ADVERTISEMENT

യുഎസിലെ മറ്റേതു പക്ഷികളും നിലനില്‍പു ഭീഷണി നേരിടുന്നുണ്ടെങ്കിലും അത്തരം ഒരു ഭീഷണിയുമില്ലാത്ത ഏക പക്ഷിവര്‍ഗം തത്തകളാണെന്നു നിസ്സംശയം പറയാം. കാരണം പ്രാദേശികമായി 2 തത്തവര്‍ഗങ്ങള്‍ മാത്രമുണ്ടായിരുന്നു യുഎസില്‍ ഇന്ന് അന്‍പതിലേറെ വിഭാഗങ്ങളിൽ പെട്ട തത്തകളുണ്ട്. അതും പ്രാദേശികമായുണ്ടായിരുന്നു 2 തത്തവര്‍ഗങ്ങളില്‍ ഒന്നിനു വംശനാശം സംഭവിച്ച ശേഷവും. എന്തുകൊണ്ടാണ് യുഎസില്‍ ഇത്രയധികം തത്തകള്‍ ഉണ്ടായതെന്ന് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് കൗതുകകരമായ ഉത്തരമാണ്.

പക്ഷികളുടെ നിര്‍ബന്ധിത കുടിയേറ്റം

Parakeet

പക്ഷികളില്‍ ഏറ്റവും സൗന്ദര്യമുള്ളവയില്‍ പെട്ടവയാണ് തത്തകള്‍. അതുകൊണ്ട് തന്നെ വളര്‍ത്തു പക്ഷികളെന്ന നിലയില്‍ ഇവയ്ക്ക് ആവശ്യക്കാര്‍ ഒരു കാലഘട്ടത്തില്‍ നിരവധിയുണ്ടായിരുന്നു. തത്തകളെ വളര്‍ത്തുന്നതിനായുള്ള അമേരിക്കക്കാരുടെ ഈ ആഗ്രഹമാണ് ഇന്ന് യുഎസിലെ തത്ത വര്‍ഗങ്ങളുടെ എണ്ണം അന്‍പതിനു മുകളിലെത്തിച്ചതും. യുഎസില്‍ ഇന്നുള്ള തത്ത വര്‍ഗങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാം ആളുകള്‍ വളര്‍ത്തു പക്ഷികളായെത്തിച്ചവയാണ്. മനുഷ്യരുടെ പിടിയിൽ നിന്ന് രക്ഷപെട്ടെത്തിയവയാണ് ഇവയിലേറെയും. യുഎസിലെ 23 സംസ്ഥാനങ്ങളിലായി ഇവ താവളമുറപ്പിച്ചു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭിത്തിലാണ് ദക്ഷിണ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഉള്‍ക്കാടുകളില്‍ നിന്ന് വിവിധ ജീവികളെ കൗതുകത്തിന്‍റെ പേരില്‍ വളര്‍ത്തുന്നതിനായി അമേരിക്കയിലേക്കും യൂറോപ്പിലേക്കുമെത്തിക്കാന്‍ തുടങ്ങിയത്. 1950 കള്‍ ആയപ്പോഴേക്കും തത്തകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികള്‍ അമേരിക്കയില്‍ പെരുകി. ഇതിനകം തന്നെ പലര്‍ക്കും ഈ തത്തകളിലുള്ള ഭ്രമം അവസാനിക്കുകയും ചെയ്തു.

തടവറയില്‍ നിന്ന് സ്വതന്ത്രമായവര്‍

Blue-crowned Parakeet

വളര്‍ത്ത് പക്ഷികളായെത്തിയ തത്തകള്‍ ഉടമകള്‍ക്കു വേണ്ടാതായതോടെ സ്വതന്ത്രരായി. ചിലത് ഉടമകളെ പറ്റിച്ച് പറന്നകന്നു.മങ്ക് പാരാകീറ്റ്സ് ഇനത്തില്‍ പെട്ട തത്തകളാണ് ഇന്ന് അമേരിക്കയില്‍ ഏറ്റവുമധികമുള്ളത്. തെക്കേ അമേരിക്കയില്‍ നിന്നെത്തിയ ഈ തത്തകളില്‍ ആയിരത്തിലധികം 1970 കള്‍ ആയപ്പോഴേക്കും സ്വതന്ത്രരായിരുന്നു. ഈ തത്തകളുടെ പിന്‍തലമുറയാണ് ഇപ്പോള്‍ ലക്ഷക്കണക്കിനായി പെരുകി അമേരിക്കയിലെ 10 സംസ്ഥാനങ്ങളിലായി വിഹരിക്കുന്നത്. കാടുകളില്‍ സ്വതന്ത്രരായി ജീവിക്കുന്ന ഈ തത്തകള്‍ ഇപ്പോള്‍ സന്തുഷ്ടരാണെന്നതാണ് ഇവയെക്കുറിച്ചു ഗവേഷണം നടത്തിയ പ്രഫസര്‍ സ്റ്റീഫൻ പ്രുവെറ്റ് ജോണ്‍സ് അഭിപ്രായപ്പെടുന്നത്.

യുഎസിലെ വനങ്ങളില്‍ സ്വാഭാവികമായി ജീവിക്കുന്ന തത്തകളെ കണ്ടെത്താന്‍ ചരിത്ര രേഖകളുള്‍പ്പടെ സ്റ്റീഫൻ പ്രുവെറ്റ് ജോണ്‍സ് പരിശോധിച്ചിരുന്നു. ഔഡബണിന്‍റെ  ക്രിസ്മസ് ബേര്‍ഡ് കൗണ്ട്, സിറ്റിസണ്‍ സയന്‍സ് പ്ലാറ്റ്ഫോം തയ്യറാക്കിയ ഇ ബേഡ് തുടങ്ങിയ പുസ്തകങ്ങള്‍ മുതല്‍ 2002 മുതല്‍ 2016 വരെയുള്ള പക്ഷി സെന്‍സസ് വരെ തത്തകളെക്കുറിച്ചുള്ള പഠനത്തിനായി ഉപയോഗിച്ചിരുന്നു. ഇതിനൊടുവില്‍ മങ്ക് പാരാകീറ്റ്സ് വിഭാഗത്തില്‍ പെട്ട ഒന്നേകാല്‍ ലക്ഷത്തോളം തത്തകളെയാണ് യുഎസിലെ 20000 പ്രദേശങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ടെന്ന കണക്കുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്.

Red-crowned Parakeet

മങ്ക് പരാകീറ്റ്സുകള്‍ മാത്രമല്ല റെഡ് ക്രൌണ്‍ഡ് ആമസോണ്‍, നന്‍ഡേ പാരാകീറ്റ് തുടങ്ങിയവയും കൂടാതെ ആമസോണ്‍, പരാകീറ്റ്, മക്കാവ് ഇനത്തില്‍ പെട്ട മറ്റ് നിരവധി തത്തകളും യുഎസിലെ വനങ്ങളില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇവയെല്ലാം ചേര്‍ത്താണ് യുഎസിലെ 23 സംസ്ഥാനങ്ങളിലായി 54 തത്തവര്‍ഗങ്ങളുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. കാരലൈന പാരാകീറ്റ്, തിക്ക് ബില്‍ഡ് പാരാകീറ്റ് എന്നീ തത്തകളാണ് യുഎസില്‍ സ്വാഭാവികമായി കാണപ്പെട്ടിരുന്നത്. ഇവയില്‍ കാരലൈന പാരകീറ്റിന് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ വംശനാശം സംഭവിച്ചിരുന്നു.

അതേസമയം ഈ ഉഷ്ണമേഖലാ തത്തകളുടെ സംരക്ഷണം എല്ലാ സംസ്ഥാനങ്ങളിലും സുഗമമായി നടക്കുന്നില്ല. പല സംസ്ഥാനങ്ങളും ഇവയുടെ എണ്ണം വർധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ഈ പക്ഷികള്‍ ഏറ്റവുമധികം കാണപ്പെടുന്നത് ഫ്ലോറിഡ, ടെക്സാസ്, കലിഫോര്‍ണിയ തുടങ്ങിയ ചൂടുകൂടിയ മേഖലകളിലാണ്. ചിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങിയ തണുപ്പു കൂടിയ മേഖലകളിലും ഇവയുടെ സാന്നിധ്യമുണ്ടെങ്കിലും താരതമ്യേന കുറവാണ്. തണുപ്പ് കാലത്ത് ഭക്ഷണം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് തത്തകളെ ഈ പ്രദേശത്തുനിന്നകറ്റി നിര്‍ത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com