20 വര്‍ഷം കൊണ്ട് ദമ്പതികൾ വളർത്തിയത് 40 ലക്ഷം മരങ്ങൾ!

Rainforest
SHARE

ഭൂമിയെ പച്ചപുതപ്പിക്കുന്ന മരങ്ങളെ സ്നേഹിക്കാനായി ഒരു ദിനം. പ്രകൃതിയുടെ അവിഭാജ്യ ഘടകമായ മരങ്ങൾക്കായി ‘നാഷണൽ ലവ് എ ട്രീ ഡേ’ ആയി ആചരിക്കുന്നത് എല്ലാ വർഷവും മെയ് 16നാണ്. മരങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിനുമുണ്ടെന്നതിന്റെ തെളിവാണ് ബ്രസീലിൽ 20 വർഷം കൊണ്ട് 40 ലക്ഷം മരങ്ങൾ വച്ചു പിടിപ്പിച്ച ഈ ദമ്പതികൾ.

20 വര്‍ഷം കൊണ്ട് 40 ലക്ഷം മരങ്ങൾ

1994 ലാണ് സെബാസ്റ്റിയോ സാല്‍ഗാഡോ എന്ന ഫൊട്ടോഗ്രാഫര്‍ തന്‍റെ ജന്മനാടായ ബ്രസീലിലേക്ക് ഒന്നര പതിറ്റാണ്ടിനു ശേഷം തിരിച്ചെത്തുന്നത്. ഫൊട്ടോഗ്രാഫര്‍ എന്ന നിലയില്‍ നിരവധി രാജ്യാന്തര മാഗസിനുകള്‍ക്കു വേണ്ടി ലോക സഞ്ചാരത്തിലായിരുന്നു സാല്‍ഗാഡോ. റുവാണ്ടന്‍ വംശഹത്യ പോലുള്ള ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സംഘര്‍ഷങ്ങൾക്കും വനനശീകരണം ഉള്‍പ്പടെയുള്ള പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ശേഷമായിരുന്നു സാല്‍ഗാഡോയുടെ മടക്കം.

ബ്രസീലിലെ മിനാസ് ഷെറീസിലുള്ള തന്‍റെ  പൈതൃക ഭവനത്തിലേക്കു മടങ്ങിയെത്താനുള്ള സാല്‍ഗാഡോയുടെ ആഗ്രഹത്തിന് ഒരു കാരണമുണ്ടായിരുന്നു. ആ പ്രദേശം മുഴുവൻ നിറഞ്ഞു നിന്നിരുന്ന മഴക്കാടുകളാണ് സാൽഗാഡോയെ അവിടേക്ക് മടക്കി വിളിച്ചത്‍. എന്നാൽ തിരികെയെത്തിയ സാല്‍ഗാഡോയിക്ക് ആ കാഴ്ച കണ്ടപ്പോള്‍ ശ്വാസം നിലയ്ക്കുന്നതു പോലെ തോന്നി. സാല്‍ഗാഡോ ലോകമെമ്പാടും നടന്നു പല ദുരന്തങ്ങളും ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ സമാനമായ ദുരന്തം ജന്മനാട്ടിലും സംഭവിക്കുകയായിരുന്നു. സമീപപ്രദേശങ്ങളിലെ മരങ്ങളെല്ലാം വെട്ടി മാറ്റപ്പെട്ടതോടെ സാല്‍ഗാഡോയുടെ പരമ്പരാഗത ഭൂമിയിലെ വൃക്ഷങ്ങളും വരള്‍ച്ചയും മണ്ണിടിച്ചിലും പോലുള്ള പ്രശ്നങ്ങള്‍ നിമിത്തം ഉണങ്ങി വീഴാറായിരുന്നു.

സ്വന്തം ഭൂമിയുടെ 0.5 ശതമാനം പ്രദേശത്തു മാത്രമാണ് വൃക്ഷങ്ങളുണ്ടായിരുന്നത് എന്ന് സാല്‍ഗാഡോ ഓര്‍ത്തെടുക്കുന്നു. പിന്നീടാണ് സാല്‍ഗാഡോയും ഭാര്യയും ചേര്‍ന്ന് ഭൂമിയേയും കാടിനേയും സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. ആ ദൗത്യമാണ് ഇന്ന് നാല്‍പത് ലക്ഷം മരങ്ങളുള്ള നിറയെ പച്ചപ്പുള്ള മഴക്കാടുകളായി മാറിയതും.

പുനര്‍ജനിച്ചത് മഴക്കാട്

ഇപ്പോള്‍ സാല്‍ഗാഡോ സ്വന്തം നാട്ടിലേക്കു തിരികെയെത്തിയിട്ട് 25 വര്‍ഷം പിന്നിടുന്നു. ആദ്യമെല്ലാം എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച സേഷം 1995 ലാണ് സാല്‍ഗഡോയും ഭാര്യയും ചേര്‍ന്നു മരങ്ങള്‍ നടാന്‍ തുടങ്ങിയത്. ആദ്യം വീടിനു ചുറ്റുമുള്ള ഏതാനും ഹെക്ടര്‍ മേഖലയില്‍ മാത്രം മരം നടുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ വൃക്ഷത്തൈകള്‍ നട്ട് തുടങ്ങിയതോടെ അതൊരു ദിനചര്യയായി മാറി. വൈകാതെ മിനാസ് ഷെറീസിലെ മഴക്കാടുകള്‍ അതിന്‍റെ പഴയ പ്രൗഢിയിലേക്ക് മടങ്ങിയെത്താനും തുടങ്ങി.

തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്നെങ്കിലും തുടര്‍ന്ന് വോളന്‍റിയര്‍മാരുടെയും പരിസ്ഥിതി സ്നേഹികളുടെയുമെല്ലാം സഹായം ഇവര്‍ തേടി. ഇതിനായി ആദ്യ ഘട്ടത്തില്‍ നിര്‍മിച്ച കാടിന്‍റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെറാ എന്ന എന്‍ജിഒ ആരംഭിച്ചു. വനനശീകരണം സംഭവിച്ച 17000 ഏക്കര്‍ പ്രദേശം പൂര്‍വ സ്ഥിതിയിലാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ഈ സംഘടന വഴിയാണ് വോളന്‍റിയര്‍മാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും സംഘടിപ്പിച്ചതും വൃക്ഷത്തെകള്‍ നട്ടതും. തുടര്‍ന്ന് 1999 മുതല്‍ ഇതുവരെയുള്ള 20 വര്‍ഷത്തിനിടെ ഈ ലക്ഷ്യം അവര്‍ സാധിച്ചു. ഇതിനായി നട്ടവയാണ് ഈ 40 ലക്ഷം മരങ്ങളും. 

തിരികെയെത്തിയ മഴയും ഉറവയും

വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചത് വളരും മുന്‍പ് 2001 ല്‍ എടുത്ത ചിത്രവും 2019 ലെ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തി സാല്‍ഗാഡോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 1995 ല്‍ നട്ട മരങ്ങള്‍ വളര്‍ന്നതോടെ 1999 ലാണ് ഏകദേശം 10 വര്‍ഷക്കാലം അകന്നു നിന്ന മഴ ഇവിടേക്കു തിരികെയെത്തിയത്. പക്ഷേ ഈ മഴയും പ്രദേശത്താകെ പച്ചപ്പു വിരിയിക്കാന്‍ മതിയാകുമായിരുന്നില്ല. പ്രത്യേകച്ചും തടസ്സങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ മഴവെള്ളം ഒലിച്ചു പോകുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്‍.

Rainforest

ഇതോടെയാണ് മരങ്ങള്‍ നടുന്നതിനൊപ്പം തന്നെ മഴക്കുഴികളും ഇവര്‍ നിര്‍മിച്ചു തുടങ്ങിയത്. 1999 മുതല്‍ 2005 വരെയുള്ള കാലയളവില്‍ ആയിരക്കണക്കിന് മഴക്കുഴികള്‍ ഇവര്‍ നിര്‍മിച്ചു. ഇതോടെ പ്രദേശത്താകെ ഉറവ രൂപപ്പെട്ടു. വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും മുന്‍പുള്ളതിനേക്കാള്‍ വേഗത്തില്‍ തഴച്ചു വളരാന്‍ തുടങ്ങി. വെള്ളം എത്തിക്കുന്നതിനൊപ്പം മണ്ണിലേക്ക് നൈട്രജന്‍ തിരികെയെത്തിക്കുന്നതും ആദ്യ ഘട്ടത്തില്‍ വെല്ലുവിളിയായിരുന്നു എന്ന് സാല്‍ഗാഡോ ഓര്‍ത്തെടുക്കുന്നു. 

നൈട്രജന്റെ കുറവു മൂലം ആദ്യ സമയങ്ങളില്‍ നട്ട മരങ്ങളുടെ 80 ശതമാനത്തോളം കരിഞ്ഞു പോയിരുന്നു. ഇത് ഏറെ നിരുത്സാഹപ്പെടുത്തിയ സംഭവം ആയിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ മണ്ണിലേക്കു നൈട്രജന്‍ വളം ഉപയോഗിച്ചു. പിന്നീട് അടുത്ത വര്‍ഷം മരങ്ങള്‍ നട്ടത്തില്‍ 20 ശതമാനം മാത്രമാണ് വളര്‍ച്ച മുരടിച്ചു പോയത്. നൈട്രജന്‍ നല്‍കുന്നത് ഏതാനും വര്‍ഷത്തേക്കു തുടര്‍ന്നതോടെ മരങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ വളരാന്‍ തുടങ്ങി. ഇപ്പോള്‍ സ്വാഭാവിക നൈട്രജന്‍ ലഭിക്കുന്നതിനാല്‍ കൃത്രിമമായി നല്‍കാറില്ലെന്നും സല്‍ഗാഡോ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA