ADVERTISEMENT

കറുപ്പും വെളുപ്പും പിന്നെ കഴുത്തിലായി അല്‍പം മഞ്ഞ നിറവുമാണ് പെന്‍ഗ്വിനുകളുടെ യൂണീഫോം. സീലുകള്‍ക്കാകട്ടെ കടും ചാര നിറവും. എന്നാല്‍ ഈ അലിഖിത നിയമങ്ങളിലെല്ലാം ചിലപ്പോഴെങ്കിലും പ്രകൃതി ചില അയവുകള്‍ വരുത്താറുണ്ട്. മിക്കവാറും ആല്‍ബിനിസം എന്ന ശരീരം മുഴുവന്‍ വെളുത്തു കാണപ്പെടുന്ന അവസ്ഥയാകും ഇത്തരം സന്ദര്‍ഭങ്ങളിലുണ്ടാവുക. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മെലാനിസം എന്ന ശരീരം മുഴുവന്‍ കറുത്തു നിറത്തിലാകുന്ന അവസ്ഥയും.

ഇത്തരത്തില്‍ ശരീരം മുഴുവന്‍ വെളുത്ത നിറത്തില്‍ കാണപ്പെടുന്ന പെന്‍ഗ്വിനുകളും സീലുകളുമെല്ലാം അപൂര്‍വ കാഴ്ചയാണ്. അതുകൊണ്ട് തന്നെയാണ് സൗത്ത്  ജോര്‍ജിയ എന്ന തെക്കേ അമേരിക്കയില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെ അന്‍റാര്‍ട്ടിക് മേഖലയിലുള്ള ദ്വീപില്‍ ചിത്രീകരണത്തിനെത്തിയ നാഷണല്‍ ജിയോഗ്രാഫിക് സംഘം അമ്പരന്നതും. കാരണം ഇവര്‍ ഈ ദ്വീപില്‍ കണ്ടെത്തിയത് ആല്‍ബിനിസം ബാധിച്ച പെന്‍ഗ്വിനെ മാത്രമല്ല ഒരു സീലിനെയും കൂടിയായിരുന്നു.

ഫൊട്ടോഗ്രാഫറായ ജെഫ് മോറിസണാണ് ഈ ജീവികളെ തന്‍റെ ക്യാമറയില്‍പകര്‍ത്തിയത്. പെന്‍ഗ്വിനും സീലുകളും ആല്‍ബിനിസം ബാധിച്ച നിലയിലാണ് കാണപ്പെട്ടതെങ്കിലും ഇരുവരുടെയും നിറങ്ങള്‍ക്ക് കാര്യമായ വ്യത്യസമുണ്ടായിരുന്നു. രണ്ട് ജീവികളും തങ്ങളുടെ കൂട്ടത്തിലുള്ള മറ്റു ജീവികളില്‍നിന്ന് കാഴ്ചയില്‍ വേറിട്ടു നിന്നുവെങ്കിലും ഇവയുടെ വ്യത്യാസം കൂട്ടത്തിലുള്ളവയ്ക്ക് കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയതായി തോന്നിയില്ലെന്ന് ജെഫ് മോറിസണ്‍ വിശദീകരിച്ചു.

പെന്‍ഗ്വിന്‍

സാധാരണയായി കറുത്ത നിറത്തിലുള്ള ഗൗണിനു പകരം ഈ പെന്‍ഗ്വിനുണ്ടായിരുന്നത് ഇളം ചാര നിരത്തിലുള്ള തൂവലുകളാണ്. വെള്ളനിറത്തില്‍ കാണപ്പെടുന്ന വയറിലെ തൂവലുകള്‍ക്കോ കഴുത്തിലെ മഞ്ഞ നിറത്തിലുള്ള തൂവലുകള്‍ക്കോ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. മറിച്ച് പെന്‍ഗ്വിനുകളുടെ ബ്ലേസര്‍ എന്നും ഓവര്‍ കോട്ടെന്നും മറ്റും അറിയപ്പെടുന്ന പുറത്തെ കറുത്ത തൂവലുകളില്‍ മാത്രമാണ് നിറംമാറ്റമുണ്ടായിരുന്നത്.

വെള്ള നിറത്തിലുള്ള ഇത്തരം പെന്‍ഗ്വിനുകളെ കണ്ടെത്തുന്നത് അപൂര്‍വമായാണ്. ശരീരത്തിന് കറുത്ത നിറം കൂടി നല്‍കുന്ന മെലാനിന്‍ എന്ന ഘടകത്തിന്‍റെ അഭാവമാണ് ഈ വെള്ളനിറത്തിനു കാരണം. അതേസമയം നേര്‍ വിപരീതമായിട്ടുള്ള മെലാനിസം എന്ന അവസ്ഥയും അത്യപൂര്‍വമായി പെന്‍ഗ്വിനുകളിലുണ്ടാറുണ്ട്. ഇവയില്‍ വെളുത്ത പിഗ്മെന്‍റുകളുടെ അഭാവമാകും ഉണ്ടാകുക. ഇതിനെയാണ് മെലാനിസം എന്നു വിളിയ്ക്കുന്നത്.

seals-spotted

സീല്‍

ആല്‍ബിനോ പെന്‍ഗ്വിനില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും വെളുത്ത നിറത്തിലാണ് ആല്‍ബിനിസം ബാധിച്ച ഏതാനും സീലുകൾ കാണപ്പെട്ടത്. ഒരു മുതിര്‍ന്ന സീലും കൂടാതെ ഏതാനും കുട്ടി സീലുകളുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. വെളുത്ത നിറത്തില്‍ സീലുകളുടെ ശരീരം കാണപ്പെടുന്നതിനെ ല്യൂസിസം എന്നും വിളിക്കാറുണ്ട്. വെളുത്ത സീലുകള്‍ സൗത്ത് ജോര്‍ജിയ ദ്വീപില്‍ അത്ര അപൂര്‍വമല്ല. ഏറ്റവുമധികം ആല്‍ബനിസം ബാധിച്ച സീലുകളെ കണ്ടെത്തിയിട്ടുള്ളത് സൗത്ത് ജോര്‍ജിയയിലാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വ്യാപകമായി നടന്ന സീല്‍ വേട്ടയാണ് സാധാരണ സീലുകളുടെ എണ്ണം ഇവിടെ കുറയാനും വെളുത്ത സീലുകളുടെ എണ്ണം താരതമ്യേന കൂടാനും കാരണമെന്നാണു കണക്കാക്കുന്നത്. അക്കാലത്ത് അപശകുനമായി കണ്ട് വെളുത്ത സീലുകളെ വേട്ടക്കാര്‍ കൊല്ലാറില്ലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com