ADVERTISEMENT

അതിരപ്പിള്ളിയിലെ സ്വകാര്യ റിസോർട്ടിലെ കിണറ്റിൽ ഞായറാഴ്ച രാത്രി കാട്ടാന വീണു.40 അടി താഴ്ചയിലുള്ള ആൾമറയില്ലാത്ത കിണറിലാണ് ഏകദേശം 6 വയസ്സുള്ള പിടിയാന അകപ്പെട്ടത്. കോൺക്രീറ്റ് സ്ലാബ് കൊണ്ട് കിണർ മ‌ൂടിയ നിലയിലായിരുന്നു. കിണറിന‌ു മുകളിലൂടെ നടക്കുന്നതിനിടയിൽ സ്ലാബ് തകർന്ന‌ാണ് ആന കിണറ്റിൽ വീണത്. ആറടിയോളം വെള്ളവും ചെളിയും ഉളളതിനാൽ വീഴ്ച്ചയിലെ പരുക്കിന്റെ ആധിക്യം കുറയുമെന്ന് അധികൃതർ അറിയിച്ചു.

കിണറ്റിൽ വീണ ആനക്കുട്ടിയെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചു. ഇന്നു പുലർച്ചെ ഒരു മണിയ്ക്കാണു രക്ഷാപ്രവർത്തനം പൂർത്തിയായത്. കിണറിനു മീതെയുള്ള കോൺക്രീറ്റ് സ്ലാബ് തകർന്നാണ് 40 അടി താഴ്ചയിലേക്ക് ആന വീണത്. ആനക്കുട്ടിക്കു പരുക്കേറ്റിരുന്നില്ല. മണ്ണുമാന്തി ഉപയോഗിച്ച് കിണറിന് സമാന്തരമായി ചാൽ ഉണ്ടാക്കിയാണ് രക്ഷാവഴിയുണ്ടാക്കിയത്. 

രാത്രികാലങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ചിന്നം വിളി പതിവാണ് അതിരപ്പിള്ളിയിൽ. എന്നാൽ, പകൽ സമയത്ത് ആനയുടെ ചിന്നംവിളി കേട്ടപ്പോൾ റിസോർട്ട് ജീവനക്കാർ പകച്ചു. റിസോർട്ടിന്റെ പുറകിലുള്ള കിണറ്റിൽ നിന്നായിരുന്നു ആ ചിന്നം വിളി. കിണറിന്റെ മുകളിലുണ്ടായിരുന്ന കോൺക്രീറ്റ് സ്ലാബ് ഒരുഭാഗം തകർന്നിരുന്നു. ഉടനെ, ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചു. അതിരപ്പിള്ളി റേഞ്ചർ മുഹമ്മദ് റാഫിയും സംഘവുമെത്തി.

 Baby elephant falls into 40-ft. deep well

ഈ സമയം ആനക്കുട്ടി കിണറ്റിനകത്ത് ഉഷാറായി നിൽക്കുകയായിരുന്നു. പരുക്കേറ്റിട്ടില്ലെന്ന് ഒറ്റനോട്ടത്തിൽ മനസിലായി. എങ്ങനെ കരയ്ക്കു കയറ്റുമെന്നായി ഉദ്യോഗസ്ഥരുടെ ആലോചന. 40 അടി താഴ്ചയുണ്ട് കിണറിന്. സമാന്തരമായി ചാൽ നിർമിക്കണം. മണ്ണിടിയാതെ ശ്രദ്ധിക്കണം. മണ്ണുമാന്തി കൊണ്ടുവന്നു. ആദ്യം കുറച്ച് മണ്ണ് കിണറിന്റെ ഒരു വശത്തേയ്ക്കിട്ടു. ആനയ്ക്ക് നിൽക്കാൻ വേണ്ടിയായിരുന്നു ഇത്. പിന്നെ ചാൽ നിർമാണം തുടങ്ങി. 

നേരം ഇരുട്ടിയതോടെ രക്ഷാപ്രവർത്തനം സാഹസമായി. ആനകൾ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലമാണ്. പ്രത്യേകിച്ച് ഈ ചിന്നം വിളി തുടർന്നാൽ. പ്രദേശം മുഴുവൻ വെളിച്ചമൊരുക്കി. ആനക്കൂട്ടം വരുന്നുണ്ടോയെന്നു നോക്കാൻ ചുറ്റിനും ആളെ നിർത്തി. അഞ്ചര മണിക്കൂറിന് ശേഷം പുലർച്ചെ ഒരു മണിയോടെ ചാൽ പൂർത്തിയായി. പിന്നെ, ആനക്കുട്ടിയെ ഇതു വഴി പുറത്തേയ്ക്കു കയറ്റി. പുറത്തെത്തിയതും ആനക്കുട്ടി കാട്ടിലേക്ക് ഓടിപ്പോയി.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആന കിണറ്റിൽപ്പെട്ട വിവരം റിസോർട്ട് ജീവനക്കാർ അറിഞ്ഞത്.വേനൽ കനത്തതോടെ ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.പകൽ സമയത്തും കാട്ടാനക്കൂട്ടം പുഴയുടെ സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും എത്തുന്നുണ്ട്. ഡിഎഫ്ഒ എസ്.വി.വിനോദ്,റേഞ്ച് ഓഫിസർമാരായ മുഹമ്മദ് റാഫി, നിധിൻ ലാൽ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക‌ു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com