ADVERTISEMENT

2017ലാണ് ‘ജിയോസ്റ്റോം’ എന്ന സിനിമയിറങ്ങുന്നത്. ലോകാവസാന സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നായിരുന്നു ചിത്രം. സൂനാമിയും കൊടുങ്കാറ്റും ചുഴലിക്കാറ്റും പ്രളയവും കൊടുംമഞ്ഞുമെല്ലാം വന്നു സകലതിനെയും തച്ചുതകര്‍ക്കുന്നതാണു സിനിമയുടെ കഥ. അതിനു കാരണമായതാകട്ടെ ലോകത്തെ രക്ഷിക്കാൻ നടത്തിയ ഒരു പരീക്ഷണവും. രക്ഷിക്കാൻ നോക്കി ഒടുവിൽ ശിക്ഷ വിധിച്ച ആ പരീക്ഷണത്തിലെ വില്ലന്മാർ കാലാവസ്ഥയെ നിയന്ത്രിക്കുന്ന കൃത്രിമ ഉപഗ്രങ്ങളായിരുന്നു. 

ലോകമെമ്പാടും പ്രകൃതിദുരന്തങ്ങള്‍ തുടർക്കഥയായപ്പോഴാണ് ഗവേഷകർ കാലാവസ്ഥയെ നിയന്ത്രിക്കാന്‍ സാധിക്കുന്ന സാറ്റലൈറ്റുകളെപ്പറ്റി ആലോചിച്ചത്. ഭൂമിക്കു മുകളിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലിരുന്ന് ഒരു വൻ ഗവേഷക സംഘം കാലാവസ്ഥയെപ്പറ്റി പഠിച്ചു കൊണ്ടേയിരിക്കും. ഏതെങ്കിലും ഒരു പ്രദേശത്തെ തകർക്കും വിധം മഴമേഘങ്ങൾ ഉരുണ്ടുകൂടുകയാണെന്നു ബോധ്യപ്പെട്ടാൽ പ്രത്യേകതരം ഉപകരണങ്ങൾ വഴി മേഘങ്ങളെ ‘ബോംബിട്ടു’ നശിപ്പിക്കും. അതോടെ മഴമേഘങ്ങൾ പോകും, പ്രദേശം രക്ഷപ്പെടും. കാലാവസ്ഥയെ വളരെ കരുതലോടെ നിയന്ത്രിക്കുന്നതിനിടെ എല്ലാം കൈവിട്ടു പോകുന്നതാണ് ജിയോസ്റ്റോമിന്റെ കഥ. 

അടുത്തിടെ അത്തരമൊരു പരീക്ഷണം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സോളർ എന്‍ജിനീയറിങ് അഥവാ സോളർ റേഡിയേഷൻ മാനേജ്മെന്റ് എന്നതാണു പദ്ധതി. പേരു സൂചിപ്പിക്കും പോലെ സൂര്യനിൽ നിന്നുള്ള വികിരണങ്ങളുടെ നിയന്ത്രണമാണു ലക്ഷ്യം. ഭൗമോപരിതലത്തിൽ സൂര്യകിരണങ്ങൾ പതിക്കുന്നതാണല്ലോ പ്രശ്നം. എന്നാൽപ്പിന്നെ ആ കിരണങ്ങളെ പ്രതിഫലിപ്പിച്ചു തിരികെ അയച്ചാലോ? ഭൂമിയിൽ ചൂടു കുറയും, ആവശ്യത്തിനു തണുപ്പാകും. അത്തരത്തിൽ സൂര്യനുമായുള്ള യുദ്ധമാണ് ജിയോഎൻജിനീയറിങ്ങിന്റെ അടിത്തറ. എന്നാൽ ലോക കാലാവസ്ഥയെ തന്നെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്നു മറുവിഭാഗം വിമർശിക്കുന്നു. ഒരുപക്ഷേ സിനിമയിലേതു പോലെ ലോകാവസാനത്തിലേക്കും വരെ അതു നയിക്കാം. 

എന്തുതന്നെയാണെങ്കിലും ആഗോളതാപനത്തെ പ്രതിരോധിക്കാൻ വിവിധ രാജ്യങ്ങൾ രൂപപ്പെടുത്തിയ പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാക്കത്തയിടത്തോളം കാലം ഇത്തരം ആശയങ്ങൾ മാത്രമാണു മുന്നിലുള്ള വഴിയെന്നു പറയുന്നത് ഹാർവാഡ് സര്‍വകലാശാല ഗവേഷകരാണ്. കൃത്യമായ അളവില്‍ ജിയോ എൻജിനീയറിങ് നടപ്പാക്കിയാൽ ആഗോളതലത്തില്‍ താപനില ഉയരുന്നതിൽ പാതിയെങ്കിലും കുറയ്ക്കാനാകുമെന്നു പറയുന്നു ഇവർ. സൂര്യകിരണങ്ങള്‍ ഭൂമിയിലേക്കു പതിക്കാതെ ‘തിരിച്ചയയ്ക്കുന്നതാണു’ പദ്ധതി. ഇതിനു സഹായിക്കുന്നതാകട്ടെ എയ്റോസോളുകളും. പ്രകൃതിദത്തമായ എയ്റോസോളുകളാണ് പൊടിയും മൂടൽമഞ്ഞുമൊക്കെ. അതായത് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഭാരം കുറഞ്ഞ ഖര–ദ്രാവക പദാർഥങ്ങൾ. 

കൃത്രിമ എയ്റോസോളുകൾ വിമാനങ്ങളിലൂടെ അന്തരീക്ഷത്തിൽ സ്പ്രേ ചെയ്യുകയെന്നതാണ് ജിയോഎൻജിനീയറിങ്ങിലെ രീതി. ഇത് അന്തരീക്ഷത്തിൽ ഒരു അദൃശ്യപാളിയായി നിൽക്കും. നിലവിലെ വിമാനങ്ങൾ വഴി തന്നെ ഇതു ചെയ്യാം. സ്പ്രേ ചെയ്യാൻ പുതിയ സംവിധാനങ്ങൾ കണ്ടെത്താൻ പണം ചെലവാക്കേണ്ടെന്നു ചുരുക്കം. എന്നാൽ എയ്റോസോളിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നതു കൊണ്ടു മാത്രമായില്ല. കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം വൻതോതിൽ കുറയ്ക്കുകയും വേണം. ഇപ്പോഴുള്ളതിനേക്കാൾ പാതിയായെങ്കിലും ബഹിർഗമനം കുറയ്ക്കാതെ ജിയോഎൻജിനീയറിങ് കൊണ്ടു ഫലമുണ്ടാകില്ല. ഈ ലക്ഷ്യം 2030ഓടെയെങ്കിലും നേടണമെന്നും ഗവേഷകർ പറയുന്നു. 

എയ്റോസോള്‍ സ്പ്രേ ചെയ്യുന്നത് ചില പ്രദേശങ്ങളിൽ പെയ്യുന്ന മഴയുടെ അളവിനെ സ്വാധീനിക്കുമെന്നാണു പ്രധാന വിമർശനം. എന്നാൽ ആഗോളതാപനം കാരണമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ നിശ്ചിത ‘ഡോസിൽ’ ജിയോഎൻജിനീയറിങ് പ്രയോഗിച്ചാൽ മതിയെന്നു ഗവേഷകരും. അതിൽ കൂടുതലാകുമ്പോഴാണ് മഴപ്പെയ്ത്തിനെ ഉൾപ്പെടെ ബാധിക്കുന്നത്. എയ്റോസോൾ സ്പ്രേയിങ്ങിലൂടെ തണുപ്പു കുറയ്ക്കാൻ മാത്രമല്ല ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങളുടെ ശക്തി കുറയ്ക്കാനും സാധിക്കും. ജിയോഎൻജിനീയറിങ് ഫലപ്രദമായി നടപ്പാക്കിയാൽ വെറും 0.5 വരുന്ന കരപ്രദേശത്തു മാത്രമേ കാലാവസ്ഥാ പ്രശ്നങ്ങളുണ്ടാകുകയുള്ളൂവെന്നും ഗവേഷകർ പറയുന്നു. വിവിധ കംപ്യൂട്ടർ മോഡലുകൾ അപഗ്രഥിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ആശയക്കുഴപ്പങ്ങൾ അപ്പോഴും ബാക്കിയാണ്. എന്നാൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതു കുറയ്ക്കുകയും ജിയോഎൻജിനീയറിങ്ങും കൂടിയാകുന്നതോടെ ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങൾ കരുതിയതിലും നേരത്തേ കുറയ്ക്കാമെന്നാണ് ഹാർവാഡ് ഗവേഷകരുടെ വാദം. ഗവേഷണം ‘നേച്ചർ ക്ലൈമറ്റ് ചേഞ്ച്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com