sections
MORE

കരയിലെ ഏറ്റവും വിഷമുള്ള പാമ്പ്; ഇന്‍ലന്‍ഡ് തായ്പന്‍, പക്ഷേ നാണം കുണുങ്ങി!

HIGHLIGHTS
  • വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയിലാണ് ഇന്‍ലന്‍ഡ് തായ്പനുകളെ കാണാന്‍ സാധിക്കുക
  • വിഷത്തിന്‍റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ഇന്‍ലന്‍ഡ് തായ്പന്‍ അപകടകാരിയല്ല
Inland taipan
SHARE

പാമ്പുകളെ പ്രത്യേകിച്ചും വിഷമുള്ള ഇനങ്ങളെ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. ചുരുക്കം ചിലരൊഴിച്ച്. ഈ ചുരുക്കം  ചിലരില്‍ പെട്ട ഒരാളാണ് ബ്രിട്ടിഷുകാരനായ ഡേവിഡ് നിക്സണ്‍. അതുകൊണ്ടു തന്നെയാണ് ബ്രിട്ടനില്‍ നിന്നു വിമാനം കയറി കക്ഷി ഓസ്ട്രേലിയയിലെത്തി, അവിടെ നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ വണ്ടിയോടിച്ചു തെക്കന്‍ ക്യൂന്‍സ്‌ലന്‍ഡിലെത്തിയത്. ഓസ്ട്രേലിയ വരെ ഒറ്റയ്ക്കായിരുന്നു സഞ്ചാരമെങ്കിലും വിമാനമിറങ്ങിയ ശേഷം ക്യൂന്‍സ്‌ലന്‍ഡിലേക്കുള്ള യാത്രയിൽ ടാസ്മാനിയന്‍ സ്വദേശിയായ രാരി ഫ്രാന്‍സിനും ഒപ്പം കൂടി. കരയില്‍ ജീവിക്കുന്ന പാമ്പുകളില്‍ ഏറ്റവും വിഷമേറിയതെന്നു കരുതുന്ന ഇന്‍ലന്‍ഡ് തായ്പനെ അന്വേഷിച്ചായിരുന്നു ഇവരുടെ യാത്ര.

ചാന്ദ്രസമതലത്തിലെ പാമ്പ്

ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും വിജനമായ പ്രദേശമായ കൂബര്‍ പെഡി എന്ന പ്രദേശത്തേക്കാണ് രാരിയും നിക്സണും യാത്രതിരിച്ചത്. ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ഈ സമതലം അറിയപ്പെടുന്നത് മൂണ്‍ പ്ലെയിന്‍ അഥവാ ചാന്ദ്ര സമതലം എന്നാണ്. ഈ പ്രദേശത്തിനു കാഴ്ചയില്‍ ഒരു അന്യഗ്രത്തിന്‍റെ ഛായയുള്ളതിനാലാണ് ഈ പേരു നല്‍കിയത്. ഈ സമതലത്തിലെ വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയിലാണ് സാധാരണയായി ഇന്‍ലന്‍ഡ് തായ്പനുകളെ കാണാന്‍ സാധിക്കുക. എന്നാല്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ വണ്ടിയോടിച്ചെത്തി മൂന്നു ദിവസത്തോളം പ്രദേശത്താകെ തെരഞ്ഞെങ്കിലും ഒരു പാമ്പിനെ പോലും കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

46 ഡിഗ്രി സെല്‍ഷ്യസ്‍ വരെ ഉയരുന്ന ചൂടിലായിരുന്നു പാമ്പിനെ തേടിയുള്ള നടത്തമെന്നതിനാല്‍ മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും ഇരുവരും തളര്‍ന്നു. ഒടുവില്‍ പാമ്പിനെ കാണാന്‍ കഴിയില്ലെന്നുറപ്പിച്ച് തിരികെ പോകാനും തീരുമാനിച്ചു. ഇരുവരും താല്‍ക്കാലിക ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനിടെയാണ് ഒരു അദ്ഭുതം സംഭവിച്ചത്. ഏതാണ്ട് 10 മീറ്റര്‍ അരികെയായി നീളമുള്ള ഒരു പാമ്പ്. ഈ മേഖലയില്‍ മറ്റു പാമ്പുകളില്ലെന്നതിനാല്‍ അത് ഇന്‍ലന്‍ഡ് തായ്പന്‍ തന്നെയാണെന്ന് ഇരുവരും ഉറപ്പിച്ചു. വൈകാതെ അടുത്തു ചെന്നു പാമ്പിന സൂക്ഷ്മമായി നിരീക്ഷിക്കാനും തുടങ്ങി.

വിഷത്തിന്‍റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും ഇന്‍ലന്‍ഡ് തായ്പന്‍ ആക്രമിക്കാനൊന്നും തുനിഞ്ഞില്ലെന്ന് ഇരുവരും വ്യക്തമാക്കി. സ്വന്തം അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയ രണ്ടു പേരെ പ്രതിരോധിക്കുന്ന മട്ടിലായിരുന്നു പാമ്പിന്‍റെ പെരുമാറ്റം. സുരക്ഷിതമായ അകലത്തിൽ നിന്നായിരുന്നു ഇരുവരുടെയും നിരീക്ഷണം. പൊതുവെ നാണം കുണുങ്ങികളായ പാമ്പുകളെന്നാണ് ഇന്‍ലന്‍ഡ് തായ്പനുകള്‍ അറിയപ്പെടുന്നതും.

മണ്ണിനടിയില്‍ താമസം

കൊടും ചൂടായിതാനാലാകും പകല്‍ സമയത്തെ തിരച്ചിലില്‍ ഇന്‍ലന്‍ഡ് തായ്പനുകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാതെ വന്നതെന്നാണ് നിക്സണ്‍ ഊഹിക്കുന്നത്. തണുപ്പും ഈര്‍പ്പവും തേടി മണ്‍കട്ടകള്‍ക്കടിയിലാണ് ഇവ കഴിയുക. കൂടാതെ മണ്ണിനടിയില്‍ കഴിയുന്ന എലികളും മറ്റു ജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം. ഇരകള്‍ക്കെതിരെ പ്രയോഗിക്കുന്ന വിഷത്തെ അടിസ്ഥാനമാക്കിയാണ് ഇവയുടെ വിഷത്തിന്‍റെ വീര്യം നിര്‍ണയിച്ചത്. മനുഷ്യവാസമില്ലാത്ത പ്രദേശത്താണ് ഇവ കൂടുതലും കാണപ്പെടുന്നത് എന്നതിനാല്‍ ഇവയുടെ ആവാസ മേഖലയില്‍ വച്ച് മനുഷ്യര്‍ക്കിതു വരെ കടിയേറ്റിട്ടില്ല. 

Inland Taipan

കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും ഇവയുടെ എണ്ണം ഇപ്പോഴും ആരോഗ്യകരമായ നിലയിലാണെന്നു ജന്തുശാസ്ത്രജ്ഞര്‍ പറയുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലും മറ്റും അതിനാല്‍ തന്നെ ഇന്‍ലന്‍ഡ് തായ്പനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയുടെ ആവാസമേഖല മനുഷ്യന് ഉപയോഗ ശൂന്യമായതിനാല്‍ മനുഷ്യരില്‍ നിന്നുള്ള ഭീഷണിയും ഇവക്ക് സാരമായി നേരിടേണ്ടി വന്നിട്ടില്ല.

ഇന്‍ലൻഡ് തായ്പനുകളെ കുറിച്ചുള്ള കെട്ടുകഥകള്‍

വീര്യമേറിയ വിഷമുള്ള പാമ്പായതിനാല്‍ തന്നെ ഇന്‍ലന്‍ഡ് തായ്പനെ കുറിച്ചുള്ള കെട്ടുകഥകളും നിരവധിയായിരുന്നു എന്നു ഡേവിഡ് നിക്സണ്‍ പറയുന്നു. തായ്പന്‍ പാമ്പിന്‍റെ നാക്ക് കൊണ്ടാല്‍ തന്നെ വിഷം മനുഷ്യരില്‍ കടക്കുമെന്നും അവര്‍ മരിക്കുമെന്നും വരെ വിശ്വാസങ്ങളുണ്ടായിരുന്നു. ഇതു തെറ്റാണെന്നു തെളിയിക്കാന്‍ അന്തരിച്ച ജന്തുശാസ്ത്രജ്ഞന്‍ സ്റ്റീവ് ഇര്‍വിന്‍ ഒരിക്കല്‍ തന്‍റെ മുഖത്ത് ഇന്‍ലന്‍ഡ് തായ്പന്‍റെ നാക്ക് മുട്ടിച്ച കാര്യവും ഡേവിഡ് നിക്സണ്‍ ഓര്‍ക്കുന്നു. 15 മിനിട്ട് നേരത്തെ തന്‍റെ അനുഭവത്തിലും ഇന്‍ലന്‍ഡ് തായ്പന്‍ ആക്രമണകാരിയല്ലാത്ത ഒരു പാമ്പായാണ് തോന്നിയതെന്നും ഡേവിഡ് നിക്സണ്‍ വ്യക്തമാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA