ADVERTISEMENT

മണ്‍മറഞ്ഞു പോയ പല പുരാതന ജീവികളുടെയും ശേഷിപ്പുകള്‍ കേടു കൂടാതെ സൂക്ഷിക്കപ്പെടുന്ന പ്രദേശമാണ് സൈബീരിയ. റഷ്യയുടെ വടക്കുകിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, മഞ്ഞുറഞ്ഞു കിടക്കുന്ന ഈ പ്രദേശത്തു നടത്തിയ പര്യവേഷണത്തില്‍ നിരവധി ജീവികളുടെ ശരീരാവശിഷ്ടങ്ങൾ ലഭ്യമായിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചെന്നു കരുതുന്ന കൂറ്റന്‍ ചെന്നായയുടെ തല. കാര്യമായി അഴുകാതെ, രോമങ്ങള്‍ പോലും കൊഴിഞ്ഞു പോകാതെ അടുത്ത ദിവസങ്ങളിൽ ചത്തു പോയ ഒരു ജീവിയുടെ ശരീരത്തിന്‍റെ അവസ്ഥയിലാണ് ഈ തല കണ്ടെത്തിയത്. 

സാധാരണ വേനല്‍ക്കാലത്ത് മഞ്ഞുരുക്കം ഉണ്ടാകുമ്പോഴാണ് സൈബീരിയയില്‍ ഇത്തരം ജീവികളുടെ ശരീരത്തിനു വേണ്ടി പര്യവേഷണം നടത്താറുള്ളത്. മഞ്ഞുരുകി പല പാളികളും അടര്‍ന്നു പോരുമ്പോഴാണ് അവയ്ക്കിടയിലുള്ള പുരാതന ജീവികളുടെ ശരീരം പുറത്തു കാണുക. ഇതേ സമയത്തു തന്നെയാണ് ഭീമന്‍ ചെന്നായുടെ തലയും ലഭ്യമായത്. പ്രദേശവാസികളിലൊരാളാണ് ഈ തല കണ്ടെത്തിയതും പിന്നീട് ഗവേഷകര്‍ക്ക് കൈമാറിയതും.

ശരീരത്തില്‍ നിന്ന് വെട്ടി മാറ്റപ്പെട്ട പോലെയാണ് ഈ തല കണ്ടെത്തിയത്. ഒരു കരടിയുടെ തലയുടെ വലുപ്പം ഈ ചെന്നായുടെ തലയ്ക്കുണ്ട്. സൈബീരിയയിലെ യകൂതിയ മേഖഖലയിലെ നദിക്കരയില്‍ നിന്നാണ് ഈ തല ലഭിച്ചത്. മഞ്ഞുരുകിയ സമയത്ത് വെള്ളത്തിലൂടെ ഒഴുകി നദിയില്‍ പതിച്ചതാകാം ഇതെന്നാണ് കരുതുന്നത്. ആദ്യം കരടിയുടെ തലയെന്നാണു കരുതിയതെങ്കിലും വൈകാതെ ഇത് ഭീമന്‍ ചെന്നായുടെ തലയാണെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞു.

പൂര്‍ണ വളര്‍ച്ചയെത്തിയ 4 വയസ്സ് പ്രായമുള്ള ചെന്നായയുടെ തലയാണ് ലഭിച്ചതെന്ന് ഗവേഷകര്‍ പറഞ്ഞു. 40000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിന്‍റെ അവസാന സമയത്താണ് ഈ ചെന്നായ ജീവിച്ചിരുന്നത്. ഇതിനും പതിനായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചെന്നായ വര്‍ഗത്തിനു തന്നെ വംശനാശം സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്.

ഏതാണ്ട് 40 സെന്‍റിമീറ്റര്‍ നീളമാണ് തലയ്ക്കുണ്ടായിരുന്നത്. തലയുടെ നീളം തന്നെ ഇപ്പോഴത്തെ ചെന്നായുടെ ശരീരത്തിന്‍റെ പകുതിയോളം നീളത്തിനു തുല്യമാണ്. ഇതില്‍ നിന്ന് തന്നെ ഭീമന്‍ ചെന്നായുടെ ശരീരത്തിന്‍റെ വലുപ്പം ഊഹിക്കാം. ഇപ്പോഴത്തെ കരടികള്‍ക്ക് സമാനമായ ശരീര വലുപ്പം അക്കാലത്തെ ഭീമന്‍ ചെന്നായ്ക്കള്‍ക്കുണ്ടായിരുന്നു എന്നാണ് വിശ്വസിക്കുന്നത്.

ഭീമന്‍ ചെന്നായ്ക്കളുടെ ഫോസിലുകള്‍ പോലുള്ള ശരീരാവശിഷ്ടങ്ങള്‍ മെക്സിക്കോയില്‍ നിന്നും മറ്റും ലഭിച്ചിട്ടുണ്ട്. പക്ഷെ ഇതാദ്യമായാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു ഭീമന്‍ ചെന്നായുടെ ശരീര ഭാഗം കാര്യമായ കേടുപോടുകള്‍ കൂടാതെ ലഭിക്കുന്നത്. അന്‍പതിനായിരം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഈ വര്‍ഗത്തില്‍പെട്ട ചെന്നായ്ക്കുട്ടിയുടെ ശരീരം കാര്യമായി അഴുകാതെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാനഡയില്‍ നിന്നു ലഭിച്ചിരുന്നു.

സ്വീഡിഷ് മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ ഗവേഷകരാണ് ഈ ചെന്നായ് തല പഠനത്തിനായി ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ടോക്കിയോയില്‍ പുരാതന ജീവികളെക്കുറിച്ചുള്ള ശാസ്ത്രപ്രദര്‍ശന മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ചെന്നായയുടെ തല. സൈബീരിയയില്‍ നിന്നു തന്നെ ലഭിച്ച മാമത്തുകളുടെ ശരീരങ്ങളും ഈ പ്രദര്‍ശനമേളയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com