sections
MORE

പഴയ ബസുകള്‍ ഇപ്പോൾ വൃത്തിയുള്ള വനിതാ ടോയ്‌ലറ്റുകൾ; ആ ‘ശങ്ക’ മാറ്റി പൂനെ!

 Old Buses Into Clean Toilets
Image Credit: Facebook
SHARE

ഇന്ത്യയിലെ ഏതു മഹാനഗരത്തിലായാലും ചെറുപട്ടണത്തിലായാലും വൃത്തിയുള്ള പൊതു ടോയ്‌ലറ്റുകള്‍ കണ്ടെത്തുക പ്രയാസമാണ്. സാമൂഹികപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനത്തു പോലും ഇതാണവസ്ഥ. അതുകൊണ്ട് തന്നെ ഇക്കാരത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്. പുരുഷന്‍മാര്‍ മതിലിന്‍റെയോ മരത്തിന്‍റെയോ മറവില്‍ കാര്യം സാധിക്കുമ്പോള്‍ മൂത്രം അടക്കിപ്പിടിച്ച് രോഗം വരെ പിടിപെടുന്നുണ്ട് സ്ത്രീകള്‍ക്ക്.‍

ഇതു മാത്രമല്ല പൊതു സ്ഥലത്തെ മൂത്രവിസര്‍ജനം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രത്യാഘാതവും വേറെയും. അതിനാൽ വൃത്തിയുള്ള ടോയ്‌ലറ്റുകളെന്നതു സമൂഹത്തിന്‍റെ ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യവുമാണ്. അത് പോലെയതന്നെയാണ് വിഭവങ്ങളുടെ പുനരുപയോഗവും. ഇതു രണ്ടും ഒരുമിച്ചു നിര്‍വഹിക്കുകയാണ് പൂനെയിലെ സാറാ പ്ലാസ്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ്.

ടോയ്‌ലറ്റ് ബസുകള്‍

പൂനയിലെ തിരക്കേറിയ പ്രദേശങ്ങളില്‍ പലയിടത്തും ഇന്നു സഞ്ചരിക്കുന്ന ടോയ്‌ലറ്റുകളുണ്ട്. വൃത്തിയുള്ളതും വിശാലമായതുമായ ടോയ്‌ലറ്റുകള്‍. ഇന്ത്യന്‍ രീതിയിലുള്ളതും പാശ്ചാത്യ രീതിയിലുള്ളതുമായ ടോയ്‌ലറ്റുകളും ഇതിനു പുറമെ വാഷ്ബെയ്സനും സാനിറ്ററി പാ‍ഡ് നിക്ഷേപിക്കാനുള്ള സൗകര്യവും ഇത്തരം ബസുകളില്‍ ഒരുക്കിയിട്ടുണ്ട്. സാനിറ്ററി നാപ്കിനുകള്‍ ബസില്‍ നിന്നു തന്നെ പണം നല്‍കി വാങ്ങാനും കഴിയും. ഇങ്ങനെ അടിസ്ഥാനപരമായ പല ആവശ്യങ്ങളിലും സ്ത്രീകള്‍ക്ക് സഹായം നല്‍കുക കൂടി ചെയ്യുന്നവയാണ് ഇത്തരം ടോയ്‌ലറ്റ് ബസുകള്‍.

ഉല്‍ക്ക സഡാല്‍ക്കര്‍, രാജിവ് ഖേര്‍ എന്നിവരാണ് ടോയ്‌ലറ്റ് ബസ് എന്ന ആശയത്തിനു പിന്നില്‍. യൂറോപ്പിലും മറ്റും അശരണരായവര്‍ക്കുള്ള ടോയ്‌ലറ്റാക്കി ബസുകളെ മാറ്റുന്നത് വായിച്ചറിഞ്ഞാണ് ഇരുവരും ഇതു പൂനെയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. 2014 ല്‍ ആശയം പ്രാവര്‍ത്തികമാക്കാനാരംഭിച്ച ശ്രമം വിജയം കണ്ടത്‍ 2016 ലാണ് ബസുകള്‍ ലഭിക്കുന്നതിനും അവ രൂപം മാറ്റം വരുത്തുന്നതിനും വേണ്ടിവന്നതിലും പല ഇരട്ടി സമയമാണ് ഈ പദ്ധതിയുടെ അനുമതിക്കു വേണ്ടിവന്നത്. പല തവണ സമീപിച്ച ശേഷമാണ് ബസ്സ് ടോയ്‌ലറ്റ് എന്ന ആശയം നഗരസഭയില്‍ അംഗീകരിക്കപ്പെട്ടത്. 

 Old Buses Into Clean Toilets
Image Credit: Facebook

ഉപയോഗത്തിലില്ലാത്തതും കാലഹരണപ്പെട്ടതുമായ ബസുകളാണ് പുതുക്കിയെടുത്ത് ടോയ്‌ലറ്റിനു വേണ്ടി  മാറ്റിയെടുക്കുന്നത്. ബസില്‍ തന്നെയുള്ള ടാങ്കുകളിലേക്കാണ് മാലിന്യങ്ങള്‍ ശേഖരിക്കപ്പെടുക. പിന്നീട് ഇവ കൃത്യമായി സംസ്കരിക്കും. ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് ഒരാളില്‍ നിന്ന് അഞ്ച് രൂപയാണ് നിലവില്‍ ഈടാക്കുന്നത്. ദിവസേന ഒരു ബസ് ടോയ്‌ലറ്റില്‍ 150 സ്ത്രീകള്‍ ശരാശരി എത്താറുണ്ടെന്നു നിര്‍മാതാക്കള്‍ പറയുന്നു. ബസുകള്‍ ഓടിക്കാൻ സാധിക്കുമെങ്കിലും ഇതുവരെ സ്ഥിരമായി ഒരേ സ്ഥലത്തു തന്നെയാണ് ബസ് ടോയ്‌ലറ്റുകള്‍ തുടരുന്നത്. സ്ഥിരമായി സ്ഥാനം മാറ്റിയാല്‍ ടോയ്‌ലറ്റുകൾ കണ്ടെത്തുന്നതില്‍ സ്ത്രീകള്‍ക്കു ബുദ്ധിമുട്ട് നേരിടുന്നതിനാലാണിത്.

നന്ദി പറയുന്ന സ്ത്രീകള്‍

2016 ല്‍ "തി" എന്ന പേരിലാണ് ഈ പദ്ധതി ആരംഭിച്ചത്. "തി" എന്നാല്‍ മറാഠയില്‍ സ്ത്രീ എന്നാണ് അര്‍ത്ഥം. തുടങ്ങി രണ്ടര വര്‍ഷം പിന്നിട്ടിട്ടും വൃത്തിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് സ്റ്റാര്‍ട്ടപ്പിന്റെ നടത്തിപ്പുകാരില്‍ ഒരാളായ ഉല്‍ക്ക പറയുന്നു. പൂനയിലെ തിരക്കുള്ള പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് ഉപയോഗ യോഗ്യമായ ടോയ്‌ലറ്റുകള്‍ ഉണ്ടായിരുന്നില്ല. ഇത്തരം 11 സ്ഥലങ്ങള്‍ തിരഞ്ഞെടുത്താണ് ബസ് ടോയ്‌ലറ്റുകള്‍ ഇപ്പോള്‍ പാര്‍ക്കു ചെയ്തിരിക്കുന്നതെന്നും ഉല്‍ക്ക വ്യക്തമാക്കി.

കൂടുതല്‍ പഴയ ബസ്സുകള്‍ ലഭിക്കുന്ന മുറയ്ക്ക് മറ്റു സ്ഥലങ്ങളിലേക്കു കൂടി ടോയ്‌ലറ്റുകള്‍ എത്തിക്കാനാണ് താരുമാനം. നിലവില്‍ രണ്ട് ബസുകള്‍ കൂടി ടോയ്‌ലറ്റുകളാക്കി മാറ്റാനുള്ള പണി പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ പൂനയില്‍ ആകെ 13 സ്ഥലത്ത് വനിതാ ബസ് ടോയ്‌ലറ്റുകള്‍ ലഭ്യമാക്കാനാകും. ജോലിക്കു പോകുന്ന സ്ത്രീകളുള്‍പ്പടെയുള്ളവരുടെ പ്രതികരണം വളരെ മികച്ചതാണ്. പലരും ഇത്തരമൊരു പദ്ധതി ആരംഭിച്ചതിന് നന്ദി പറയുന്നു. താഴ്ന്ന വരുമാനമുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെങ്കിലും ടോയ്‌ലറ്റുകളിലെ ശുചിത്വവും മറ്റും വ്യക്തമായതോടെ ഇപ്പോള്‍ എല്ലാവരും ബസ് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉല്‍ക്ക വിശദീകരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA