sections
MORE

വംശനാശം സംഭവിച്ചത് 136000 വര്‍ഷങ്ങള്‍ക്കു മുന്‍പ്; വീണ്ടും ഉയര്‍ത്തെഴുന്നേറ്റ പക്ഷി!

white throated rail
The flightless rail evolved from Madagascar's white throated rail. Image Credit: Charles J Sharp
SHARE

ഒരു ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 136000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കുളക്കോഴി വിഭാഗത്തില്‍ പെടുന്ന ഒരു പക്ഷിക്ക് വംശനാശം സംഭവിച്ചത്. പക്ഷേ ഇന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ പല ദ്വീപുകളിലും ഈ പക്ഷിയെ കാണാന്‍ കഴിയും. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും വീണ്ടും ഉയർത്തെഴുന്നേറ്റു വന്ന ഒരുപക്ഷേ ലോകത്തെ ഏക പക്ഷി വര്‍ഗമായിരിക്കും ഈ വിഭാഗത്തില്‍ പെട്ട കുളക്കോഴികള്‍. ഇവക്കു സംഭവിച്ച ഈ അപൂര്‍വ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍ ഗവേഷകര്‍.

ഇറ്ററേറ്റീവ് ഇവല്യൂഷന്‍ എന്നാണ് കുളക്കോഴികള്‍ക്കു സംഭവിച്ച ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിക്കുന്നത്. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും തിരികെ എത്തിയതിനാലാണ് ഈ പേര് ലഭിയ്ക്കാന്‍ കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തില അലഡാബ്ര എന്ന ദ്വീപിലാണ് ഇവയെ ഏറ്റവുമധികം ഇന്നു കാണാനാകുക.  എന്നാല്‍ ഇതേ ദ്വീപില്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ജീവികളുണ്ടായിരുന്നു എന്ന കണ്ടെത്തലാണ് ഗവേഷകരെ അമ്പരപ്പിച്ചത്. ഇപ്പോഴുള്ള ജീവികള്‍ ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം ദ്വീപിലേക്കെത്തിയതാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത് . അങ്ങനെയിരിക്കെ എങ്ങനെ ഒരു ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ജീവികൾ ദ്വീപിലുണ്ടാകും എന്ന ചോദ്യത്തിന് ഗവേഷകര്‍ക്കു ലഭിച്ച ഉത്തരമാണ് ഇറ്ററേറ്റീവ് ഇവല്യൂഷന്‍.

ഇറ്ററേറ്റീവ് ഇവല്യൂഷന്‍

ഒരേ മുന്‍തലമുറയിൽ പെട്ട ജീവികളില്‍ നിന്ന് രണ്ട് തവണ ഒരു ജീവി പരിണാമത്തിന്‍റെ ഭാഗമായി ഉണ്ടാകുന്നതിനെയാണ് ഇറ്ററേറ്റീവ് ഇവല്യൂഷന്‍ എന്നു വിളിക്കുന്നത്. റീല്‍ അഥവാ കുളക്കോഴി ഇനത്തില്‍പെട്ട അലഡാബ്രയിലെ ഈ ജീവികള്‍ക്ക് പറക്കാനുള്ള കഴിവില്ല. അതുകൊണ്ട് തന്നെ ഈ ദ്വീപില്‍ വംശനാശം സംഭവിച്ച ശേഷം മറ്റേതെങ്കിലും ദ്വീപില്‍നിന്ന്  സമാനമായ പക്ഷിവര്‍ഗം കുടിയേറാനുള്ള സാധ്യതയില്ല. ഇതില്‍തന്നെ പറക്കാന്‍ കഴിവുള്ള ഒരു പൊതു മുന്‍തലമുറ പക്ഷിയില്‍ നിന്ന് രണ്ട് തവണ ഈ പക്ഷികള്‍ ഉരുത്തിരിഞ്ഞു വന്നതാകാം എന്ന നിഗമനത്തിലാണ് ഗവേഷകര്‍. 

വൈറ്റ് ത്രോട്ടഡ് റെയില്‍

കഴുത്തിലുള്ള വെള്ള പാണ്ടാണ് ഈ വിഭാഗത്തില്‍ പെട്ട കുളക്കോഴികള്‍ക്ക് വൈറ്റ് ത്രോട്ടഡ് റെയ്ല്‍ എന്ന പേരു ലഭിക്കാന്‍ കാരണമായത്. ജലാശയങ്ങളോടു ചേര്‍ന്നാണ് വൈറ്റ് ത്രോട്ടഡ് റെയിലുകളെ കാണപ്പെടുന്നത്. വെള്ളത്തില്‍ മുങ്ങി ഇര പിടിക്കാന്‍ കഴിവുണ്ടെങ്കിലും ഏറെ നേരം നീന്താനൊന്നും ഇവയ്ക്ക് സാധ്യമല്ല. അതിനാല്‍ തന്നെ സമീപ ദ്വീപുകളില്‍ നിന്നു പോലും പക്ഷികള്‍ കുടിയേറാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു. ഒരു കോഴിയുടെ വലുപ്പമുള്ള ഈ പക്ഷികളുടെ പൂര്‍വികര്‍ മഡഗാസ്കറില്‍ നിന്ന് അലഡാബ്രയിലേക്കത്തിയതാകാം എന്നാണു കണക്കു കൂട്ടുന്നത്. 

അലഡാബ്ര ദ്വീപസമൂഹത്തിലും സമീപത്തുള്ള മറ്റ് ദ്വീപുകളിലും ഈ പക്ഷികള്‍ക്ക് ശത്രുക്കളില്ല. അതിനാല്‍ തന്നെ ഇവയ്ക്ക് പറക്കേണ്ടി വരാറില്ല. കാലക്രമേണ ഇവയുടെ ശരീര ഭാരം കൂടുകയും ചെയ്തതോടെ പറക്കാനുള്ള ശേഷി ഏതാണ്ട് പൂര്‍ണമായും ഇവയ്ക്ക് നഷ്ടപ്പെട്ടു എന്നാണു കരുതുന്നത്. രണ്ട് തവണയും ഈ ജീവികളുടെ പരിണാമത്തിന് ദ്വീപലെ സാഹചര്യങ്ങള്‍തന്നെയാണ് നിര്‍ണായകമായതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. 

ആദ്യപക്ഷികളുടെ വംശനാശം

ഏതാണ്ട് 1 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ജലനിരപ്പിലെ വർധനവാണ് വൈറ്റ് ത്രോട്ടഡ് റെയ്ല്‍ ഇനത്തില്‍ പെട്ട പക്ഷികളിലെ അദ്യപക്ഷികള്‍ക്ക് വംശനാശം സംഭവിക്കാന്‍ കാരണമായത്. അക്കാലത്ത് അലഡാബ്ര ഉള്‍പ്പടെയുള്ള പ്രദേശത്തെ ദ്വീപുകളെല്ലാം വെള്ളത്തിടയില്‍ ആണ്ടുപോയിരുന്നു. ഇതോടെ മേഖലയിലെ ജീവിവര്‍ഗങ്ങളാകെ നശിക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലത്ത് വെള്ളം ഇറങ്ങിയതോടെ ദ്വീപുകള്‍ വീണ്ടും ഉയര്‍ന്നു വരികയും ഇവിടേക്ക് പുതിയ ജീവജാലങ്ങള്‍ കുടിയേറുകയും ചെയ്തു. ഈ കുടിയേറ്റത്തിന്‍റെ ഭാഗമായെത്തിയ പക്ഷകളില്‍ വൈറ്റ് ത്രോട്ടഡ് റെയ്‌ലിന്‍റെ പൂര്‍വികരുമുണ്ടായിരുന്നു. ഇതാണ് ഈ പക്ഷിവംശം പുനര്‍ജനിക്കാന്‍ കാരണമായതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA