ADVERTISEMENT

മറ്റ് സമുദ്രജീവികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ തിമിംഗല വര്‍ഗത്തിലെ വ്യത്യസ്ത ഇനങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്. അത് കൊണ്ടു തന്നെ തിമിംഗലങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രമേഖലയ്ക്ക് ഒരു പുതിയ തിമിംഗല വിഭാഗത്തെ കണ്ടെത്തുകയെന്നത് അദ്ഭുതകരമായ വാര്‍ത്തയാണ്. ഇതേ അദ്ഭുതം തന്നെയാണ് 2015 ല്‍ സാല്‍വതോർ സേർഷിയോ എന്ന ഗവേഷകന് പുതിയ തിമിംഗല വിഭാഗത്തെ കണ്ടെത്തിയപ്പോഴുമുണ്ടായത്. ഇപ്പോള്‍ ഈ തിമിംഗലങ്ങളെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ശേഖരിച്ചു പഠനം പൂര്‍ത്തിയാക്കിയ  ഇവയ്ക്ക് ഒരു പേരും നല്‍കി.

ഒമുറാസ് തിമിംഗലങ്ങള്‍

ജപ്പാനിലെ പ്രമുഖ തിമിംഗലഗവേഷകനായ ഹിഡിയോ ഒമുറായുടെ പേരില്‍ നിന്നാണ് ഒമുറാസ് എന്ന പേര് സാല്‍വതോർ സേർഷിയോ കണ്ടെത്തിയത്. 2015 മുതല്‍ 2018 വരെയുള്ള മൂന്ന് വര്‍ഷ കാലയളവിലാണ് പുതിയ തിമിംഗല വിഭാഗത്തെക്കുറിച്ചുള്ള പഠനം സാല്‍വതോർ സേർഷിയോ പൂര്‍ത്തിയാക്കിയത്. ഈ കാലഘട്ടത്തില്‍ ഇവയുടെ ഭക്ഷണ രീതിയും വാസസ്ഥലവും മുതല്‍ സഞ്ചാരപാതയും പ്രജനന സമയവും വരെ സാല്‍വതോർ സേർഷിയോ നിരീക്ഷണത്തിലൂടെ മനസ്സിലാക്കി. ഇതുവരെ തിരിച്ചറിയാത്തതും അപൂര്‍വമായി മാത്രം കാണപ്പെടുന്നതുമായ ഈ തിമിംഗലങ്ങള്‍ പക്ഷെ ഭൂമധ്യരേഖാമേഖലയില്‍ സമുദ്രഭാഗത്ത് ധാരാളമായുണ്ട് എന്ന് സാല്‍വതോർ സേർഷിയോ പറയുന്നു. അറ്റ്ലാന്‍റിക്, പസിഫിക്, ഇന്ത്യന്‍ തുടങ്ങി എല്ലാ മഹാസമുദ്രങ്ങളിലും ഒമുറ തിമിംഗലങ്ങളുടെ സാന്നിധ്യമുണ്ടെന്നും സാല്‍വതോർ സേർഷിയോ കണ്ടെത്തി.

ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് അക്വേറിയത്തിലെ ഗവേഷകനാണ് സാല്‍വതോർ സേർഷിയോ. വര്‍ഷങ്ങളായി സേർഷിയോയുടെ പ്രവര്‍ത്തന മേഖല മഡഗാസ്കറാണ്. മഡഗാസ്കറിലെ സമുദ്രമേഖല കേന്ദ്രീകരിച്ചുള്ള പഠനത്തിലാണ് പുതിയ തിമിംഗല വര്‍ഗത്തെ സേർഷിയോയിക്ക് കണ്ടെത്താനായതും. മഡഗാസ്കറിന്‍റെ വടക്കുകിഴക്കന്‍ മേഖലയിലാണ് ഒമുറാ തിമിംലങ്ങലളെ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍, ബ്രസീല്‍, ഓസ്ട്രേലിയ, ഇന്തോനീഷ്യ എന്നിവിടങ്ങളിലെല്ലാം ഒമുറാസുകളെ കണ്ടെത്തി.

95 സ്ഥലങ്ങളിലായി ഇതുവരെ 161 ഒമുറ തിമിംഗലങ്ങളെ കണ്ടു എന്നാണ് സേർഷിയോ തന്‍റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. വിഡിയോകളും ശബ്ദരേഖകളും ഫൊട്ടോഗ്രാഫുകളുമെല്ലാം ഉപയോഗിച്ചാണ് സേർഷിയോ ഇത്രയും തിമിംഗലങ്ങളെ തിരിച്ചറിഞ്ഞത്. സമുദ്രത്തെക്കുറിച്ച് എത്ര കുറച്ചു മാത്രമാണ് മനുഷ്യര്‍ മനസ്സിലാക്കിയിരിക്കുന്നതെന്നത് വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് മുതിര്‍ന്ന സമുദ്ര ഗവേഷകനായ ക്രിസ്റ്റഫര്‍ ക്ലാര്‍ക്ക് പറയുന്നു. റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സാങ്കേതി സൗകര്യങ്ങള്‍ വർധിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍ അദ്ഭുതപ്പെടുത്തുന്ന പല കണ്ടെത്തലുകളും ഉണ്ടായേക്കാമെന്നും ക്രിസ്റ്റഫര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 

Omuras

തിരിച്ചറിയാന്‍ സഹായിച്ചത് ശബ്ദരേഖകള്‍

ബലീന്‍ തിമിംഗലങ്ങളുടെ ഉപവിഭാഗമാണ് ഒമുറാസ് തിമിംഗലങ്ങള്‍. ഇവ പുറപ്പെടുവിക്കുന്ന ശബ്ദത്തിലെ വ്യത്യാസമാണ് ഒമുറാ തിമിംഗലങ്ങള്‍ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമാണെന്നു തിരിച്ചറിയാന്‍ കാരണമായത്. തുടര്‍ന്ന് നടന്ന പഠനങ്ങളില്‍ ജനിതകപരമായ വ്യത്യാസങ്ങളും ഇവയില്‍ കണ്ടെത്തി. സാധാരണ തിമിംഗലങ്ങളില്‍ നിന്നും തീരെ താഴ്ന്ന ഫ്രീക്വന്‍സിയിലാണ് ഒമുറാസ് തിമിംഗലങ്ങളുടെ ശബ്ദമെന്ന് സേർഷിയോ പറയുന്നു. വെള്ളത്തിനടിയില്‍ നീന്തിയെത്തി ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാലെ ഇവ പതിയൂ. മിക്കപ്പോഴും പ്രത്യേക താളത്തില്‍പാട്ടു പാടുന്ന പോലെയാകും ഇവയുടെ ശബ്ദം കേള്‍ക്കുക.

മുന്‍പും ഈ തിമിംഗലങ്ങളുടെ ശബ്ദം പലരും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാകാം എന്ന് സേർഷിയോ വ്യക്തമാക്കി. ഡോ. ക്ലാര്‍ക്കും ഇക്കാര്യം ശരിവയ്ക്കുന്നു. തിമിംഗലങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പഠനം നടത്തുന്നതില്‍ വിദഗ്ധനാണ് ക്രിസ്റ്റഫര്‍ ക്ലാര്‍ക്ക്. തന്‍റെ ശേഖരത്തില്‍ ഈ തിമിംഗലങ്ങളുടെ ശബ്ദങ്ങള്‍ ഉണ്ടെന്നു ക്ലാര്‍ക്ക് പറയുന്നു. പക്ഷെ ഇവയുടെ ശബ്ദത്തിന് മറ്റൊരു തിമിംഗല വര്‍ഗമായ ബ്രൈഡ് തിമിംഗലങ്ങളുടെ ശബ്ദവുമായി അസാധാരണമായ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ഈ ശബ്ദങ്ങള്‍ ബ്രൈഡ് തിമിംഗലങ്ങളുടേതാണെന്നാണ് എല്ലാവരും കരുതുക. എന്നാല്‍ ബ്രൈഡ് തിമിംഗലങ്ങളെ അപേക്ഷിച്ച് ബലീന്‍ തിമിംഗലങ്ങളുടെ ശരീരത്തിന്‍റെ വലുപ്പം ചെറുതാണ്. ഇത് മനസ്സിലാക്കിയതാണ് ഒമുറാസ് തിമിംഗലങ്ങള്‍ പ്രത്യേക ഉപവിഭാഗമാണെന്നു കണ്ടെത്താന്‍ സഹായകമായതെന്നു സേർഷിയോ വിശദീകരിച്ചു

2003 ല്‍ ജപ്പാനില്‍ നടന്ന പഠനങ്ങളാണ് ഒമുറാസ് തിമിംഗലങ്ങള്‍ ഒരു പ്രത്യേക ജനുസ്സായിരിക്കാം എന്ന നിഗമനത്തിലെത്തിച്ചത്. 1970 കളില്‍ ജപ്പാന്‍ നടത്തിയ വ്യാപകമായ തിമിംഗല വേട്ടകളില്‍ കൊല്ലപ്പെട്ട ചില തിമിംഗലങ്ങളുടെ സാംപിളുകള്‍ പരിശോധിച്ചതാണ് ഈ നിഗമനത്തില്‍ എത്തിച്ചത്. ഒപ്പം 1998 ല്‍ ജപ്പാന്‍ തീരത്തടിഞ്ഞ ചില തിമിംഗലങ്ങളുടെ രൂപത്തിലുള്ള വ്യത്യാസവും ഈ നിഗമനത്തിലെത്താന്‍ സഹായിച്ചു. വ്യത്യസ്തമായ ജനിതക ഘടനയും മറ്റ് തിമിംഗലങ്ങളില്‍ നിന്നു വ്യത്യസ്തമായ രൂപത്തിലുള്ള തലയോട്ടിയും, ചെറിയ ശരീരവുമാണ് ഈ തിമിംഗലങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ജീവനുള്ള ഇതേ തിമിംഗലത്തെ കണ്ടെത്തി പഠനം നടത്താന്‍ അന്നു സാധിച്ചില്ല. ഈ കുറവാണ് 2015 ല്‍ സേർഷിയോ നികത്തിയതും ഒമുറാസ് തിമിംഗലങ്ങളുടെ കണ്ടെത്തലിലേക്കു നയിച്ചതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com