sections
MORE

മക്കളെ വളര്‍ത്താന്‍ രണ്ട് അച്ഛന്‍മാരും ഒരമ്മയും, അപൂര്‍വ പരുന്ത് കുടുംബത്തെ കണ്ടെത്തി ഗവേഷകര്‍!

A Rare Family of 3 Eagle family
Starr, Valor II and Valor I sit over their eggs. Image Credit: Stewards of the Upper Mississippi River Refuge/National Audubon Society
SHARE

കുടുംബം എന്നാല്‍ അച്ഛനും അമ്മയും മക്കളും അടങ്ങുന്നതാണെന്ന ധാരണ തിരുത്തിക്കുറിക്കുകയാണ് ഇല്ലിനോസിലെ ഒരു പരുന്ത് കുടുംബം. മിസിസിപ്പി നദിക്കരയില്‍ കണ്ടെത്തിയ കൂട്ടിലാണ് മൂന്ന് പരുന്തുകള്‍ ചേർന്ന് മക്കളെ വളര്‍ത്തുന്ന കാഴ്ച ഗവേഷകര്‍ കണ്ടത്. അടയിരിക്കുന്നതു മുതല്‍ കുട്ടികള്‍ക്ക് ഇരതേടി എത്തിക്കുന്നതു വരെയുള്ള പ്രവര്‍ത്തികള്‍ മൂന്നു പേരും ചേർന്നാണ് ചെയ്യുന്നതെന്ന് മാസങ്ങളായി ഇവയെ നിരീക്ഷിക്കുന്ന ഗവേഷകര്‍ പറയുന്നു.

സ്റ്റാര്‍ എന്ന അമ്മ പരുന്തും വാലര്‍ 1, വാലര്‍ 2 എന്നീ അച്ഛന്‍ പരുന്തുകളുമാണ് കൂട്ടിലുള്ളത്. കൂട് വൃത്തിയാക്കുന്നതിലും  അടയിരിക്കുന്നതിലും ഇരതേടുന്നതിലുമെല്ലാം മൂവരും തമ്മിലുള്ള ഐക്യം ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ്. അത്യപൂര്‍വമാണെങ്കിലും ആദ്യമായല്ല ഇങ്ങനെ മൂന്നംഗ പരുന്ത് കുടുംബത്തെ കണ്ടെത്തുന്നത്. ഈ പക്ഷികുടുംബത്തെ നിരീക്ഷിക്കാന്‍ 24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമറയും വന്യജീവി വകുപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

അമേരിക്കയില്‍ തന്നെ മുന്‍പ് മൂന്നിടങ്ങളിലാണ് സമാനമായ പരുന്ത് കുടുംബത്തെ കണ്ടെത്തിയത്. 1977 ല്‍ അലാസ്കയിലും, 1983 ല്‍ മിനസോട്ടയിലും, 1992 ല്‍ കലിഫോര്‍ണിയയിലുമാണ് ഇത്തരം പരുന്ത് കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങളില്‍ രണ്ട് അച്ഛന്‍മാരുണ്ടെങ്കിലും പ്രത്യുൽപാദനത്തില്‍ ഒരാള്‍ക്കു മാത്രമെ പങ്കുണ്ടാകൂ എന്നും ഗവേഷകര്‍ പറയുന്നു. മൂന്നാമതായി എത്തുന്ന ആണ്‍ പരുന്തിന് ഒരു ലീവ് ഇന്‍ പങ്കാളിയുടെയും വളര്‍ത്തച്ഛന്‍റെയും റോളുകളാണുണ്ടാകുക.

മൂന്നംഗ കുടുംബത്തിന്‍റെ ചരിത്രം

ഈ മൂന്നംഗ കുടുംബത്തിന് ഏതാണ്ട് 4 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോഴത്തെ ഈ കൂട് നിര്‍മിക്കുമ്പോള്‍ രണ്ടംഗങ്ങളാണ് കൂട്ടിലുണ്ടായിരുന്നത്. വാലര്‍ 1 ഉം ഹോപ് എന്ന പെണ്‍ പരുന്തും. ഇരുവരും ചേര്‍ന്ന് കൂട് നിര്‍മിക്കുകയും ഒരുമിച്ചു താമസമാക്കുകയും ചെയ്തു. വൈകാതെ ഹോപ് മുട്ടകളിട്ടു. പക്ഷേ ഇതോടെ വാലര്‍ 1 ന്‍റെ ഉത്തരവാദിത്തമില്ലായ്മ പുറത്തു വന്നു. അടയിരിക്കാനോ, അടയിരിക്കുന്ന ഹോപിന് ഭക്ഷണം നല്‍കാനോ വാലര്‍ 1 തയ്യാറായില്ല. ഇതോടെ ഹോപിന് തനിയെ ഇര തേടേണ്ടതും അട ഇരിക്കേണ്ടതുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നു.

ഇതിനിടെ മുട്ടകള്‍ വിരിഞ്ഞെങ്കിലും കുട്ടികളുടെ സംരക്ഷണത്തിനും വാലര്‍ 1 തയ്യാറായില്ല. ഇതോടെയാണ് ഹോപിന്‍റെ പുതിയ ഇണ എന്ന നിലയില്‍ വാലര്‍ 2 ഈ കൂട്ടിലേക്കെത്തിയത്. സാധാരണ മറ്റൊരു ആണ്‍പക്ഷി കൂട്ടിലേക്കെത്തുന്നത് നിലവിലെ ആണ്‍പക്ഷി എതിര്‍ക്കേണ്ടതാണെങ്കിലും വാലര്‍ 2 വിന്‍റെ വരവില്‍ വാലര്‍ 1 എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഇതോടെ മൂവരും കൂടി ഇവിടെ താമസമാക്കി. ഇതിനിടെ ആണ്‍പക്ഷികള്‍ ഇല്ലാത്ത തക്കം നോക്കി മറ്റ് രണ്ട് ആണ്‍ പക്ഷികള്‍ കൂട് ആക്രമിച്ചു. ചെറുത്തു നില്‍പിനു പോലും തയാറാകാതെ ഹോപ് കൂടുപേക്ഷിച്ചു. പിന്നീട് ഹോപ് തിരിച്ചു വന്നില്ല.

കൂട്ടിന് പുതിയ പെണ്‍പക്ഷി

അതേസമയം ആക്രമണം നേരിട്ടെങ്കിലും കാര്യമായ കേടുപാടുകള്‍ കൂടിനു സംഭവിച്ചിരുന്നില്ല. കുട്ടികള്‍ക്ക് പരിക്കും ഏറ്റില്ല. ഇതിനിടെ ഒരു തവണ കൂടി രണ്ട് ആണ്‍പക്ഷികള്‍ കൂടിനെ ആക്രമിക്കാനെത്തി. ഈ സമയം കൂട്ടിലുണ്ടായിരുന്ന വാലര്‍ 1 ഉം 2 ഉം ചേര്‍ന്ന് ഈ പക്ഷികളെ നേരിട്ടു. അവയെ തുരത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ഇപ്പോള്‍ ഇരുവര്‍ക്കും കൂട്ടായുള്ള സ്റ്റാര്‍ എന്ന പെണ്‍പരുന്ത് കൂട്ടിലേക്കെത്തിയത്. ഇത് ഒരു പക്ഷെ വാലര്‍ 2ന്‍റെ ഇണയായിരിക്കാം എന്നും ഗവേഷകര്‍ കരുതുന്നു. മൂവരും ചേര്‍ന്ന് കുട്ടികളെ പരിപാലിക്കുകയും വളര്‍ത്തി വലുതാക്കുകയും ചെയ്തു.

ഈ കുട്ടികള്‍ സ്വതന്ത്രരായ ശേഷവും മൂവരും ചേര്‍ന്ന് ഒരു കൂട്ടില്‍ തന്നെ താമസം തുടര്‍ന്നു. വൈകാതെ സ്റ്റാര്‍ മുട്ടകളിട്ടു. ഈ മുട്ടകള്‍ക്ക് മൂവരും ചേര്‍ന്ന് അടയിരിക്കാനുമാരംഭിച്ചു. മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമായി വാലര്‍ 1 ഉം തന്‍റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി. മൂവരും ചേർന്നാണ് അടയിരിക്കുന്നതും ഇരതേടുന്നതുമെല്ലാം. പലപ്പോഴും സ്റ്റാര്‍ കൂട്ടില്‍ തന്നെ തുടരുമ്പോള്‍ വാലര്‍ 1 ഉം 2 ഉം സ്റ്റാറിനുള്ള ഭക്ഷണവുമായെത്തും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇപ്പോഴത്തെ മുട്ടകളും വിരിയുമെന്നാണ് കരുതുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA