ആര്‍ട്ടിക്കിലെ ഒറ്റക്കൊമ്പൻ കൊമ്പന്‍ തിമിംഗലങ്ങളുടെ അതിജീവനം; അമ്പരന്ന് ശാസ്ത്രലോകം!

HIGHLIGHTS
  • വംശനാശത്തിന്‍റെ വക്കിലായിരുന്ന ഈ ജീവികള്‍ ഇപ്പോള്‍ അതിജീവനത്തിന്‍റെ പാതയിലാണ്
  • നര്‍വാളുകളുടെ ഈ അതിജീവിനം ഗവേഷകരെ പോലും അദ്ഭുതപ്പെടുത്തുന്നു
Narwhals
SHARE

നര്‍വാള്‍ എന്നത് ആര്‍ട്ടിക്കിലും ആര്‍ട്ടിക്കിനോടു ചേര്‍ന്നു കിടക്കുന്ന സമുദ്ര മേഖലകളിലും കാണപ്പെടുന്ന സസ്തനിയാണ്. തിമിംഗല വിഭാഗത്തില്‍ പെടുന്ന ഈ ജീവികളെ വ്യത്യസ്തമാക്കുന്നത് അവയുടെ നെറ്റിയിലുള്ള നീളമുള്ള കൊമ്പാണ്. ഈ കൊമ്പു മൂലം കടലിലെ യുണീകോണ്‍ (ഒറ്റക്കൊമ്പന്‍ കുതിര) എന്നും ഇവയെ വിളിക്കാറുണ്ട്. ആറ് മീറ്റര്‍ വരെ നീളം വയ്ക്കുന്ന ഈ ജീവികളിലെ ആണുങ്ങള്‍ക്ക് മാത്രമാണ് കൊമ്പുള്ളത്. ഒരിക്കല്‍ വംശനാശത്തിന്‍റെ വക്കിലായിരുന്ന ഈ ജീവികള്‍ ഇപ്പോള്‍ അതിജീവനത്തിന്‍റെ പാതയിലാണ്. അത്രയൊന്നും ജനിതകമായ വ്യത്യസ്തത ഇവയ്ക്കിടയില്‍ ഇല്ലാതിരുന്നിട്ടും നര്‍വാളുകള്‍ എങ്ങനെ ഇപ്പോഴും ആരോഗ്യകരമായ എണ്ണത്തില്‍ തുടരുന്നുവെന്നതാണ് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നത്.

വംശനാശ ഭീഷണിയെ അതീജിവിച്ച ഏക കടല്‍ സസ്തനി

Narwhals

ആഗോളതാപനവും പ്ലാസ്റ്റിക് മലിനീകരണവുമെല്ലാം ചേര്‍ന്ന് കടലിനെയും കടല്‍ ജീവികളെയും ശ്വാസം മുട്ടിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ നിരവധി ജീവികളാണ് എല്ലാ വര്‍ഷവും ഐയുസിഎന്നിന്‍റെ വംശനാശ ഭീഷണി പട്ടികയില്‍ ഇടം പിടിക്കുന്നത്. ഇതിനിടെയിലാണ് നേര്‍ വിപരീതമായി എല്ലാ വര്‍ഷവും വർധിച്ചു വരുന്ന അംഗസംഖ്യയോടെ നര്‍വാളുകള്‍ ഐയുസിഎന്‍ വംശനാശഭീഷണി പട്ടികയില്‍ നിന്നു പുറത്തു കടന്നത്. ഇപ്പോള്‍ കാനഡ മുതല്‍ ഗ്രീന്‍ലന്‍ഡ് വരെയും റഷ്യയുടെ വടക്കന്‍ മേഖലയിലുമായി വ്യാപിച്ചു കിടക്കുന്ന ആവാസ വ്യവസ്ഥയില്‍ ഇവയുടെ എണ്ണം ഏതാണ്ട് 170000 വരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം നര്‍വാളുകളുടെ ഈ അതിജീവിനം ഗവേഷകരെ പോലും അദ്ഭുതപ്പെടുത്തുന്നുണ്ട്. ഇതിനു കാരണം ഇവയുടെ ജനിതകമായ പരിമിതികളാണ്. മറ്റെല്ലാ ജീവിവര്‍ഗങ്ങളും പ്രതികൂല സാഹചര്യങ്ങളെയും അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ള  ഭീഷണികളെയുമെല്ലാം അതിജീവിക്കുന്നത് ജനിതകമായുള്ള വൈൈവിധ്യത്തിലൂടെയാണ്. ഇത് മൂലം ഒരു വിഭാഗം ജീവികള്‍ കൂട്ടത്തോടെ ഏതെങ്കിലും അസുഖം ബാധിച്ചു ചത്തു പോയാലും ജനിതകമായി വ്യത്യാസപ്പെട്ടിരിക്കുന്ന ജീവികള്‍ക്ക് പ്രതിരോധ ശക്തിയിലും മറ്റുമുള്ള വ്യത്യാസങ്ങള്‍ മൂലം ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയും.

പക്ഷേ നര്‍വാളുകള്‍ക്ക് ഈ ധാരളിത്തമില്ല. ഇവയുടെ ജനിതകമായ വ്യത്യസ്തത ഏറെ പരിമിതമാണ്. ഇവയുടെ ഈ വ്യത്യസ്തത ഇല്ലായ്മയ്ക്ക് ദശലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. എന്തു കൊണ്ട് ഇത്രയേറെ ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഭൂമിയില്‍ തുടരുന്ന ജീവിക്ക് ജനിതകപരമായ വ്യത്യസ്തത ഉണ്ടാക്കാത്തത് എന്നതാണ് ഒരു ചോദ്യം. മറ്റൊന്ന് ഈ വ്യത്യസ്തതയുടെ അഭാവത്തിലും നര്‍വാളുകള്‍ എങ്ങനെ ഇത്ര നാളും ഭൂമിയില്‍ അതിജീവിച്ചുവെന്നതും. 

കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഡോ.എലൈന്‍ ലോറെന്‍സനാണ് നര്‍വാളുകളുടെ ജനിതക വൈവിധ്യത്തെക്കുറിച്ചു കുറിച്ച് പഠനം നടത്തിയത്. ഭൂമിയിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ മുതല്‍ രോഗങ്ങൾ വരെയുള്ളവയെ അതിജീവിക്കാന്‍ സമ്പന്നമായ ജനിതക വൈവിധ്യം വേണമെന്നതാണ് പൊതുവെയുള്ള ധാരണ. ഈ ധാരണ തിരുത്തിക്കുറിക്കുന്നതാണ് നര്‍വാളുകളുടെ അതിജീവനമെന്ന് എറിന്‍ പറയുന്നു. അതും ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഭൂമിയിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അതിജീവനം സാധ്യമാക്കിയ ജീവി. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ യന്ത്രവൽകൃത മത്സ്യബന്ധനം മൂലം കൂട്ടക്കൊല ചെയ്യപ്പെട്ട നര്‍വാളുകള്‍ വീണ്ടും ശക്തമായി ആര്‍ട്ടിക് മേഖലയിലേക്കു തിരികെ വന്നതാണ് ഇവയുടെ അതിജീവനത്തിന്‍റെ ഒടുവിലത്തെ തെളിവ്.

ജനിതക വൈവിധ്യം കുറഞ്ഞതിന് പിന്നിൽ?

ജനിതക വൈവിധ്യത്തിലെ കുറവ് ആര്‍ട്ടിക് ജീവികളില്‍ പൊതുവെ കാണപ്പെടുന്ന അവസ്ഥയാണോ എന്നതാണ് ഡോ എലൈന്‍ ആദ്യം സംശയിച്ചത്. എന്നാല്‍ വാല്‍റസ് മുതല്‍ ബോഹെഡ് തിമിംഗലങ്ങള്‍ വരെയുള്ളവയില്‍ കാണപ്പെടുന്ന ജനിതക വൈവിധ്യം ഈ സംശയം ദൂരീകരിച്ചു. ഇതോടെയാണ് നര്‍വാളുകളുടെ ജനിതക വൈവിധ്യക്കുറവിനു കാരണം ചരിത്രത്തില്‍ എവിടെയോ ആയിരിക്കാം എന്ന നിഗമനത്തിലേക്ക് എറിന്‍ എത്തിയത്.

ഇതിന് ഉത്തരം തേടി ഗവേഷകരെത്തിയത് ഏതാണ്ട് 40000 വര്‍ഷം പുറകോട്ടാണ്. അന്ന് ആര്‍ട്ടിക്കിലുണ്ടായ കാലാവസ്ഥാ മാറ്റം നര്‍വാളുകളുടെ ഇപ്പോഴത്തെ അവസ്ഥയെ സ്വാധീനിച്ചിരിക്കാം എന്നു ഗവേഷകര്‍ കരുതുന്നു. അന്നുണ്ടായ പ്രതിസന്ധിയെ അതിജീവിക്കാന്‍ വളരെ കരുത്തുള്ള ജനിതകവിഭാഗത്തില്‍ പെട്ട നര്‍വാളുകളെ മാത്രമായി പ്രകൃതി തിരഞ്ഞെടുത്തതാകാമെന്നും ഇവര്‍ പറയുന്നു. പക്ഷെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA