ADVERTISEMENT

ഓസ്ട്രേലിയയിലെ വടക്കന്‍ മേഖലയായ ഡാര്‍വിനില്‍ നിന്ന് മൂന്ന് കണ്ണുള്ള പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. വടക്കന്‍ മേഖലാ വന്യജീവി സങ്കേതത്തിലെ റെയ്ഞ്ചര്‍മാരാണ് അസാധാരണ രൂപമുള്ള പാമ്പിനെ ലോകത്തിനു പരിചയപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെയാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയ വിവരം പങ്കുവച്ചത്. പങ്കിട്ട ചിത്രങ്ങളില്‍ നിന്നു തന്നെ തലയുടെ ഇരുവശത്തുമുള്ള കണ്ണുകള്‍ കൂടാതെ പാമ്പിന്‍റെ തലയ്ക്ക് മധ്യത്തിലായിട്ട് ഒരു കണ്ണു കൂടി വ്യക്തമായി കാണാന്‍ സാധിക്കും. 

കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍ പെട്ടതാണ് ഈ കുട്ടി പാമ്പ്. കണ്ടെത്തുമ്പോള്‍ മൂന്ന് മാസം മാത്രം പരമാവധി പ്രായമുള്ള പാമ്പിന് 40 സെന്‍റിമീറ്ററായിരുന്നു നീളം . പെരുമ്പാമ്പ് വര്‍ഗത്തില്‍ പെട്ടതാണെങ്കിലും പൊതുവെ നീളം കുറഞ്ഞവയാണ് കാര്‍പെറ്റ് പൈതണുകള്‍. പരമാവധി 4 മീറ്റര്‍ വലിപ്പമാണ് പൂര്‍ണ വളര്‍ച്ചയെത്തിയ കാര്‍പെറ്റ് പെരുമ്പാമ്പുകള്‍ക്കുണ്ടാകുക. ഓസ്ട്രേലിയ, ഇന്തോനീഷ്യ, പപുവാ ന്യൂ  ഗിനിയ എന്നിവിടങ്ങളിലാണ് ഈ പാമ്പിനെ പൊതുവെ കാണാറുള്ളത്. 

മുക്കണ്ണന്‍ പാമ്പും അന്ധവിശ്വാസവും

മൂന്നു കണ്ണുള്ള പാമ്പിനെ കണ്ടെത്തിയതോടെ ഇതേപ്പറ്റിയുള്ള അന്ധവിശ്വാസവും വ്യാപകമായി പരക്കുന്നുണ്ട്. കൊടും വരള്‍ച്ചയ്ക്കുള്ള സൂചനയാണ് മുക്കണ്ണന്‍ പാമ്പിന്‍റെ വരവെന്നാണ് ഓസ്ട്രേലിയയിലെ പ്രാദേശിക ജനത വിശ്വസിക്കുന്നത്. അതേസമയം റെയ്ഞ്ചര്‍മാരുടെ കണ്ണില്‍പ്പട്ടപ്പോള്‍ തന്നെ അവശനിലയിലായിരുന്ന പാമ്പ് ഏതാനും ദിവസങ്ങള്‍ക്കകം മരണത്തിനു കീഴടങ്ങി. തുടര്‍ന്ന് പാമ്പിനെ വിശദമായ പരിശോധനയ്ക്കായി കോമണ്‍വെല്‍ത്ത് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഓര്‍ഗനൈസേഷനു കൈമാറി.

മോണ്ടി എന്ന പേരാണ് റെയ്ഞ്ചര്‍മാര്‍ പാമ്പിനു നല്‍കിയിരുന്നത്. ശാരീരികമായി വൈകല്യമുള്ള ഈ പാമ്പ് ഇത്ര നാള്‍ വനത്തില്‍ അതിജീവിച്ചത് തന്നെ അദ്ഭുതമെന്നാണ് റെയ്ഞ്ചര്‍മാര്‍ പറയുന്നത്. മൂന്ന് കണ്ണിനും കാഴ്ചയ്ക്കു തകരാറില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു. പക്ഷേ ഭക്ഷണം കഴിക്കുന്നതിനെല്ലാം പാമ്പ് വിഷമിച്ചിരുന്നതായും റെയ്ഞ്ചര്‍മാര്‍ വിശദീകരിച്ചു.

ഈ അപൂര്‍വമായ പാമ്പിനെ പിന്നീട് കോമണ്‍വെല്‍ത്ത് റിസേര്‍ച് ഓര്‍ഗനൈസേഷനിലെ ഗവേഷകര്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. ഈ പരിശോധനയില്‍ അതുവരെയുണ്ടായിരുന്നു ഒരു സംശയം ദൂരീകരിക്കപ്പെടുകയും ചെയ്തു. പാമ്പിന് രണ്ട് തലകള്‍ ഉണ്ടായിരിക്കാം എന്നതായിരുന്നു ആ സംശയം. ഇവ കൂടിച്ചേര്‍ന്ന നിലയില്‍ ഇരിക്കുന്നതു കൊണ്ടാണ് ഒരു കണ്ണ് കൂടുതല്‍ വന്നതെന്നും ഈഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ പാമ്പിന് കണ്ണ് മാത്രമേ അധികമായി ഉണ്ടായിരുന്നുള്ളു എന്ന് വ്യക്തമായി. ഒരു തലയില്‍ തന്നെയാണ് ഈ മൂന്ന് കണ്ണുകളും കാണപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com