ADVERTISEMENT

ദക്ഷിണേന്ത്യൻ വനങ്ങളിലെ ഏകീകൃത കഴുകൻ സർവേയ്ക്കു തുടക്കം. തമിഴ്നാട്ടിൽ സർവേ ആരംഭിച്ചു. ഏപ്രിൽ ആദ്യവാരം കേരളത്തിലും കർണാടകയിലും സർവേ തുടങ്ങും.  ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ  സർവേ നടത്താനായിരുന്നു  നേരത്തെ തീരുമാനിച്ചിരുന്നത്. കർണാടകയിലെ  ബന്ദിപ്പൂർ കടുവാസങ്കേതം, നാഗർഹോള ദേശീയോദ്യാനം, തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതം,  വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട്  റേഞ്ച് എന്നിവിടങ്ങളിൽ  തീപിടിത്തമുണ്ടായതിനെ  തുടർന്ന് സർവേ മാറ്റിവയ്ക്കുകയായിരുന്നു.

ദക്ഷിണേന്ത്യൻ വനങ്ങളിൽ, പ്രത്യേകിച്ചും കാട്ടുതീ വൻ നാശം വിതച്ച പ്രദേശങ്ങളിൽ വേനൽമഴ ലഭിച്ചതിനു ശേഷം  സർവേ തീയതി പ്രഖ്യാപിക്കും. വംശനാശ ഭീഷണി നേരിടുന്ന  കഴുകന്മാരുടെ സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വൾച്ചർ കൺസർവേഷൻ വർക്കിങ് ഗ്രൂപ്പാണ് സർവേ നടത്തുക. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ  കഴുകന്മാരുടെ സാന്നിധ്യമുള്ള വനമേഖലകളിൽ ഒരേ ദിവസം അതത് വനം-വന്യജീവി വകുപ്പുകളുടെ സഹകരണത്തോടെയാണ് സർവേ. 

സർവേ ഇങ്ങനെ

കഴുകന്മാരെ ഇനം തിരിച്ചറിയുകയാണു  ആദ്യപടി.  രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞു 2 മുതൽ വൈകിട്ട് 4 വരെയും 250 പേരുടെ സംഘമാണു സർവേ നടത്തുക. ദിവസം 100 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന പക്ഷിയാണ് കഴുകൻ. വിവിധ മേഖലകളിൽ വിവിധ ദിവസങ്ങളിൽ സർവേ നടത്തുന്നതു ഇവയുടെ യഥാർഥ എണ്ണവും വൈവിധ്യവും തിട്ടപ്പെടുത്തുന്നതിനു തടസ്സമാകുമെന്നതിലാണു  ഒരേദിവസം ഒരേസമയം സർവേ നടത്തുന്നത്.

സർവേയിലൂടെ ലഭിക്കുന്ന വിവരം കഴുകന്മാരുടെ സംരക്ഷണത്തിനുള്ള പദ്ധതികളുടെ ആസൂത്രണത്തിനു ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും അതത് സംസ്ഥാന വനം-വന്യജീവി വകുപ്പിനും സമർപ്പിക്കും.

ഇവർ നേതൃത്വം നൽകും

കഴുകൻമാരെ ഇനം തിരിച്ച് അറിയുന്നതിൽ പാടവമുള്ള 250 ഓളം പേരാണ് നാലു സംസ്ഥാനങ്ങളിലുമായി സർവേയിൽ പങ്കെടുക്കുക. വയനാട്ടിൽ സി.കെ. വിഷ്ണുദാസ്, പക്ഷിശാസ്ത്രജ്ഞൻ സി. ശശികുമാർ, തമിഴ്‌നാട്ടിൽ വർക്കിങ് ഗ്രൂപ്പ് കോ–ഓർഡിനേറ്ററുമായ കൺസർവേഷൻ ബയോളജിസ്റ്റ് ഭാരതിദാസൻ, കർണാടകയിൽ വൈൽഡ് ലൈഫ് കൺസർവേഷൻ ഫൗണ്ടേഷൻ മേധാവി രാജ്കുമാർ ദേവരാജെ അർസ്, ആന്ധ്രാപ്രദേശിൽ പക്ഷി ശാസ്ത്രജ്ഞനും  പരിസ്ഥിതി പ്രവർത്തകനുമായ ഹുസൈൻ എന്നിവർ സർവേയ്ക്കു നേതൃത്വം നൽകും. വയനാട്ടിൽ മാത്രം 35 പേർ സർവേ ടീമിലുണ്ടാകും.

കഴുകന്മാർ കൂടുതൽ ദക്ഷിണേന്ത്യയിൽ

തെന്നിന്ത്യയിൽ കേരളത്തിലെ വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതം, സത്യമംഗലം വനം, കർണാടകയിലെ  ബന്ദിപ്പുര കടുവാ സങ്കേതം, നാഗർഹോള ദേശീയോദ്യാനം, ആന്ധ്രപ്രദേശിലെ ശ്രീശൈലം എന്നിവിടങ്ങളിലാണ് കഴുകന്മാർ കൂടുതലുള്ളത്. തവിട്ടുകഴുകൻ, ചുട്ടിക്കഴുകൻ, കാതിലക്കഴുകൻ, തോട്ടിക്കഴുകൻ എന്നിവയാണ് ദക്ഷിണേന്ത്യയിൽ കാണുന്ന മുഖ്യ കഴുകൻ ഇനങ്ങൾ.</p>

നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ വനപ്രദേശങ്ങളിൽ കരിങ്കഴുകൻ(യൂറേഷ്യൻ ബ്ലാക്ക് വൾച്ചർ), ഹിമാലയൻ കഴുകൻ എന്നീ ഇനങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി റേഞ്ചിലെ നായ്‌ക്കട്ടിയിൽ  2017 ഡിസംബറിൽ കരിങ്കഴുകനെ  കണ്ടെത്തിയിരുന്നു. 2017 ജനുവരിയിൽ വനം-വന്യജീവി വകുപ്പ് നടത്തിയ സർവേയിൽ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ കാക്കപ്പാടത്തു 53 ചുട്ടിക്കഴുകന്മാരെയും  5 കാതിലക്കഴുകന്മാരെയും  കണ്ടെത്തിയിട്ടുണ്ട്.

സംരക്ഷണം  ഉറപ്പുവരുത്തണം

ഇന്ത്യയിൽ 1980 കളിൽ ഉണ്ടായിരുന്ന 4 കോടി കഴുകന്മാരിൽ  99.9 ശതമാനവും 2005 ആയപ്പോഴേക്കും ചത്തൊടുങ്ങി. ഡൈക്ലോഫെനാക്, കേറ്റോപ്രോഫിൻ തുടങ്ങിയ വേദനസംഹാരികൾ  പ്രയോഗിച്ച കന്നുകാലികളുടെ  മൃതദേഹാവശിഷ്ടങ്ങൾ  ഭക്ഷിച്ചാണ് ഏറെയും ചത്തതെന്ന് പഠനത്തിൽ വ്യക്തമായിരുന്നു. വനത്തിലും അതിർത്തിയിലും  ചാകുന്ന മൃഗങ്ങളുടെ  മാംസം ഭക്ഷിക്കുന്നതിലൂടെയാണ്  വേദനസംഹാരികളുടെ  അംശം കഴുകന്മാരിലെത്തുന്നത്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com