sections
MORE

മരുഭൂമിയെ പച്ചപുതപ്പിച്ച യാക്കൂബാ; വഴികാട്ടിയത് പൂര്‍വികരില്‍ നിന്നും പകര്‍ന്നു കിട്ടിയ സായ് മാതൃക!

The man greening Burkina Faso′s desert
SHARE

താപനില റെക്കോര്‍ഡുകള്‍ താണ്ടുന്നതോടെ വരള്‍ച്ചയുടെ വാര്‍ത്തകളാണ് ലോകമെങ്ങും ഉയരുന്നത്. ഇതില്‍ ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ നമുക്ക് അന്നം തരുന്ന കര്‍ഷകരുടെ ആത്മഹത്യകളാണ്. വെള്ളമില്ലാത്തതു കൊണ്ട് മാത്രം കൃഷി നശിക്കുന്നതിന്‍റെ ഇരകളാണ് ഇവരില്‍ ഭൂരിഭാഗവും. വര്‍ഷത്തില്‍ കൃത്യമായി ലഭിക്കേണ്ട സമയത്ത് മഴ ലഭിക്കാതെ വരുമ്പോഴാണ് ഈ പ്രതിസന്ധി രൂക്ഷമാകുന്നത്. എന്നാല്‍ ഇന്ത്യയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്നതിന്‍റെ പകുതി പോലും മഴ ലഭിക്കാത്ത ആഫ്രിക്കയിലെ മരുഭൂമിയുടെ പ്രാന്തപ്രദേശങ്ങളില്‍ വരള്‍ച്ചയെ വെല്ലുവിളിച്ച് പച്ചപ്പ് പുതപ്പിച്ച ഒരു മനുഷ്യനുണ്ട്. യാക്കൂബാ സാവാഡോഗോ.

സായ് എന്ന പരമ്പരാഗത ആഫ്രിക്കന്‍ മാര്‍ഗമുപയോഗിച്ചാണ് യാക്കൂബാ മരുഭൂമിയില്‍ പച്ച വിരിയിച്ചത്. കാലം എണ്‍പതുകളുടെ തുടക്കം. ആഫ്രിക്ക നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച. പൊതുവെ മഴ കുറവായ വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ സ്വന്തം ഗ്രാമമായ ബുർക്കിനാ ഫാസോ എന്ന മരുപ്രദേശത്തിന്‍റെ അതിര്‍ത്തികളില്‍ മഴലഭ്യത 20 ശതമാനം മാത്രമായി ചുരുങ്ങി. പ്രദേശവാസികള്‍ കൂട്ടത്തോടെ ഗ്രാമം വിട്ടപ്പോള്‍ യാക്കൂബാ കീഴടങ്ങാന്‍ തയാറായിരുന്നില്ല.

പൂര്‍വികരില്‍ നിന്നും പകര്‍ന്നു കിട്ടിയ സായ് മാതൃക വരള്‍ച്ചയിലും വഴികാട്ടുമെന്ന ഉത്തമ ബോധ്യം യാക്കൂബായിക്കുണ്ടായിരുന്നു. ചെറിയ

Yacouba Sawadogo
Yacouba Sawadogo

കുഴികളില്‍ ജൈവവളവും ജീര്‍ണിക്കുന്ന ജൈവ വസ്തുക്കളും ചേര്‍ത്തു വച്ച് അതില്‍ വിത്തുകൾ നട്ടു. ലഭിക്കുന്ന മഴ അതെത്ര ചെറുതായാലും വെള്ളം ആവിയായോ മറ്റു രീതികളിലോ പോകാതെ ഈ കുഴികളില്‍ ഈര്‍പ്പമായി ശേഖരിക്കപ്പെട്ടു. ഇവയില്‍ നടുന്ന വിത്തുകള്‍ വളരുകയും ചെയ്തും.

ആദ്യം ചെറിയ വിത്തുകള്‍ മാത്രം നട്ട യാക്കൂബാ പിന്നീട് മരങ്ങളും ഇതേ മാര്‍ഗത്തില്‍ നട്ടുവളര്‍ത്തുന്നതില്‍ വിജയം കണ്ടു. 20വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ പ്രദേശത്ത് വരള്‍ച്ച വീണ്ടുമെത്തിയപ്പോള്‍ യാക്കൂബായുടെ സായ് വിദ്യ പരീക്ഷിച്ച പ്രദേശത്തെ വരള്‍ച്ച ബാധിച്ചില്ല. പച്ചപ്പില്‍ പുതച്ച് ആ പ്രദേശം നിലകൊണ്ടു. യാക്കൂബാ തന്നെ നിര്‍മിച്ച തടാകവും കടുത്ത വേനലിൽ വരണ്ടില്ല. ഇതിനു യാക്കൂബാ നന്ദി പറയുന്നത് പ്രദേശത്തെ മരങ്ങളോടും പച്ചപ്പിനോടുമാണ്. യാക്കൂബായുടെ പരിശ്രമഫലമായി 40 ഹെക്ടറോളം ഭൂമി ഇപ്പോൾ വനമായി മാറിയിട്ടുണ്ട്. അറുപതോളം സസ്യവിഭാഗങ്ങളും ഈ വനത്തിൽ തല ഉയർത്തി നിൽക്കുന്നു. 

മുഭൂമിയെ തടഞ്ഞു നിര്‍ത്തിയ മനുഷ്യന്‍ എന്നാണ് യാക്കൂബാ ഇന്നറിയപ്പെടുന്നത്. സായ് വിദ്യ തന്‍റേതു മാത്രമാക്കി രഹസ്യമാക്കി സൂക്ഷിക്കാനോന്നും യാക്കൂബാ ശ്രമിച്ചില്ല. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇതേ രീതിയില്‍ പച്ചപ്പു വിരിയിക്കാന്‍ യാക്കൂബാ മുന്‍കൈയെടുത്തു. യാക്കൂബാ ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല. രാജസ്ഥാനിലെ ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന രാജേന്ദ്ര സിങ് പരമ്പരാഗത വിദ്യകളിലൂടെ എങ്ങനെ പച്ചപ്പ് വിളയിക്കാനാകുമെന്നും തടാകങ്ങള്‍ നിലനിര്‍ത്താനാകുമെന്നും തെളിയിച്ച വ്യക്തിയാണ്. ഇതേ മാര്‍ഗങ്ങളൊക്കെ ലോകത്തിന്‍റെ ഏതു ഭാഗത്തും പരീക്ഷിക്കാവുന്നവയാണ്. ഒരു പക്ഷേ ഗ്രാമങ്ങളിലെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഇവയെക്കുറിച്ച് അറിവുണ്ടാവുകയില്ല. അറിയേണ്ടവരും പഠിപ്പിക്കേണ്ടവരും അതിനു തുനിയുന്നുമില്ല. പരിശ്രമിച്ചാൽ ആർക്കും മരുഭൂമിയെപ്പോലും ഹരിതാഭമാക്കാമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് യാക്കൂബാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA