sections
MORE

മരുഭൂമിയുടെ നടുവിൽ മരണ താഴ്‌വരയിൽ പ്രത്യക്ഷപ്പെട്ട അദ്ഭുത തടാകം; ദൃശ്യങ്ങൾ!

HIGHLIGHTS
  • ഭൂമിയിലെ ഏറ്റവും ചൂടേറിയ പ്രദേശത്തെ തടാകം
  • ഏകദേശം 16 കിലോമീറ്റര്‍ ചുറ്റളവലാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്
 Lake appears in Death Valley
Image Credit: Instagram
SHARE

കലിഫോര്‍ണിയയിലെ മരണ താഴ്‌വരയെ ഭൂമിയിലെ തന്നെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ മേഖലയായാണു കാണക്കാക്കുന്നത്. വെള്ളം നിറഞ്ഞ ഒരു തടാകം കാണാനാകുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രദേശം. എന്നാല്‍ ഒരാഴ്ച നീണ്ടു നിന്ന കനത്ത മഴയും വെള്ളപ്പൊക്കവും ഇത്തരമൊരു തടാകം ഈ മരുഭൂമിയുടെ നടുവില്‍ സൃഷ്ടിച്ചിരിക്കുകയാണ്. 

യാഥാർഥ്യമാണോ എന്ന് ഒരു നിമിഷം സംശയിപ്പിച്ച കാഴ്ചയായിരുന്നു ഇതെന്നാണു തടാകത്തിന്‍റെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍ പറഞ്ഞത്. ചൂടേറിയ പ്രദേശമായതിനാലും വേനല്‍ക്കാലം ആസന്നമായതിനാലും ഈ തടാകം എത്ര നാള്‍ ഉണ്ടാകുമെന്നുറപ്പില്ല. അതിനാല്‍ തന്നെ ഭാഗ്യം കൊണ്ടാണ് തനിക്ക് ഈ ചിത്രം എടുക്കാന്‍ സാധിച്ചതെന്നും ഫൊട്ടോഗ്രാഫറായ എലിയറ്റ് മഗ്വെകന്‍ പറയുന്നു.

യാദൃശ്ചികമായാണ് ഈ ചിത്രം എലിയറ്റിനു ലഭിച്ചത്. കലിഫോര്‍ണിയയിലെ ബാട് വാട്ടര്‍ ബേസിന്‍ എന്ന മേഖല ലക്ഷ്യമാക്കി യാത്ര തുടങ്ങിയതാണ് എലിയറ്റ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 88 മീറ്റര്‍ താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അമേരിക്കയിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശം. എന്നാല്‍ വെള്ളപ്പൊക്കം മൂലം യാത്ര തടസ്സപ്പെട്ടതോടെ മറ്റൊരു വഴി യാത്ര ചെയ്യവേയാണ് അപ്രതീക്ഷിതമായി ഈ തടാകത്തിനു സമീപം എത്തിപ്പെട്ടത്. 

ഭൂമിയിലെ ഏറ്റവും ചൂടേറിയ പ്രദേശത്തെ തടാകം

ഭൂമിയില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ അന്തരീക്ഷ താപനില അനുഭവപ്പെട്ട പ്രദേശമാണ് കലിഫോര്‍ണിയയിലെ മരണ താഴ്‌വര. 1913 ജൂലൈ 10 ന് ഇവടെ രേഖപ്പെടുത്തിയത് 56.7 ഡിഗ്രി സെല്‍ഷ്യസാണ്. ഭൂമിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതല താപനില അഥവാ ഗ്രൗണ്ട് ടെംപറേച്ചര്‍ രേഖപ്പെടുത്തിയതും ഇവിടെ തന്നെയാണ്. 1972 ജൂലൈ 15 ന് 93.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ ഭൂമിയുടെ പ്രതലത്തില്‍ അനുഭവപ്പെട്ട ചൂട്. അതുകൊണ്ടു തന്നെ ഫര്‍ണസ് ക്രീക്ക് എന്ന പേരു കൂടിയുണ്ട് ഈ മരണ താഴ്‌വരയ്ക്ക്. ഇതു മാത്രമല്ല ഏറ്റവും ചൂടേറിയ മാസം രേഖപ്പെടുത്തിയതും ഇവിടെയാണ്. 2018 ജൂലൈയിലെ ഇവിടുത്തെ ശരാശരി താപനില 42.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. രാത്രിയില്‍ തണുപ്പ് അനുഭവപ്പെടുന്ന മരുഭൂമിയിലെ ആ സമയത്തെ താപനില കൂടി കണക്കിലെടുത്ത ശേഷമാണ് ഈ ശരാശരി എന്നോര്‍ക്കണം.

ഇങ്ങനെയുള്ള മരണ താഴ്‌വരയിലാണ് ഒരാഴ്ച പെയ്ത മഴയില്‍ തടാകം രൂപപ്പെട്ടതെന്നതാണ് സന്തോഷവും അദ്ഭുതവും ഉളവാക്കുന്ന കാര്യം. ഈ മേഖലയിലെ മണ്ണ് ഉറച്ചതും അസാധാരണമായി വരണ്ടതുമാണെന്ന് ഭൗമശാസ്ത്രജ്ഞനായ ടെറി ലെഡിക്കോസ് പറയുന്നു. അതുകൊണ്ട് തന്നെ കോണ്‍ക്രീറ്റില്‍ വെള്ളം ഒഴിക്കുന്നതു പോലെയാണ് ഇവിടെ മഴ പെയ്താൽ. വെള്ളം ഭൂമിയിലേക്കു താഴുന്നത് ഏറ്റവും കുറഞ്ഞ വേഗതയിലാണെങ്കിലും സൂര്യതാപം മൂലം അതിവേഗത്തില്‍ നീരാവിയായി പോകും. അതുകൊണ്ട് തന്നെയാണ് എത്ര നാള്‍ ഈ തടാകത്തിന് ആയുസ്സുണ്ടാകും എന്നു സംശയിക്കുന്നതും.

അസാധാരണമായി പെയ്ത മഴ

7.6മില്ലീമീറ്റര്‍ മഴയാണ് ഫര്‍ണസ് ക്രീക്കില്‍ മാര്‍ച്ചില്‍ ശരാശരി ലഭിക്കാറുള്ളത്. എന്നാല്‍ ഈ മാസം ഇതുവരെ ലഭിച്ചത് 31 മില്ലി മീറ്റര്‍ മഴയാണ്. അതായത് മാസം പകുതിയായപ്പോള്‍ തന്നെ സാധാരണയിലും നാലിരട്ടിയിലധികം മഴ. ഇതില്‍ 22 മില്ലി മീറ്റര്‍ മഴ പെയ്തത് 24 മണിക്കൂറിനിടെ ആണ്. ഇതു കൂടാതെ മരുഭൂമിക്ക് ചുറ്റുമുള്ള മലനിരകളില്‍ പെയ്തത് 38 മില്ലീമീറ്റര്‍ മഴയാണ്. ഈ വെള്ളവും സ്വാഭാവികമായി ഒഴുകിയെത്തുക മരുഭൂമിയിലേക്കാണ്.  ഇതെല്ലാം കൂടി ചേര്‍ന്നാണ് കലിഫോര്‍ണിയയിലെ തടാകത്തിനു രൂപം നല്‍കിയതും. വരണ്ട പ്രതലമുള്ള കലിഫോര്‍ണിയ മരുഭൂമിയില്‍ ചെറിയ മഴ പെയ്താലും വെള്ളം കെട്ടി കിടക്കും. അങ്ങനെയിരിക്കെ ഇത്ര വലിയ മഴ പെയ്താല്‍ തടാകമുണ്ടാകുക സ്വാഭാവികമാണെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. 

തടാകത്തിന്‍റെ കൃത്യമായ അളവ് ലഭ്യമല്ലെങ്കിലും ഏകദേശം 16 കിലോമീറ്റര്‍ ചുറ്റളവ് ഇതിനുണ്ടെന്നാണു കണക്കാക്കുന്നത്. പക്ഷെ മഴ പെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍തന്നെ തടാകത്തിന്‍റെ വലുപ്പം കുറഞ്ഞു വരുന്നുണ്ടെന്നു കലിഫോര്‍ണിയ ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് സര്‍വീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA