെത്തിയത്. പെർത്തിലെ മർഡോക് സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയായിരുന്നു മരിയാനെ. ഇവയുടെ ജനിതകപരമായ ഘടനയിലുള്ള വ്യത്യാസമായിരുന്നു മരിയാനെ പഠനവിഷയമാക്കിയത്.മനുഷ്യ സാമീപ്യം എത്താത്തയിടങ്ങളിലാണ് സൺഫിഷുകൾ വസിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയെക്കുറിച്ചുള്ള പഠനവും ദുഷ്കരമായിരുന്നുവെന്ന് മരിയാനെ വ്യക്തമാക്കി.

.ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ  മത്സ്യങ്ങളിലൊന്നായാണ് സൺഫിഷുകൾ അറിയപ്പെടുന്നത്. വലിയ സൺഫിഷുകൾക്ക്  14 അടിവരെ നീളവും  10 അടി വീതിയും 2 ടൺ വരെ ഭാരവും ഉണ്ടാകും. സാധാരണ മീനുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്.വൃത്താകൃതിയിലാണ് ഇവയുടെ ശരീരം.പിന്നിലായി രണ്ട് ചിറകുകൾ പോലെ തോന്നിക്കുന്ന ശരീരഭാഗവുമുണ്ട്.വാലില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്.

Hoodwinker Sunfish washes up on a California beach
Image Credit: Thomas Turner

ഗവേഷണത്തിന്റെ ഭാഗമായി മരിയാനെയും സംഘവും 150തോളം സൺഫിഷുകളുടെ ഡിഎൻഎ സാമ്പിളുകൾ പഠനവിധേയമാക്കിയിരുന്നു. അതിലൊരെണ്ണം നിലവിലുള്ളവയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണമാണ് പുതിയ വിഭാഗം സൺഫിഷിനെ കണ്ടെത്താൻ ഗവേഷക സംഘത്തെ അന്ന് സഹായിച്ചത്. ലോകത്തിന്റെ പല ഭാഗത്തുള്ള മത്സ്യഗവേഷക സംഘത്തോടും മരിയാനെ ഹുഡ്‌വിങ്കർ സൺഫിഷിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല. 

ഒടുവിലാണ് 2017ൽ ന്യൂസീലാൻഡിലെ ക്രൈസ്റ്റ്ചർച്ച് തീരത്ത് നാലു സൺഫിഷുകൾ ചത്തു തീരത്തടിഞ്ഞിട്ടുണ്ടെന്ന വിവിരം ലഭിച്ചത്. അവിടെയെത്തിയപ്പോഴാണ് ഇത്രയും കാലം ശാസ്ത്രലോകത്തെ കബളിപ്പിച്ചു മറഞ്ഞിരുന്ന ഹുഡ്‌വിങ്കർ സൺഫിഷിനെ കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ മത്സ്യങ്ങളെ കൂടുതൽ പഠനത്തിനു വിധേയമാക്കി. വലിപ്പമുണ്ടെങ്കിലും അവയുടെ മെലിഞ്ഞ ശരീരഘടന പെട്ടെന്ന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോകാൻ സഹായിക്കുന്നവയാണ്.ഈ പ്രത്യേകത തന്നെയാണ് ഇവയെ കാലങ്ങളോളം ശാസ്ത്രലോകത്തിന്റെ കണ്ണിൽ പെടാതെ കഴിയാൻ സഹായിച്ചതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com