sections
MORE

കൂറ്റൻ കൊമ്പന്‍ സ്രാവുകള്‍ പോലും ഭയപ്പെടുന്ന കടലിലെ ‘ഭീകരന്‍’!

Killer Whales
SHARE

കടലില്‍ ഏവരും ഭയക്കുന്ന ജീവികളായാണ് സ്രാവുകളെ കണക്കാക്കുന്നത്. അവയുടെ വേഗതയും മണം പിടിക്കാനുള്ള കഴിവും എന്തിനെയും ആക്രമിക്കാനുള്ള ശേഷിയുമാണ് സ്രാവുകളെ ഭയപ്പെടേണ്ട ജീവികളാക്കി മാറ്റുന്നത്. ഒരു വര്‍ഷത്തില്‍ ശരാശരി 3 പേരെങ്കിലും സ്രാവിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്. എന്നാല്‍ സ്രാവുകള്‍ക്ക് മനുഷ്യര്‍ക്കിടയിലുള്ള അത്ര ഭീകരത കടലില്‍ ഇല്ലെന്നാണ് പുതിയ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മറിച്ച് സ്രാവുകള്‍ വലിയ തോതില്‍ പേടിക്കുന്ന ഒരു ജീവി കടലിലുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു

Great White Shark

കടലിലെ മികച്ച വേട്ടക്കാരായി കണക്കാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാർക്കിനു പോലും പേടിയുള്ള ആ ജീവികള്‍ കൊലയാളി തിമിംഗലങ്ങളാണ്. ഓര്‍ക്ക എന്ന പേരിൽ അറിയപ്പെടുന്ന കൊലയാളി തിമിംഗലങ്ങൾ സമുദ്രത്തിലെ ഏറ്റവും സുന്ദരന്‍മാരായ ജീവികള്‍ കൂടിയാണ്. ഡോൾഫിൻ കുടുംബത്തിൽ പെട്ടവയാണ് കൊലയാളി തിമിംഗലങ്ങൾ. സ്രാവുകളുടെ ഭയത്തിനുദാഹരണമായി ഏറ്റവും ഒടുവിലുണ്ടായ ഒരു സംഭവം വ്യക്തമാക്കാം. വടക്കന്‍ കലിഫോര്‍ണിയ കൊലയാളി സ്രാവുകൾ അഥവാ  ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ സ്ഥിരമായി കാണപ്പെടുന്ന ഒരു മേഖലയാണ്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ഒരു ഓര്‍ക്ക കൂട്ടം ഇവിടേക്കെത്തിയതോടെ ഈ സ്രാവുകള്‍ അപ്രത്യക്ഷമായി. മാത്രമല്ല പിന്നീട് ഇതുവരെ ഈ പ്രദേശത്ത് സ്രാവുകളെ കണ്ടിട്ടുമില്ല.

എന്താണ് സ്രാവുകളുടെ പേടിക്കു പിന്നില്‍?

Great White Shark

കലിഫോര്‍ണിയ തീരത്തു നിന്ന് ഇങ്ങനെ പേടിച്ചേടിയത് കുഞ്ഞന്‍ സ്രാവുകളാണെന്നു കരുതേണ്ട. ഏതാണ്ട് അഞ്ചര മീറ്റര്‍ വരെ നീളമുള്ള ഈ പ്രദേശം അടക്കി ഭരിച്ചിരുന്ന വമ്പൻ സ്രാവുകളും നാടുവിട്ടവരുടെ കൂട്ടത്തിലുണ്ട്. സമാനമായ സാഹചര്യം ഫാരലന്‍ ദ്വീപുകളിലും ഉണ്ടെന്നു ഗവേഷകര്‍ പറയുന്നു. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഫാരലന്‍ ദ്വീപ് മേഖല സീലുകളുടെ വിഹാര കേന്ദ്രമാണ്. ഈ സമയത്ത് സീലുകളെ വേട്ടയാടാന്‍  സ്രാവുകള്‍ കൂട്ടത്തോടെയെത്താറുണ്ട്. എന്നാല്‍ ഓര്‍ക്കകളും ഇവിടേക്ക് സീലുകളെ വേട്ടയാടാനെത്തിയാല്‍ പിന്നെ സ്രാവുകളുടെ പൊടി പോലും കാണാന്‍ കഴിയില്ല.

ഓര്‍ക്കകളുമായി നേര്‍ക്കുനേര്‍ കാണേണ്ട സ്ഥിതി വന്നാല്‍ പിന്നെ സ്രാവുകള്‍ എത്രയും പെട്ടെന്ന് ആ പ്രദേശത്തു നിന്ന് അപ്രത്യക്ഷമാകും. രണ്ട് പതിറ്റാണ്ടായി സ്രാവുകളെ നിരീക്ഷിക്കുന്ന ഗവേഷകന്‍ സാല്‍വദോര്‍ ജോര്‍ജെന്‍സന്‍ പറയുന്നു. കടലിലെ ഏറ്റവും ഭീകരന്മാരായ വേട്ടക്കാരാണു സ്രാവുകളെന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ് ഈ കണ്ടെത്തല്‍. വേട്ടക്കാരെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണ് ഓര്‍ക്കകള്‍ സ്രാവുകളെ കാണുമ്പോഴുണ്ടാകുക. സ്രാവുകളില്‍നിന്നു വ്യത്യസ്തമായി കൂട്ടത്തോടെ ആക്രമിക്കുന്നവരാണ്  ഓര്‍ക്കകള്‍. അതുകൊണ്ട് തന്നെ ഓര്‍ക്കകള്‍ ആക്രമിച്ചാല്‍ ഓടിരക്ഷപ്പെടുകയോ മരണത്തിന് കീഴടങ്ങുകയോ അല്ലാതെ സ്രാവുകള്‍ക്കു മറ്റു മാര്‍ഗങ്ങളില്ല.

Killer Whales

എന്നാല്‍ വേട്ടക്കാര്‍ തന്നെ വേട്ടയാടപ്പെടുമ്പോള്‍ അത് സമുദ്രത്തിലെ ഭക്ഷ്യശൃംഖലയെ തന്നെ ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന് ഫാലന്‍ ദ്വീപ് മേഖലയില്‍ സ്രാവുകള്‍ സീലുകളെ വേട്ടയാടുന്നതിനിടെ ഓര്‍ക്കകളെത്തിയാല്‍ ഈ വേട്ട മുടങ്ങും. ഇങ്ങനെയുള്ള വര്‍ഷങ്ങളില്‍ ഈ മേഖലയിലെ എലിഫന്‍റ് സീലുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വരെ വർധനവുണ്ടാകാറുണ്ട്. 

സ്രാവുകളിലെ പഠനം

കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ഫാലിനോസ് മറൈന്‍ ദേശീയ പാര്‍ക്കില്‍ സ്രാവുകളും ഓര്‍ക്കകളുമായി നടന്ന നാല് ഏറ്റുമുട്ടലുകള്‍ ഗവേഷകര്‍ പഠനവിധേയമാക്കുകയുണ്ടായി. ഇവ നാലും ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ്. ഗവേഷകര്‍ ടാഗ് ചെയ്തിരുന്ന 165 സ്രാവുകളാണ് ഈ മേഖലയിലുണ്ടായിരുന്നത്. മറ്റ് സ്രാവുകള്‍ക്കൊപ്പം ഓര്‍ക്കളുടെ സാന്നിധ്യം മണത്തറിഞ്ഞതോടെ ഈ സ്രാവുകളും സ്ഥലം കാലിയാക്കിയതായി ഗവേഷകര്‍ പറയുന്നു. 

2006 മുതല്‍ 2013 വരെയുള്ള സ്രാവുകളുടെ സഞ്ചാരപഥവും വേട്ടയാടുന്ന പ്രദേശങ്ങളും, ഗവേഷകര്‍ ഓര്‍ക്കകള്‍ വരുമ്പോഴുള്ള സ്രാവുകളുടെ പെരുമാറ്റവുമായി താരതമ്യപ്പെടുത്തി. അതുവരെ പിന്തുടരുന്ന സഞ്ചാര പഥമോ സ്ഥിരമായി വേട്ടയാടുന്ന പ്രദേശങ്ങളോ പിന്നീട് അടുത്ത കുറച്ചു വര്‍ഷങ്ങളിലേക്ക് ഓര്‍ക്കകളുടെ സാന്നിധ്യമുണ്ടായാല്‍ പിന്നെ സ്രാവുകള്‍ സന്ദര്‍ശിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഓര്‍ക്കകളുടെ സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് 27 വര്‍ഷമായി സ്ഥിരമായി കുടിയേറിയ പ്രദേശത്തുനിന്ന് പോലും സ്രാവുകള്‍ അകന്നു നിൻക്കുന്നതായും  പഠനത്തില്‍ കണ്ടെത്തി. 

സ്രാവുകളെ ഓര്‍ക്കകള്‍ ഭക്ഷണമാക്കാറുണ്ടോ ?

ഗവേഷകര്‍ക്ക് ഇതുവരെ വ്യക്തമായ ഉത്തരം ലഭിക്കാത്ത ചോദ്യമാണിത്. സ്രാവുകളെ ഓര്‍ക്കകള്‍ വേട്ടയാടുന്നുണ്ടെന്ന് വ്യക്തമായെങ്കിലും ഇങ്ങനെ കൊല്ലുന്ന സ്രാവുകളെ ഓര്‍ക്കകള്‍ ഭക്ഷിക്കുന്നു എന്നതിനു തെളിവു ലഭിച്ചിട്ടില്ല. ഓർക്കകള്‍ സ്രാവുകളെ ഭക്ഷിക്കുന്നതായി വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇതിലധികം സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കകളെ സ്രാവുകള്‍ ഭക്ഷിക്കുന്നതായി തെളിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇവയൊന്നും ഏതെങ്കിലും വേട്ടയാടലിന്‍റെ ഭാഗമായിരുന്നു എന്നു കരുതാനാകില്ല. ഒരു പക്ഷേ ഓര്‍ക്കകള്‍ കൂട്ടത്തോടെ സ്രാവുകളെ ആക്രമിക്കുന്നത് അധികാര സ്ഥാപനത്തിന്‍റെ ഭാഗമായിരിക്കാമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിഗമനം. ഒരു പക്ഷേ ഇക്കാര്യം അടുത്തു നിന്നുള്ള നിരീക്ഷണത്തിലൂടെ മാത്രമെ സംശയരഹിതമായി പരിഹരിക്കാനാകൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA