ADVERTISEMENT

കറുപ്പും വെളുപ്പും നേരിയ മഞ്ഞ നിറവുമൊക്കെ കലര്‍ന്ന പെന്‍ഗ്വനുകൾ പൊതുവെ കാണാന്‍ സൗന്ദര്യമുള്ള ജീവികളാണ്. അപ്പോള്‍ പിന്നെ ശരീരം മുഴുവന്‍ വെള്ള തൂവലും പിങ്ക് കണ്ണുകളുമുള്ള ആല്‍ബിനോ പെന്‍ഗ്വിന്‍റെ കാര്യം പറയേണ്ടതില്ല. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏക ആല്‍ബിനോ പെന്‍ഗ്വിനാണ് പോളണ്ടിലെ ഒരു മൃഗശാലയില്‍ ജനിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ പെന്‍ഗ്വിന്‍ വിഭാഗത്തില്‍ പെട്ടതാണ് ഈ ആല്‍ബിനോ പെന്‍ഗ്വിന്‍ കുഞ്ഞ്.

എന്താണ് ആല്‍ബിനോ പെന്‍ഗ്വിന്‍

ജനിതക വ്യത്യാനം മൂലമാണ് ശരീരം മുഴുവന്‍ വെള്ള നിറത്തിലാകുന്ന ആല്‍ബിനോ പ്രതിഭാസം ജീവികളില്‍ കാണുന്നത്. ശരീരത്തിലെ മെലാനിന്‍ അഥവാ ബ്ലാക്ക് പിഗ്മെന്‍റുകളുടെ അഭാവമാണ് ഈ പ്രതിഭാസത്തിനു കാരണം. ഇതിനു നേര്‍ വിപരീതമായ മെലനിസം മൂലം ശരീരം മുഴുവന്‍ കറുത്ത നിറത്തിലായ ഒരു പെന്‍ഗ്വിനെ അടുത്തിടെ അന്‍റാര്‍ട്ടിക്കയില്‍ കണ്ടെത്തിയിരുന്നു. മെലനിസ്റ്റിക് പെന്‍ഗ്വിനുകളെ വളരെ അപൂര്‍വമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ആല്‍ബിനോ പെന്‍ഗ്വിനുകളെ ഇതുവരെ അന്‍റാര്‍ട്ടിക്ക് ഉള്‍പ്പടെയുള്ള സ്വാഭാവിക വാസസ്ഥാനങ്ങളില്‍ പോലും കണ്ടെത്തിയിട്ടില്ല.

ആല്‍ബിനോ കുട്ടി അതിജീവിക്കുമോ?

albino-penguin-chick

പോളണ്ടിലെ ഡാന്‍സ്ക് മൃഗശാലയില്‍ ഡിസംബര്‍ 12 ന് ജനിച്ച പെന്‍ഗ്വിന്‍ കുട്ടിക്ക് ഇപ്പോള്‍ മൂന്ന് മാസം പ്രായമുണ്ട് . ജനിതക വ്യതിയാനങ്ങള്‍ കാരണം ഈ കുട്ടിക്ക് അതിജീവിക്കാനാകുമോ എന്ന ആശങ്ക മൃഗശാലയിലെ ഡോക്ടര്‍മാര്‍ക്കുണ്ട്. പെട്ടെന്നു തോലിപ്പുറമെ ഉള്ള അസുഖങ്ങളും അലര്‍ജികളും ആല്‍ബിനോ ജീവികള്‍ക്കു വരാറുണ്ട്. കൂടാതെ ഇവർക്ക് പ്രതിരോധ ശക്തിയും വളരെ കുറവായിരിക്കും. സ്വാഭാവിക വാസസ്ഥലത്താണെങ്കില്‍ ഇവ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടാനും സാധ്യതയുണ്ട്. മുന്‍പ് 2002 ൽ ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ മൃഗശാലയില്‍ സമാനമായ ഒരു പെന്‍ഗ്വിന്‍ ജനിച്ചിരുന്നുവെങ്കിലും ഉടന്‍ തന്നെ ചത്തു പോയിരുന്നു. 

മുന്‍പ് അന്‍റാര്‍ട്ടിക്കയിലെ പെന്‍ഗ്വിനുകള്‍ക്കിടയിലാണ് ആല്‍ബിനോ എന്നു കരുതുന്ന ഏതാനും അംഗങ്ങളെ കണ്ടെത്തിയത്. എന്നാല്‍ ഇവയുട ശരീരം പൂര്‍ണ്ണമായും വെള്ള നിറത്തിലായിരുന്നില്ല. കൂടാതെ ഇവയുടെ ജനിതക പരിശോധനയും ആ സമയത്ത് സാധ്യമായില്ല. അതിനാല്‍ തന്നെ ആ പെന്‍ഗ്വിനുകള്‍ ആല്‍ബിനോ ആണോ എന്ന കാര്യത്തില്‍ ശാസ്ത്രത്തിനു സ്ഥിതീകരണമില്ല. 

ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആല്‍ബിനോ കുട്ടി ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ഗണത്തില്‍ പെട്ടവയാണ്. ഭൂരിഭാഗം പെന്‍ഗ്വിന്‍ വര്‍ഗങ്ങളും അന്‍ററാര്‍ട്ടിക്കിലാണ് കാണപ്പെടുന്നതെങ്കിലും അപൂര്‍വ്വം ചില വര്‍ഗങ്ങള്‍ ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലേയും തെക്കേ അറ്റത്തായി കാണാറുണ്ട്. ചിലതിനെ ദക്ഷിണ ധ്രുവത്തോടു ചേര്‍ന്നുള്ള ചില ദ്വീപുകളിലും കാണാറുണ്ട്. ഇത്തരത്തില്‍ ദക്ഷിണ ആഫ്രിക്കയുടെ തെക്കേ അറ്റത്തായി കാണപ്പെടുന്ന പെന്‍ഗ്വിനുകളാണ് ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍. ചെറിയൊരു ആവാസ മേഖലയില്‍ മാത്രം കാണപ്പെടുന്ന ഇവയുടെ എണ്ണം ഇന്ന് അന്‍പതിനായിരിത്തില്‍ താഴെ മാത്രമാണ്. ഇന്ധന ഖനനം ഉള്‍പ്പടെയുള്ള നിരവധി ഭീഷണികള്‍ ഇവ നേരിടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com