കണ്ടെത്തിയ മരത്തിന്റെ പ്രായം 2624 വയസ്സ്; ഇത് മരമുത്തശ്ശൻമാരുടെ താവളം!

 A 2,624-Year-Old Tree Has Just Been Found Growing in a Swamp in America
SHARE

യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ബ്ലാക്ക് റിവര്‍ തീര്‍ക്കുന്ന വെള്ളക്കെട്ടിലെ ചതുപ്പ് നിലത്തിലാണ് ആയിരത്തിലേറെ വര്‍ഷങ്ങളായി വളര്‍ന്നു പടർന്ന് പന്തലിച്ചു നില്‍ക്കുന്ന മരമുത്തശ്ശന്‍മാരുള്ളത്. ഭൂരിഭാഗം മരങ്ങള്‍ക്കും രണ്ടായിരത്തിലേറെ വര്‍ഷം പ്രായം വരും. കൂട്ടത്തില്‍ കണ്ടെത്തിയ ഏറ്റവും പ്രായമേറിയ വൃക്ഷത്തിന് 2624 വര്‍ഷത്തെ പഴക്കമാണുള്ളത്. സൈപ്രസ് വിഭാഗത്തില്‍ പെട്ട ബാള്‍ഡ് സൈപ്രസ് എന്നറിയപ്പെടുന്നവയാണ് ഈ വൃക്ഷങ്ങള്‍. യുഎസിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചതുപ്പ് മേഖലകളിലും വെള്ളം കെട്ടി കിടക്കുന്ന പ്രദേശത്തും വരണ്ട ഭൂപ്രകൃതിയിലുമെല്ലാം കാണപ്പെടുന്നവയാണ് ഈ മരങ്ങള്‍. 

കണ്ടെത്തിയ വൃക്ഷങ്ങളില്‍ ഏറ്റവും പഴക്കം ചെന്ന അഞ്ചാമത്തെ വൃക്ഷമാണ് ബാള്‍ഡ് സൈപ്രസ് ഇനത്തില്‍ പെട്ട 2624 വര്‍ഷം പഴക്കമുള്ള നോര്‍ത്ത് കാരലൈനയിലെ വൃക്ഷം. നിലവിൽ അമേരിക്കയിലെ തന്നെ ഉതായിലുള്ള പാണ്ടോ എന്നു വിളിക്കുന്ന ക്യൂകിന്‍ ആസ്പിന്‍ മരങ്ങള്‍ മാത്രമുള്ള വനമേഖലയാണ് ലോകത്തെ ഏറ്റവും പഴക്കം ചെന്ന വൃക്ഷം. എണ്‍പതിനായിരം വര്‍ഷത്തിലേറെ പഴക്കമുള്ള വേരില്‍ നിന്ന് സ്വയം ഉണ്ടായി വരുന്നതിനാല്‍ ഈ വനമേഖലയെ ഒറ്റ മരമായാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഇതിനു സമീപം തന്നെയുള്ള മറ്റൊരു വൃക്ഷത്തിന് 2088 വര്‍ഷത്തെ പഴക്കമുണ്ട്. ഇങ്ങനെ മേഖലയിലുള്ളഎല്ലാ വൃക്ഷങ്ങള്‍ക്കും തന്നെ രണ്ടായരത്തിലധികമോ രണ്ടായിരത്തോളമോ വര്‍ഷം പഴക്കമുണ്ടാകുമെന്നാണു ഗവേഷകര്‍ കണക്കാക്കുന്നത്.

കൂട്ടത്തില്‍ ഒരു ഡസനിലേറെ മരങ്ങളെങ്കിലും അടുത്ത അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രായം 3000 കടക്കുന്നവയായിരിക്കുമെന്നും പഠനം നടത്തിയ ആർക്കൻസാസ് സര്‍വകലാശാലയ ഭൗമശാസ്ത്രജ്ഞനായ ഡേവിഡ് വേയ്ല്‍ പറയുന്നു. 1980 കളിലാണ് ഈ മേഖലയിലെ വൃക്ഷങ്ങളെക്കുറിച്ച് പഠനമാരംഭിച്ചത്. അക്കാലത്ത് 1708 വര്‍ഷം പഴക്കമുള്ള ഒരു വൃക്ഷമായിരുന്നു കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന വൃക്ഷമായി കണക്കാക്കിയിരുന്നത്. പിന്നീട് പലപ്പോഴായി ഈ പദവി പല വൃക്ഷങ്ങള്‍ക്കു മാറി മറിഞ്ഞു ലഭിച്ചു. ഒരു പക്ഷേ ഇപ്പോള്‍ കണ്ടെത്തിയ 2624 വര്‍ഷത്തെ പഴക്കമുള്ള വൃക്ഷത്തേക്കാള്‍ പ്രായമേറിയവയും ഇക്കൂട്ടത്തില്‍ ഉണ്ടായിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. കൂടുതല്‍ മരങ്ങള്‍ പരിശോധിക്കുമ്പോള്‍ എന്നെങ്കിലും ഇത് കണ്ടെത്താന്‍ സാധിച്ചേക്കുമെന്നാണ് ഇവരുടെ നിലപാട്.

കാരലൈനയിലെ ചതുപ്പു നിലത്തില്‍ ഗവേഷകര്‍ ഇതുവരെ പഠനം നടത്താത്ത മേഖലയില്‍ നിന്നാണ് ഇപ്പോള്‍ പ്രദേശത്ത് ഏറ്റവും പ്രായമേറിയ വൃക്ഷത്തെ കണ്ടെത്തിയിരിക്കുന്നത്. ഇന്‍ക്രിമെന്‍റ്  ബോറര്‍ എന്ന ലളിതമായി കൈകൊണ്ട് കറക്കി ഉപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മരങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാനുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇതുപയോഗിച്ച് സാംപിളുകള്‍ ശേഖരിക്കുന്നത് മരത്തിന് ആഘാതം ഏല്‍പ്പിക്കില്ല എന്നതിനാല്‍ സുരക്ഷിതമായ പ്രക്രിയയാണ്. മരത്തിന്‍റ മധ്യഭാഗത്ത് വളയങ്ങള്‍ പോലെ കാണപ്പെടുന്നവയാണ് പ്രായം കണ്ടെത്താന്‍ സഹായിക്കുന്നത്. പ്രായത്തിനനുസരിച്ച് ഈ വളയത്തിന്‍റെ പാളികളിലും വർധനവുണ്ടാകും.

BLK 227 എന്ന നമ്പറാണ് 2624 വര്‍ഷത്തെ കാലപ്പഴക്കമുള്ള മരത്തിനു നല്‍കിയിരിയ്ക്കുന്നത്. പ്രായം കണക്കാക്കിയാല്‍ ക്രിസ്തുവര്‍ഷാരംഭത്തിനും 605 വര്‍ഷം മുന്‍പാണ് ഈ മരം ഉണ്ടായതെന്നു മനസ്സിലാക്കാനാകും. BLK 232 എന്ന നമ്പര്‍ നല്‍കിയിട്ടുള്ള മരത്തിനാണ് 2088 വര്‍ഷത്തെ പഴക്കം കണ്ടെത്തിയത്. ഈ മരത്തിന് ഒരു പ്രത്യേകതയുണ്ട്. ഈജിപ്റ്റിൽ ക്ലിയോപാട്ര രാജ്ഞി ജനിച്ച വര്‍ഷത്തിലാണ് ഈ മരവുമുണ്ടായത്. അതായത് ബി.സി 70 ല്‍. 

മേഖലയിലെ പതിനായിരക്കണക്കിനു മരങ്ങളില്‍ 110 എണ്ണം മാത്രമാണ് ഈ ഘട്ടത്തില്‍ ഗവേഷകര്‍ പഠനനത്തിനു വിധേയമാക്കിയത്. കൂടുതല്‍ പഠനം നടത്താനുള്ള സാഹചര്യം ഒത്തുവരുമ്പോള്‍ ഒരു പക്ഷേ കൂടുതല്‍ പ്രായമേറിയ മരങ്ങളും കണ്ടെത്താനായേക്കുമെന്ന് ഇവര്‍ പറയുന്നു. ഏതാണ്ട് വര്‍ഷം മുഴുവന്‍ വെള്ളക്കെട്ടു നിലനില്‍ക്കുന്ന ഈ നദിക്കരയില്‍ വൃക്ഷങ്ങള്‍ ഇത്രയും കാലം കേടു കൂടാതെ നിലനിന്നു എന്നത് അദ്ഭുതകരമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഒപ്പം കാലാവസ്ഥാ വ്യതിയാനവും വായു, നദീ മലിനീകരണം പോലുള്ള പ്രശ്നങ്ങളും ഈ വൃക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA