ADVERTISEMENT

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കാമറൂണിലാണ്  നയോസ് തടാകം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ പ്രദേശത്ത് പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഈ തടാകം പ്രദേശവാസികൾക്ക് ഇന്നും ഒരു പേടിസ്വപ്നമാണ്. കാരണം  മൂന്ന് പതിറ്റാണ്ടുകൾക്കു മുൻപ് ഇൗ ഗ്രാമത്തെയാകെ ശ്വാസംമുട്ടിച്ചു കൊന്നൊടുക്കിയ ഉഗ്രരൂപിയാണ് നയോസ്‌ തടാകം.

1986 ഓഗസ്റ്റ് 21നാണ് നയോസ് സംഹാരതാണ്ഡവമാടിയത്‌. അന്നേദിവസം വൈകുന്നേരത്തോടെ ഗ്രാമവാസികൾ തടാകത്തിൽ നിന്നും പരിചിതമല്ലാത്ത ചില ശബ്ദങ്ങൾ കേട്ടിരുന്നു. അതെന്താണെന്ന് തിരിച്ചറിയാൻ സാധിക്കും മുൻപേ  തടാകത്തിനു മേൽ കനത്ത ഒരു മേഘ പാളിതന്നെ രൂപപ്പെട്ടു. നോക്കിനിൽക്കെ 100 മീറ്ററിലധികം ഉയരത്തിൽ വളർന്ന ഇൗ മേഘപാളി കരയിലേക്കും വ്യാപിച്ചു. തടാകത്തിലെ ഈ അസാധാരണ മാറ്റം എന്താണെന്നറിയാൻ  ഇറങ്ങിത്തിരിച്ച ഗ്രാമവാസികൾ പുക ശ്വസിച്ച് ബോധരഹിതരായി വീണു.

ഇതിനോടകം 25 കിലോമീറ്ററോളം പ്രദേശത്ത് പുക വ്യാപിച്ചിരുന്നു. കന്നുകാലികളും ചെറുപ്രാണികളുമടക്കം ആ പ്രദേശത്തെ ജീവജാലങ്ങളെല്ലാം മരിച്ചുവീണു. കൃഷിസ്ഥലങ്ങളിൽ ജോലികളിൽ ഏർപ്പെട്ടിരുന്നവരും വഴികളിൽ കൂടി നടന്നു പോയവരും വീടുകൾക്കുള്ളിൽ ഉണ്ടായിരുന്നവരുമെല്ലാം  കുഴഞ്ഞുവീണു. അവരിൽ ഭൂരിഭാഗവും തൽക്ഷണം തന്നെ മരിച്ചു. 1700 പേരാണ് ആന്ന് വിഷപ്പുക ശ്വസിച്ചു മരിച്ചത്. ഇതിനുപുറമേ എണ്ണിയാലൊടുങ്ങാത്ത മൃഗങ്ങളും ചത്തുവീണു.

കുഴഞ്ഞുവീണവരിൽ  വിരലിലെണ്ണാവുന്നവർ മാത്രമാണ്  ജീവനോടെ രക്ഷപെട്ടത്. ബോധം തിരികെ ലഭിച്ചപ്പോഴേക്കും ഉറ്റവരും ഉടയവരുമെല്ലാം അവർക്ക് നഷ്ടമായിരുന്നു. സംഭവത്തെതുടർന്ന് ഗവേഷകർ നടത്തിയ നിരീക്ഷണങ്ങളിൽ തടാകത്തിൽ നിന്നും പുറത്തുവന്ന പുകയിൽ വലിയ തോതിൽ കാർബൺ ഡൈഓക്‌സൈഡ് അടങ്ങിയിരുന്നതായി കണ്ടെത്തി. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം ഒരു പ്രതിഭാസം തടാകത്തിലുണ്ടായത് എന്ന കാര്യത്തിൽ വ്യക്തമായ നിഗമനത്തിലെത്താൻഗവേഷകർക്കു സാധിച്ചില്ല. 

ഭൂമിക്കടിയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമാകാം ഈ പ്രതിഭാസം എന്നു കരുതിയെങ്കിലും പിന്നീട് നടന്ന ഗവേഷണത്തിൽ ആ സാധ്യത  തള്ളിക്കളഞ്ഞു.  ഭൂമിക്കടിയിൽ നിന്നും  തടാകത്തിലേക്ക് കാർബൺ ഡൈ ഓക്‌സൈഡ് വന്നു നിറയുന്നതായി ഒടുവിൽ ഗവേഷകർ കണ്ടെത്തി. ഇത്തരത്തിൽ  തടാകത്തിനടിത്തട്ടിൽ ഉണ്ടായിരുന്ന വൻ കാർബൺ ഡൈ ഓക്‌സൈഡ് ശേഖരം പാറക്കല്ലുകൾ ഇടിഞ്ഞു വീണതിനെത്തുടർന്ന് വലിയ കുമിളകളായി ഉപരിതലത്തിൽ കൂടി പുറത്തു വന്നതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.

അന്നോളം ശാന്തമായി നീലനിറത്തിൽ കാണപ്പെട്ടിരുന്ന തടാകം ഈ സംഭവത്തോടെ തവിട്ടു നിറമായി. സമാന സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി ആയി കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടിയാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതിനുള്ള സംവിധാനങ്ങളും സീസ്മോ മീറ്റുകളും മറ്റും ഇപ്പോൾ തടാകത്തിനു സമീപം സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com