ADVERTISEMENT

സാധാരണ അമേരിക്കയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ലോകമെമ്പാടും ചെല്ലുന്നതായി ഹോളിവുഡ് സിനിമകളില്‍ കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു സംഘം പ്രത്യേക രക്ഷാദൗത്യത്തിനായി അമേരിക്കയില്‍ പറന്നിറങ്ങിയിരിക്കുകയാണ്. കാനഡയില്‍ നിന്നുള്ള നാല് ചെന്നായ്ക്കളെയാണ്  മിഷിഗണിലെ ഐസല്‍ റോയല്‍ പാര്‍ക്കിലേക്കു ഹെലികോപ്റ്ററിലെത്തിച്ചത്. ഏതാണ്ട് 2300 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള ദ്വീപ് സമാനമായ ഈ വനമേഖലയിലെ മൂസ് എന്ന മാന്‍ വര്‍ഗത്തില്‍ പെട്ട ജീവികളെ നിയന്ത്രിക്കുകയെന്നതാണ് ഇവയുടെ ദൗത്യം.

മൂസുകളുടെ ജനസംഖ്യാ വിസ്ഫോടനം

കാര്യമായ എതിരാളികളില്ലാതെ വന്നാല്‍ ഏതൊരു ജീവിയും പെറ്റുപെരുകും. ഏതെങ്കിലും ഒരു ജീവിയുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നാല്‍ അത് ആ പ്രദേശത്തെ ആവാസവ്യവസ്ഥയേയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയേയും ബാധിക്കും. ഇതുതന്നെയാണ് ഐസല്‍ റോയല്‍ പാര്‍ക്കിലും സംഭവിച്ചത്ത്. മൂസുകള്‍ പെറ്റുപെരുകിയതോടെ ഈ ജീവികള്‍ പ്രദേശത്തെ സസ്യസമ്പത്തിനു വലിയ ഭീഷണിയായി തീർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാനഡയില്‍ നിന്നുള്ള നാല് ചെന്നായ്ക്കളെ ഇവിടേക്ക് എത്തിച്ചിരിക്കുന്നത്.

സെപ്റ്റംബറില്‍ രണ്ട് ചെന്നായ്ക്കളെ ഈ മേഖലയിലേക്ക് ആദ്യമെത്തിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ നാല് ചെന്നായ്ക്കളെ കൂടി തുറന്നു വിട്ടിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി 24 ചെന്നായ്ക്കളെ ഈ പ്രദേശത്തു തുറന്നു വിടാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഒരു പെണ്‍ ചെന്നായയേയും മൂന്ന് ആണ്‍ ചെന്നായ്ക്കളെയുമാണ് ഇപ്പോള്‍ തുറന്നു വിട്ടിരിക്കുന്നത്. ഓരോ ആണ്‍ പെണ്‍ ചെന്നായ്ക്കളെ വീതമാണ് സെപ്റ്റംബറില്‍ ഈ വനപ്രദേശത്തേക്കെത്തിച്ചിരുന്നത്.

157583738

മിഷിഗണിലെ ചെന്നായ്ക്കള്‍ക്ക് എന്ത് സംഭവിച്ചു. ?

നാലു വശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപ് സമാനമായാണ് ഐസല്‍ ദേശിയപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ശൈത്യകാലത്ത് ഈ പാര്‍ക്കില്‍നിന്നും പുറം ലോകവുമായി ബന്ധപ്പെടാന്‍  മഞ്ഞു പാളികള്‍ സഹായകമാകുമായിരുന്നു. ഈ വഴി പുറത്തെ കാടുകളില്‍ നിന്ന് ചെന്നായ്ക്കളെത്തുകയും ചെയ്തിരുന്നു. ഇവ വേട്ടയാടി ഐസല്‍ ദേശീയ പാര്‍ക്കിലെ മൂസുകളുടെ എണ്ണത്തെ നിയന്ത്രിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ നദിക്കു കുറുകെ രൂപപ്പെടുന്ന മഞ്ഞുപാളികളുടെ എണ്ണം കുറഞ്ഞു. ഇതോടെ ഐസല്‍ പാര്‍ക്കിലേക്കുള്ള ചെന്നായ്ക്കളുടെ വരവും ഇല്ലാതായി.

1980 കളില്‍ അന്‍പതു ചെന്നായ്ക്കള്‍ വരെ ശൈത്യകാലത്ത് ഈ ദേശീയപാര്‍ക്കിലേക്കെത്തിയിരുന്നു. എന്നാല്‍ 2016 ആയപ്പോള്‍ ഇത് വെറും രണ്ടെണ്ണമായി ചുരുങ്ങി. മഞ്ഞുപാളികളുടെ അളവ് കുറഞ്ഞതോടെ നദി കടക്കാനുള്ള മാര്‍ഗവും ചുരുങ്ങിയതാണ് ചെന്നായ്ക്കളുടെ വരവിനെ തടഞ്ഞത്. ചെന്നായ്ക്കളുടെ വരവിലുണ്ടായ കുറവനുസരിച്ച് മൂസുകളുടെ എണ്ണം വർധിക്കുകയും ചെയ്തു. ഇതാണ് ചെന്നായ്ക്കളെ മൂസ് മിഷനു വേണ്ടി കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ കാരണമായത്.

ചെന്നായ്ക്കളുടെ യാത്ര

മിഷഗണിലേക്കെത്തിക്കാന്‍ യോഗ്യരായ ചെന്നായ്ക്കളെ കണ്ടെത്തുക അല്‍പം വിഷമം പിടിച്ച പണിയായിരുന്നുവെന്ന് ഈ പദ്ധതിക്കു നേതൃത്വം നല്‍കിയ മിഷിഗണ്‍ സര്‍വകലാശാല ഗവേഷകനായ ജോണ്‍ വ്യൂസിച്ച് പറയുന്നു. കാരണം പലപ്പോഴും പിടികൂടുന്ന ചെന്നായ്ക്കള്‍ ഒരുപാട് ചെറുപ്പമോ, പ്രായമായതോ അല്ലെങ്കില്‍ ഗര്‍ഭിണികളോ ആയിരുന്നു. അല്ലെങ്കില്‍ ചെന്നായ്ക്കളെ പിടികൂടുന്നതിനിടയില്‍ അവയ്ക്ക് പരിക്കു പറ്റിയിരുന്നു. ഈ പ്രശ്നങ്ങളെല്ലാം തരണം ചെയ്താണ് ആരോഗ്യമുള്ള പ്രാപ്തരായ ചെന്നായ്ക്കളെ കണ്ടെത്തിയത്. അതുകൊണ്ടാണ് 2016 ല്‍ വിഭാവനം ചെയ്ത പദ്ധതി ആരംഭിക്കാന്‍ രണ്ട് വര്‍ഷത്തിലേറെ സമയമെടുത്തതെന്നും ജോണ്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com