ADVERTISEMENT

അഗ്നിപര്‍വതങ്ങള്‍ എപ്പോഴും ശാസ്ത്രത്തിന് പ്രിയപ്പെട്ട പഠനവിഷയങ്ങളായിരുന്നു. ഭൂമിയുടെ ഉള്‍ക്കാമ്പിനെക്കുറിച്ചg മാത്രമല്ല ലോകത്തിന്‍റെ ഉൽപത്തിയെക്കുറിച്ചു വരെയുള്ള രഹസ്യങ്ങള്‍ കണ്ടെത്തുന്നതില്‍ അഗ്നിപര്‍വതങ്ങളും അവയിലൂടെ പുറത്തു വന്നിട്ടുള്ള ഭൗമാന്തര്‍ഭാഗത്തെ വസ്തുക്കളും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഗ്നിപര്‍വതങ്ങളെക്കുറിച്ച് ഇന്നും നിരവധി പഠനങ്ങള്‍ നടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ ഒരു പഠനമാണ് അഗ്നിപര്‍വതങ്ങളെക്കുറിച്ച് ഇതുവരെയുണ്ടായ ധാരണകളെ പോലും തിരുത്താന്‍ ഇപ്പോള്‍ കാരണമായിരിക്കുന്നത്.

അഗ്നിപര്‍വതത്തിന്‍റെ ഉദ്ഭവം

ഭൗമാന്തര്‍ഭഗത്തു നിന്നുള്ള തിളച്ചു മറിയുന്ന ലാവ പുറത്തു വരുന്ന പര്‍വത മുഖങ്ങളാണ് അഗ്നിപര്‍വതമെന്ന പേരില്‍ പൊതുവെ അറിയപ്പെടുന്നത്. ഭൂമിയുടെ പുറന്തോടായ ക്രസ്റ്റിനു തൊട്ടുതാഴെ മധ്യപാളിയായ മാന്‍റിലിന്‍റെ ഉയര്‍ന്ന തട്ടിലായാണ് അഗ്നിപര്‍വതങ്ങളുടെ ഉറവിടമെന്നാണ് ഇതുവരെ കരുതിപോന്നിരുന്നത്. അപ്പർ മാന്‍റിലില്‍ നിന്നുള്ള ലാവ ക്രസ്റ്റില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് അഗ്നിപര്‍വതമുഖങ്ങളിലൂടെ പുറത്തു വരുന്നുവെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അഗ്നിപര്‍വതങ്ങളുടെ ഉറവിടം അപ്പര്‍മാന്‍റിലില്‍ അല്ലെന്നും അതിലും ആഴത്തിലാണെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

Earth structure

അപ്പര്‍ മാന്‍റിലിനും ലോവര്‍ മാന്‍റിലിനും മധ്യത്തിലായാണ് അഗ്നിപര്‍വതങ്ങളുടെ ഉറവിടമെന്ന് പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭൗമശാസ്ത്രജ്ഞര്‍ വിവരിക്കുന്നു. ബര്‍മുഡാ ദ്വീപുകളിലെ അഗ്നിപര്‍വതങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ നിര്‍ണായക കണ്ടെത്തലുകള്‍ ഗവേഷകര്‍ നടത്തിയത്. ഇപ്പോള്‍ സജീവമല്ലാത്ത ഏതാനും അഗ്നിപര്‍വതങ്ങളുടെ മുകളിലാണ് ബര്‍മുഡാ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവയുടെ അടിയില്‍ ഏതാണ്ട് 400 മുതല്‍ 650 കിലോമീറ്റര്‍ ആഴത്തിലാണ് ഈ അഗ്നിപര്‍വതങ്ങളുടെ ഉറവിടമെന്ന് ഗവേഷകര്‍ കണ്ടെത്തി. 

പക്ഷേ ഇതിനര്‍ത്ഥം എല്ലാ അഗ്നിപര്‍വ്വതങ്ങളും ഇതേ ആഴത്തില്‍ നിന്നാണ് ഉദ്ഭവിക്കുന്നത് എന്നതല്ല. ഏറ്റവുമധികം അഗ്നിപര്‍വ്വതങ്ങള്‍ കാണപ്പെടുന്ന ദ്വീപുകളിലൊന്നായ ഹവായ് ദ്വീപസമൂഹത്തിലെ അഗ്നിപര്‍വതങ്ങളുടെ പരമാവധി ആഴം 400 കിലോമീറ്റര്‍ വരെയാണ്. അതായത് ഇവയില്‍ ഭൂരിഭാഗം അഗ്നിപര്‍വതങ്ങളും ഉദ്ഭവിക്കുന്നത് അപ്പര്‍ മാന്‍റിലില്‍ മാത്രമാണ്. പക്ഷേ ഇവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബര്‍മുഡ ദ്വീപുകളില അഗ്നിപര്‍വതങ്ങളുടെ ആഴം 200 മുതല്‍ 300 കിലോമീറ്റര്‍ വരെ കൂടുതല്‍ ആഴത്തിലാണ്.

കണ്ടെത്തല്‍ നാല് പതിറ്റാണ്ട് മുന്‍പുള്ള സാംപിളില്‍ നിന്ന്

1972 ല്‍ ബെര്‍മുഡ ദ്വീപിലെ അഗ്നിപര്‍വതങ്ങളിലൊന്നില്‍ നടത്തിയ ഡ്രില്ലിങ്ങിന്‍റെ സാംപിളില്‍ നിന്നാണ് ഇപ്പോള്‍ നിര്‍ണായക കണ്ടെത്തലിനുള്ള തെളിവുകള്‍ ലഭിച്ചത്. ഏതാണ്ട് 700 മീറ്റര്‍ ആഴത്തില്‍ നടത്തിയ ഈ ഡ്രില്ലിങ്ങില്‍ നിന്ന് ലഭിച്ച സാംപിളുകള്‍ പ്രദേശത്തിന്‍റെ ഭൗമചരിത്രം തന്നെ വിവരിക്കുന്നവയായിരുന്നു. മുന്‍പ് ആഴത്തില്‍ നിന്നെത്തി മുകളിലടിഞ്ഞ ലാവകള്‍ ഓരോ കാലഘട്ടത്തിലും പാളികളായി മാറി കിടക്കുന്നത് ഈ ഡ്രില്ലിങ്ങിലെ സാംപിളില്‍ കണ്ടെത്തി. ഈ ലാവയുടെ പരിശോധനയിലാണ് അവ വന്നിരിക്കുന്നത് ഏതാണ്ട് 600 കിലോമീറ്ററിനും ഏറെ ആഴത്തില്‍ നിന്നാണെന്ന് ഗവേകര്‍ കണ്ടെത്തിയത്.

സബ്ഡക്ഷന്‍ സോണ്‍ എന്നാണ് മാന്‍റിലും ക്രസ്റ്റും ചേരുന്ന ഭാഗത്തെ വിളിക്കുന്നത്. ഈ സബ്ഡക്ഷന്‍ സോണുകളാണ് പൊതുവെ അഗ്നിപര്‍വതങ്ങലുടെ ഉറവിടങ്ങളായി കണക്കാക്കിയിരുന്നതും. എന്നാല്‍ സബ്ഡക്ഷന്‍ സോണില്‍ കാണപ്പെടുന്നതിലും കൂടുതല്‍ വെള്ളത്തിന്‍റെ അംശം ബര്‍മുഡ ദ്വീപുകളിലെ അഗ്നിപര്‍വത മുഖങ്ങളിലെ ലാവ അവശിഷ്ടങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതും സബ്ഡക്ഷന്‍ സോണിലും ആഴത്തിലാണ് അഗ്നിപര്‍വതങ്ങള്‍ രൂപം കൊള്ളുന്നതെന്ന ധാരണ രൂപപ്പെടാന്‍ സഹായിച്ചു.

ലാവയിലെ ഐസോടോപ്പുകളുടെ അളവ്

ഇതാണ് അഗ്നിപര്‍വതങ്ങളുടെ ഉറവിടം സംബന്ധിച്ച പഠനത്തില്‍ നിര്‍ണായകമായത്. സാധാരണയിലും പല മടങ്ങ് ഇരട്ടി ഐസോടോപ്പുകളാണ് ബർമുഡ മേഖലയില അഗ്നിപര്‍വതത്തില്‍ നിന്ന് പലപ്പോഴായി കണ്ടെത്തിയിട്ടുള്ളത്. ഭൂമിയുടെ കോറിലേക്ക് അടുക്കും തോറുമാണ് ഈ ഐസോടോപ്പുകളുടെ എണ്ണം കൂടുന്നതിനുള്ള സാധ്യതയും വർധിക്കുക. ഈ കണ്ടെത്തലും ലോവര്‍ മാന്‍റിലിനോട് ചേര്‍ന്നും അഗ്നിപര്‍വതങ്ങളുടെ ഉറവിടെ സ്ഥിതി ചെയ്യുന്നു എന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ സഹായിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com