ADVERTISEMENT

ലോകത്തെ എല്ലാ പൂമ്പാറ്റകളും ഇവിടേക്കെത്തിയതു പോലെ എന്നാണ് കലിഫോര്‍ണിയയിലെ ഇപ്പോഴത്തെ പൂമ്പാറ്റ കാലത്തെ കുറിച്ച് സന്ദര്‍ശകരിലൊരാള്‍ പറഞ്ഞത്. അമേരിക്കയിലെ മറ്റു പ്രദേശങ്ങളെ വച്ചു നോക്കുമ്പോള്‍ പ്രകൃതി സൗന്ദര്യം അത്രയൊന്നും അവകാശപ്പെടാനില്ലാത്ത മേഖലയാണ് കലിഫോര്‍ണിയ. പ്രധാനമായും വരണ്ട മരുപ്രദേശങ്ങളും കള്ളിമുള്‍ച്ചെടികളും നിറഞ്ഞ ഭൂപ്രകൃതിയാണ് കലിഫോര്‍ണിയയിലേത്. പക്ഷെ ഇത്തവണ എത്തിയ  പൂമ്പാറ്റക്കാലം കലിഫോര്‍ണിയയുടെ ഈ കുറവുകളെല്ലാം നികത്തുന്നതായിരുന്നു.

2005 നു ശേഷം ഇതാദ്യമായാണ് ഇത്ര വലിയ തോതില്‍ പൂമ്പാറ്റകളെ കലിഫോര്‍ണിയ മേഖലയില്‍ കാണപ്പെടുന്നത്. വേനല്‍ക്കാലമാകുമ്പോഴേക്കും വടക്കേ അമേരിക്കയിലേക്കും കാനഡയിലേക്കും നടത്തുന്ന കുടിയേറ്റത്തിന്‍റെ ഭാഗമായാണ് ഈ പൂമ്പാറ്റകളുടെ വരവ്. കലിഫോര്‍ണിയ മരുഭൂമിയില്‍ ഇക്കുറി വ്യാപകമായി പൂക്കള്‍ വിടര്‍ന്നതും പൂമ്പാറ്റകളുടെ ഈ കൂട്ടത്തോടെയുള്ള വരവിനു കാരണമായെന്നാണു കരുതുന്നത്. ഭൂമിയിലെ ചെറുപ്രാണികളുടെ എണ്ണത്തില്‍ വ്യാപകമായ കുറവുണ്ടാകുന്ന ഈ കാലത്ത് പൂമ്പാറ്റകളുടെ ഈ കൂട്ടത്തോടെയുള്ള വരവ് സന്തോഷം നല്‍കുന്നുവെന്നും ഗവേഷകർ വ്യക്തമാക്കുന്നു

painted lady butterfly

അതിഥികളില്‍ വന്ന മാറ്റം

Monarch butterflies

എല്ലാ വര്‍ഷവും അമേരിക്കയുടെ തെക്കന്‍ മേഖലയില്‍ ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ പൂമ്പാറ്റകളെ കൂട്ടത്തോടെ കാണാറുണ്ട്. വേനല്‍ ശക്തമാകുമ്പോഴേക്കും ഇവ യുഎസിന്‍റെ കൂടുതല്‍ വടക്കന്‍ മേഖലയിലേക്കും കാനഡയിലേക്കും യാത്ര ചെയ്യും. സാധാരണ ഗതിയില്‍ മൊണാര്‍ക്ക് ചിത്രശലഭങ്ങളാണ് ഈ വലിയ കുടിയേറ്റത്തില്‍ കൂടുതല്‍ കാണപ്പെടാറുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമെത്തിയ മൊണാര്‍ക്ക് ചിത്രശലഭങ്ങളില്‍ പത്തിലൊന്നു ശതമാനം കുറവുണ്ടായെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വ്യാപകമായ കീടനാശിനിയുടെ ഉപയോഗവും ജൈവവ്യവസ്ഥയിലുണ്ടായ മാറ്റവുമാണ് ചിത്രശലഭങ്ങളുടെ എണ്ണം കുറച്ചതെന്നാണ് ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയത്.

15 വര്‍ഷത്തിനു ശേഷം വീണ്ടും കൂട്ടത്തോടെ 
ചിത്രശലഭങ്ങളെത്തിയെങ്കിലും മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കാര്യമായ വർധനവില്ല. പകരം മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിലെ കുറവ് നികത്തുന്നത് പെയിന്‍റഡ് ലേഡി എന്ന വിഭാഗത്തില്‍ പെട്ട ചിത്രശലഭങ്ങളാണ്. ഇവരും വര്‍ഷാവര്‍ഷം വടക്കേ അമേരിക്കയിലേക്കു കുടിയേറുന്ന ചിത്രശലഭങ്ങളാണ്. ചൂട് വർധിക്കുന്നതിനുസരിച്ച് മെക്സിക്കന്‍ കലിഫോര്‍ണിയന്‍ മരുഭൂമികളില്‍ നിന്നാണ് ഇവ വടക്കേ അമേരിക്കയിലേക്കു കുടിയേറുക. ഇവ പ്യൂപ്പയില്‍ നിന്ന് ചിത്രശലഭമായി മാറുന്നതും ഈ പ്രദേശങ്ങളില്‍ വച്ചു തന്നെയാണ്.

മണിക്കൂറില്‍ ഏതാണ്ട് 40 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാണ് ഈ ചിത്രശലഭങ്ങള്‍ വടക്കന്‍ മേഖലകളിലേക്കു കുടിയേറുക. കലിഫോര്‍ണിയയില്‍ നിന്ന് യാത്ര ആരംഭിച്ചാല്‍ ഈ ചിത്രശലഭങ്ങള്‍ പിന്നെ കാര്യമായി എവിടെയും വിശ്രമിക്കാറില്ല. ഇക്കുറി ഏതാണ്ട 100 കോടി പെയിന്‍റഡ് ലേഡി ചിത്രശലഭങ്ങളെങ്കിലും കലിഫോര്‍ണിയയില്‍ എത്തിയെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതുകൊണ്ട് തന്നെയാണ് 2005 നു ശേഷമുള്ള ഏറ്റവും വലിയ ചിത്രശലഭ കൂട്ടമായി ഈ വര്‍ഷത്തേതിനെ വിലയിരുത്തുന്നതും. 

painted lady butterfly

ശലഭങ്ങളെ സഹായിച്ചത് മഴ

ഇക്കുറി കലിഫോര്‍ണിയ മെക്സിക്കന്‍ മരുഭൂമികളില്‍ നേരത്തെ എത്തിയമഴയാകാം ചിത്രശലഭങ്ങളുടെ എണ്ണം വർധിക്കാന്‍ സഹായിച്ചതെന്നാണു കരുതുന്നത്. സാധാരണ പ്യൂപ്പകളില്‍ ഭൂരിഭാഗവും കൊടും ചൂടു മൂലം വിരിയാതെ പോവുകയാണ് ചെയ്യുക.എന്നാല്‍ ഇക്കുറി മഴ നേരത്തെയെത്തിയത് പ്യൂപ്പകള്‍ വലിയ തോതില്‍ വിരിയാന്‍ സഹായിച്ചു. കൂടാതെ മഴ മൂലം കലിഫോര്‍ണിയ മുഴുവന്‍ ഇക്കുറി പൂച്ചെടികള്‍ നിറഞ്ഞത് ഈ വിരിഞ്ഞ ശലഭങ്ങള്‍ക്ക് ഭക്ഷണം കണ്ടെത്താനും സഹായകമായി. 

ഭാവിയില്‍ ഇത് സാധ്യമോ

ഈ വര്‍ഷം ഉണ്ടായതു പോലൊരു കാഴ്ച ഇനി സാധ്യമായേക്കില്ലെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഈ വര്‍ഷം ഉണ്ടായത് സ്വാഭാവികമായി സംഭവിച്ചതല്ല മറിച്ചു കാലാവസ്ഥാ മാറ്റത്തിന്‍റെ ഭാഗമായി അപ്രതീക്ഷിതമായുണ്ടായ കാര്യമാണ്. അതിനാല്‍ തന്നെ ഇത്തരം അദ്ഭുതങ്ങള്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാനാകില്ല. ശലഭങ്ങളുടെയും ചെറു പ്രാണികളുടെയും എണ്ണത്തില്‍ ലോകമെമ്പാടും വലിയ കുറവുണ്ടായിക്കൊണ്ടിരിക്കുയാണ്. വരും വര്‍ഷങ്ങളില്‍ ഇത്തവണ സംഭവിച്ചത് പോലെ കാലാവസ്ഥ സഹായിച്ചാലും വിരിയാന്‍ ചിത്രശലഭ പ്യൂപ്പകള്‍ ഉണ്ടാകില്ലെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com