ADVERTISEMENT

ഫ്യൂസേറിയം ഓക്സിസ്പോറം എന്നത് പിങ്ക് നിറത്തിലുള്ള  ലോകമെമ്പാടും കാണപ്പെടുന്ന ഒരു ഫംഗസാണ്. എന്നാൽ ഇത്ര നാളും ഒരു സാധാരണ ഫംഗസെന്നു കരുതിയിരുന്ന ഫ്യൂസേറിയം ഓക്സ്പോറം വ്യത്യസ്തമായിരുന്നു എന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. മണ്ണില്‍ കുഴിച്ച് സ്വര്‍ണം കണ്ടെത്തുന്നവയാണ് ഈ ഫംഗസുകളെന്നാണ് ഓസ്ട്രേലിയയിലെ നാഷണല്‍ സ്പേസ് ഏജന്‍സിയായ സിഎസ്ഐആര്‍ഒ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം കണ്ടെത്തുക മാത്രമല്ല അതണിയാനും ഈ പിങ്ക് ഫംഗസിനു താല്‍പര്യമുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ഒരു ചരടു പോലെ രൂപമുള്ള ഈ ഫംഗസ് അതിന്‍റെ നാരുകളിലാണ് സ്വര്‍ണം ശേഖരിക്കുന്നത്. ഓക്സിഡേഷന്‍ പ്രക്രിയയാണ് സ്വര്‍ണത്തെ ശരീരത്തിന്‍റെ ഭാഗമായുള്ള നാരുകളിലേക്കെത്തിക്കുന്നത്. പക്ഷേ ഈ ഫംഗസിനെ കൈയിൽ കിട്ടിയാല്‍ സ്വര്‍ണം ശേഖരിക്കാമെന്നൊന്നും ആരും കരുതേണ്ടതില്ല. കാരണം ഒരു ഫംഗസ് തന്‍റെ നാരുകളിലെല്ലാം ശേഖരിക്കുന്ന സ്വര്‍ണം ചേര്‍ത്തു വച്ചാലും മൈക്രോസ്കോപ്പിലൂടെ മാത്രമേ അതു കാണാന്‍ കഴിയൂ.

ഇലകള്‍ മുതല്‍ അലുമിനിയവും ഇരുമ്പും വരെയുള്ള വസ്തുക്കള്‍ വിഘടിപ്പിക്കുന്ന ജീവികളാണ് ഫംഗസുകള്‍. ഈ പ്രക്രിയ തന്നെയാണ് പിങ്ക് ഫംഗസുകള്‍ സ്വര്‍ണത്തിന്‍റെ കാര്യത്തിലും ചെയ്യുന്നത്. സ്വര്‍ണം പോലുള്ള ലോഹങ്ങളും അവയുടെ മൂലകങ്ങളും ഭൂമി മുഴുവന്‍ വിതരണം ചെയ്യുന്നതില്‍ ഈ ഫംഗസുകള്‍ക്കു കാര്യമായ പങ്കുണ്ടെന്നാണു ഗവേഷകരുടെ വിലയിരുത്തല്‍. 

Meet The Fungus That Mines And Wears Gold
Image Credit: CSIRO

സ്വര്‍ണ ഫംഗസുകള്‍ സ്വര്‍ണ ഖനിയുടെ സൂചനയാണോ ?

സ്വര്‍ണം ശേഖരിക്കുന്നതില്‍ ഈ ഫംഗസുകള്‍ വിദഗ്ധരാണെങ്കിലും ഈ ഫംഗസുകളുള്ള പ്രദേശത്ത് സ്വര്‍ണത്തിന്‍റെ ശേഖരമുണ്ടെന്നു പറയാന്‍ കഴിയില്ല. പിങ്ക് ഫംഗസുകള്‍ കാണപ്പെടുന്നതിനു താഴെ ഭൂമിക്കടിയില്‍ സ്വര്‍ണമുണ്ടാകുമെന്നതിനു തെളിവില്ലെന്ന് ഇവയെക്കുറിച്ച് ഗവേഷണം നടത്തിയ സംഘാംഗമായ സിങ് ബോഹു പറയുന്നു. എന്നാൽ ഈ ഫംഗസുകളുടെ സ്വര്‍ണം കണ്ടെത്താനുള്ള കഴിവ് ഒരു പക്ഷേ ഭാവിയില്‍ നൂതന സ്വര്‍ണ ഖനന മാര്‍ഗങ്ങള്‍ക്കു സഹായരമായേക്കാമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. വന്‍ കുഴികള്‍ തീര്‍ത്തും പരിസ്ഥിതിയെ തകര്‍ത്തുമുള്ള ഖനനത്തിന് ബദലായി ആഘാതം കുറച്ചുള്ള സ്വര്‍ണ ഖനനം സാധ്യമാക്കാന്‍ ഫംഗസുകളില്‍ നടത്തുന്ന പഠനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ

ഈ പിങ്ക് ഫംഗസുകള്‍ മാത്രമല്ല ചില സസ്യങ്ങളും മൃഗങ്ങളുമെല്ലാം നേരിയ തോതിലെങ്കിലും സ്വര്‍ണം ശേഖരിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂക്കാലിപ്റ്റ്സ് മരങ്ങളാണ് ഇതിന് ഒരു ഉദാഹരണം. മണ്ണിനടിയില്‍ മീറ്ററുകള്‍ ആഴത്തില്‍ നിന്നുവരെ സ്വര്‍ണം വലിച്ചെടുക്കാനുള്ള ശേഷി യൂക്കാലിപ്റ്റ്സ് മരങ്ങള്‍ക്കുണ്ട്. ഇങ്ങനെ വലിച്ചെടുക്കുന്ന സ്വര്‍ണ അയിര് ഇലകളിലും ചില്ലകളിലുമായാണ് യൂക്കാലിപ്റ്റ്സ് മരങ്ങള്‍ സൂക്ഷിക്കുന്നത്. 

തീര്‍ന്നില്ല, സ്വര്‍ണ്ണം ശേഖരിയ്ക്കുന്ന ജീവികളില്‍ ചിലയിനം ചിതലുകളും ഉൾപ്പെടുന്നു. ഇങ്ങനെ ശേഖരിക്കുന്ന സ്വര്‍ണം കൊണ്ട് സ്വന്തം പുറ്റുകള്‍ അലങ്കരിക്കുക പോലും ചെയ്യാറുണ്ട് ഇവ. സ്വര്‍ണം അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിന് മനുഷ്യരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നു സാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com