sections
MORE

"പക്ഷിപ്പിരാന്തൻ" ഇന്ദുചൂഡൻ, അറിയാം പ്രകൃതിയുടെ പോരാളിയെ

k-k-neelakantan
SHARE

പ്രകൃതിയുടെ പോരാളി എന്നു വിശേഷിപ്പിക്കാവുന്ന പ്രമുഖ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡന്റെ 27–ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി പക്ഷി നിരീക്ഷകനായ പി. കെ. ഉത്തമൻ എഴുതുന്നു. 

പ്രഫ. കെ.കെ.നീലകണ്ഠനെപ്പറ്റി കേട്ടിട്ടില്ലല്ലോ എന്നു പറയുന്നവരുടെയും മുഖം ഇന്ദുചൂഡൻ എന്നു കേട്ടാൽ തെളിയും. ‘ഉവ്വൂവ്വ് കേട്ടിട്ടുണ്ട്. കേരളത്തിലെ പക്ഷികളുടെ കർത്താവല്ലേ?’ മാതൃകാധ്യാപകൻ, സൂക്ഷ്മവേദിയായ പ്രകൃതി നിരീക്ഷകൻ, പ്രകൃതി സംരക്ഷകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണെങ്കിലും എഴുത്തുകാരനായിട്ടാണ് അദ്ദേഹം ഏറ്റവും തിളങ്ങിനിൽക്കുന്നത്. ഇന്ദുചൂഡൻ അദ്ദേഹത്തിന്റെ തൂലികാ നാമമാണ്. മലയാളികൾക്ക് ഹരമായിത്തീർന്ന ‘കേരളത്തിലെ പക്ഷികൾ’ (1958) ഭാഷയിലെ ഒരു ക്ലാസിക്കായിരുന്നു. അദ്ദേഹത്തിന്റെ മറ്റു കൃതികൾ – ‘പക്ഷികളും മനുഷ്യരും’ (1979), ‘പുല്ലുതൊട്ട് പൂനാര വരെ’ (1986) – രണ്ടും ഒപ്പം നിൽക്കുന്നു.

bird-1

കുഞ്ഞുനാളിലേ ആരംഭിച്ച പക്ഷിനിരീക്ഷണത്തിൽ നിന്നാർജ്ജിച്ച അനുഭവജ്ഞാനമാണ് ഇന്ദുചൂഡന്റെ രചനയെ വേറിട്ട വായനാനുഭവമാക്കുന്നത്. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (ബിഎൻഎച്ച്എസ്) ജേർണൽ പോലെയുള്ള ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും കുറിപ്പുകളും ഏതൊരു പ്രഫഷനൽ പക്ഷിശാസ്ത്രജ്ഞനും അഭിമാനിക്കാൻ തക്ക ആഴവും പരപ്പുമുള്ളവയാണ്. 

bird-14

എന്നാൽ പക്ഷികളെക്കുറിച്ചുള്ള പഠനം ഇന്ദുചൂഡന് ജീവനമാർഗമായിരുന്നില്ല. കേരളം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് അധ്യാപകരിൽ ഒരാളായിരുന്നു അദ്ദേഹം. മാതൃകാ കുടുംബനാഥനുമായിരുന്നു. ഇതിനിടയിൽ പക്ഷികളെപ്പറ്റി ഇത്രയധികം പഠിക്കാൻ എങ്ങനെ കഴിഞ്ഞു? പക്ഷി നിരീക്ഷണത്തെപ്പറ്റി പറയുമ്പോൾ ‘ധാരാളം ക്ഷമ വേണം, അല്ലേ’ എന്ന് ആളുകൾ ചോദിക്കാറുണ്ട്. ഇവിടെ ക്ഷമ കൊണ്ടു പ്രയോജനമില്ല. സംഗീതം മുതൽ ക്രിക്കറ്റ് വരെ ഏതു കാര്യവും നന്നായി ചെയ്യാൻ അഭിനിവേശമാണാവശ്യം. ഇന്ദുചൂഡനു പക്ഷികളോട് ഉൽക്കടമായ അഭിനിവേശമുണ്ടായിരുന്നു. ‘പക്ഷിപ്പിരാന്ത’നെന്നാണ് അദ്ദേഹം പലപ്പോഴും സ്വയം വിശേഷിപ്പിച്ചിരുന്നത്. 

bird-12

ജീവിതത്തിലാദ്യമായി താൻ മുൻപു കണ്ടിട്ടില്ലാത്ത ഒരു പക്ഷിയെ കാണുമ്പോൾ ലഭിക്കുന്ന ആനന്ദം ‘തന്റെ ദൃശ്യപഥത്തിലേക്ക് പുതിയൊരു ഗ്രഹം നീന്തിവരുന്ന കാഴ്ച കാണുന്ന ജ്യോതിശാസ്ത്രജ്ഞന് ലഭിക്കുന്ന ആനന്ദത്തിന് തുല്യമാണ്’ എന്ന് കീറ്റ്സിന്റെ പ്രസിദ്ധമായ ആ വരികൾ ഉദ്ധരിച്ചുകൊണ്ട് ഇന്ദുചൂഡൻ രണ്ടിടത്തെങ്കിലും എഴുതിയിട്ടുണ്ട്. ‘തന്റെ ദൃശ്യപഥത്തിലേക്ക് പുതിയൊരു പക്ഷി പറന്നുവരുന്ന കാഴ്ച കാണുന്ന പക്ഷി നിരീക്ഷകന് ലഭിക്കുന്ന ആനന്ദത്തിന് തുല്യം’ എന്ന് കീറ്റ്സിനു വേണ്ടമെങ്കിൽ എഴുതാമായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. 

bird-16

കീറ്റ്സിനെപ്പോലെ പ്രകൃതി സൗന്ദര്യത്തിൽ മയങ്ങിയിരുന്ന റൊമാന്റിക് ആയിരുന്നു ഇന്ദുചൂഡൻ. പക്ഷിനിരീക്ഷണത്തെപ്പറ്റി ഇംഗ്ലീഷിലുള്ള ഒരു റേഡിയോ പ്രഭാഷണം അദ്ദേഹം ആരംഭിച്ചത് ‘വിശിഷ്ടനായ നാടുതെണ്ടി’ (Super tramp) എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന കവി ഡബ്ല്യു.എച്ച്.ഡേവിസിന്റെ നാലുവരി ഉദ്ധരിച്ചുകൊണ്ടാണ്. എന്ത് സൗഭാഗ്യങ്ങളുണ്ടായാലും ഒരു മാമരച്ചാർത്തിന് താഴെ ഒന്നു നിൽക്കാനും ചില്ലകളിൽ മിഴിച്ചുനോക്കാനും സമയമില്ലാത്ത ജീവിതം എന്തു ജീവിതം എന്നാണു കവി ചോദിക്കുന്നത്. ഇന്ദുചൂഡന് സംശയമില്ല. അത്തരം ജീവിതം പരമ ദരിദ്രമാണെന്ന്. ‘മുല്ലമലരിന്റെ തൂമണവും അന്തിമാനത്തിന്റെ തുടുപ്പും തിരമാലകളുടെ അനർഗള സംഗീതവും പൂമ്പാറ്റകളുടെ ചിറകിലെ വർണരേണുക്കളും പക്ഷികളുടെ പറക്കലും ഭൂമിയിലെ എണ്ണമറ്റ മറ്റത്ഭുതങ്ങളും.... ഇവയൊന്നുമില്ലാത്ത ലോകത്തിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യൻ ആത്മാവില്ലാത്ത വെറും യന്ത്രമായിരിക്കും’ എന്നും ഇന്ദുചൂഡൻ എഴുതിയിട്ടുണ്ട്. 

bird-13

‘(പുല്ലുതൊട്ട് പൂനാര വരെ, ആറാം പതിപ്പ് 2017, പേജ് 24)’ ‘പ്രകൃതിരമണീയത ആസ്വദിക്കാൻ അവസരം കിട്ടാത്ത ലോകത്തിൽ ജീവിക്കേണ്ടിവരുന്ന മനുഷ്യന്റെ സൗന്ദര്യബോധവും ആത്മീയചോദനകളും മരവിച്ചുപോകും’ എന്നും അദ്ദേഹത്തിനഭിപ്രായമുണ്ട്. 

bird-15

ഭക്ഷ്യശൃംഖലയുടെ അവസാനകണ്ണിയായ പക്ഷികളെ പ്രകൃതിയിൽ മനുഷ്യനുണ്ടാക്കുന്ന മാറ്റങ്ങൾ ആദ്യം ബാധിക്കും. പക്ഷികളെ സൂക്ഷ്മമായി പഠിക്കുന്ന പക്ഷിനിരീക്ഷകർക്ക് ഭൂമിയുടെ രോഗാവസ്ഥ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. കീടനാശിനികളുടെ വ്യാപകമായ പ്രയോഗത്താൽ മരിച്ചുവീഴുന്ന പക്ഷികളെ കണ്ടിട്ടാണ് പക്ഷി നിരീക്ഷകയായ റെയ്ച്ചൽ കാർസൻ ‘നിശബ്ദവസന്തം’ എഴുതാൻ തുടങ്ങിയത്. പ്രകൃതി നശീകരണത്തെക്കുറിപ്പ് കേരളത്തിൽ ആദ്യമായി വ്യാകുലപ്പെട്ടത് ഇന്ദുചൂഡനാണെന്നത് യാദൃച്ഛികമല്ല. 1950 കളിൽ അതായത് ‘നിശബ്ദവസന്തം’ (1962) ഉദ്ഘാടനം ചെയ്ത പാരിസ്ഥിതിക വിപ്ലവത്തിന് മുൻപ്, പക്ഷികളെക്കുറിച്ച് എഴുതുമ്പോൾതന്നെ വനനശീകരണത്തിന്റെയും മറ്റും ഭവിഷ്യത്തുകളെപ്പറ്റി അദ്ദേഹം ആവർത്തിച്ച് താക്കീത് നൽകിയിരുന്നു. ഒരുദാഹരണമിതാ: ‘നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കാടുകൾ നാടാക്കുന്ന ഏർപ്പാട് തുടർന്നുപോയാൽ...? ഒരു കാട് വളർന്നുവരാൻ വളരെ കാലം വേണം. അതു മുറിച്ചു പറമ്പാക്കുവാൻ ഏതാനും മണിക്കൂർ മതി. പക്ഷിമൃഗാദികളുടെ കഥ ഇരിക്കട്ടെ. മനുഷ്യന്റെ ജീവിതത്തിലും മലകളും കാടുകളും എത്ര സ്വാധീനം ചെലുത്തുന്നുണ്ട് എന്നറിഞ്ഞാൽ പോലും തൽക്കാലത്തെ സൗകര്യം മാത്രമാലോചിച്ച് കാടുമുറിച്ചു നാടാക്കുവാൻ അനുവദിക്കുന്നത് ആപത്തിനെ വിളിച്ചുവരുത്തുകയല്ലോ?’ (കേരളത്തിലെ പക്ഷികൾ, ഒന്നാംപതിപ്പ്, 1958, പേജ് 473).

bird-19

യുവതലമുറയിൽ പ്രകൃതിസ്നേഹം വളർത്തിയാൽ മാത്രമേ പ്രകൃതിയിൽ എന്തെങ്കിലും ബാക്കിയാവുകയുള്ളൂ എന്നു മനസിലാക്കിയ ഇന്ദുചൂഡൻ 1974ൽ തിരുവനന്തപുരത്ത് ‘കേരള നാച്വറൽ ഹിസ്റ്ററി സൊസൈറ്റി’ (കെഎൻഎച്ച്എസ്) രൂപീകരിച്ചു. പ്രകൃതി സ്നേഹികളെയെല്ലാം ഒന്നിച്ചു കൊണ്ടുവരാനും പ്രകൃതി നിരീക്ഷണവും പഠനവും നടത്താൻ മാർഗ ദർശന നൽകാനും ബിഎൻഎച്ച്എസ് മാതൃകയിൽ ശക്തമായൊരു സംഘടന ആയിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. കേരളത്തിൽ പുതിയൊരു പാരിസ്ഥികാവബോധം വളർത്തിയെടുത്ത സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തിൽ കെഎൻഎച്ച്എസ് നിർണ്ണായകമായ പങ്കുവഹിച്ചു. 1978ൽ ആണെന്നു തോന്നുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും കെഎൻഎച്ച്എസിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ സ്റ്റുഡന്റ്സ് സെന്ററിൽ നടന്ന ഒരു സെമിനാറാണ് സൈലന്റ് വാലി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എന്റെ ആദ്യത്തെ ഓർമ. ഇന്ദുചൂഡനായിരുന്നു അധ്യക്ഷൻ. ഏറെക്കാലമായി കാണാൻ കൊതിച്ചിരുന്ന ഇന്ദുചൂഡനെ ഞാൻ ആദ്യമായി കണ്ടതും അന്നാണ്. 

bird-17

പിന്നീട്, 1979 ഒക്ടോബർ 21നു തിരുവനന്തപുരത്ത് വിജെടി ഹാളിൽ ‘സൈലന്റ് വാലി പ്രൊട്ടക്ട്ഡ് ഏരിയാ ആക്ടിനെ’ക്കുറിച്ച് കെഎൻഎച്ച്എസ് അടക്കം നാലു സംഘടനകൾ ചേർന്ന് ഒരു സെമിനാർ ആസൂത്രണം ചെയ്തു. അതിന്റെ നോട്ടീസിൽ രണ്ടു പ്രഭാഷകരുടെ പേരേ കൊടുത്തിരുന്നുളളു. ഡോ. സാലിം അലി ഉദ്ഘാടനം, പ്രഫ. കെ.കെ.നീലകണ്ഠൻ സ്വാഗതം. സാലിം അലിയുടെ പേര് കണ്ടതും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വിരണ്ടു. അവരുടെ പരാതിയിന്മേൽ, തിരുവനന്തപുരത്തെ ഒരു കീഴ്ക്കോടതി സെമിനാർ നിരോധിച്ചു. ലോകാരോഗ്യ ശാസ്ത്രജ്ഞനായ സാലിം അലിയുടെ നാവിലും വിലങ്ങ്!

ഒക്ടോബർ 21 ഞായറാഴ്ച രാവിലെ സെമിനാറിൽ പങ്കെടുക്കാൻ എത്തിയവരെ സ്വാഗതം ചെയ്ത് വിജെടി ഹാളിന്റെ പൂട്ടിക്കിടക്കുന്ന ഗേറ്റും അടുത്തു മതിലിൽ പതിച്ചിരിക്കുന്ന കോടതിയുത്തരവുമാണ്. വന്നവർ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി തമ്പാനൂരിലേക്ക് മാർച്ച് ചെയ്തു. ‘കേഴുക പ്രിയ നാടേ’ എന്നെഴുതിയ പ്ലക്കാർഡും പിടിച്ചുകൊണ്ട് ഇന്ദുചൂഡൻ മാർച്ചിനു നേതൃത്വം നൽകി. റയിൽവേ സ്റ്റേഷൻ മൈതാനത്ത് നടന്ന പൊതുയോഗത്തിൽ അദ്ദേഹം മാത്രമേ പ്രസംഗിച്ചുള്ളൂ. ഈ സംഭവം കേരളത്തിലാകെ പദ്ധതി വിരുദ്ധ വികാരം ശക്തമാക്കി; സൈലന്റ് വാലി സംഭവത്തിലെ ഒരു നാഴികകല്ലായിത്തീർന്നു. 

bird-18

അടുത്ത ജൂൺ ആറിനു സുഗതകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ പ്രമുഖ കവികളും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും ചേർന്നു സൈലന്റ് വാലി കൺവെൻഷൻ സംഘടിപ്പിച്ചു. രാവിലെ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയത് ഇന്ദുചൂഡനായിരുന്നു. അദ്ദേഹം താക്കീത് ചെയ്തു. ‘ഭൂമിക്കു ക്ഷമ എന്നൊരു പര്യായം തന്നെയുണ്ട്. പക്ഷെ ക്ഷമയ്ക്കുണ്ടല്ലോ ഒരതിര്! ധരിത്രിയും ധരണിയുമായ പൃഥ്വിയുടെ സഹനശക്തിയെ വെല്ലുവിളിച്ചാൽ എല്ലാ അമ്മമാരെയും പോലെ ഭൂമിയും നമ്മെ ശാസിക്കുമെന്നതിൽ സംശയമില്ല’ തുടർന്നു നടന്ന യുവജനസമ്മേളനത്തിന്റെയും സന്ധ്യയ്ക്കു നടന്ന കവി സമ്മേളനത്തിന്റെയും എം.പി.മന്മഥനും സുകുമാർ അഴിക്കോടും പ്രസംഗിച്ച രാത്രിയിലെ പൊതുസമ്മേളനത്തിന്റെയും ശ്രുതി നിശ്ചയിച്ചത് ഇന്ദുചൂഡന്റെ സ്വരമാണ്. 

കവിരയങ്ങിൽ കടമ്മന്നിട്ട ഗർജ്ജിച്ചു

‘ഒരു കളിപ്പന്തോ കളിപ്പാവയോ ഭൂമി

അതിരുണ്ടവൾതൻ ക്ഷമയ്ക്കും’

ആ ദിവസം വിജെടി ഹാളിൽ നിറഞ്ഞുകവിഞ്ഞ സദസ് വികാരവിക്ഷുബ്ദമായിരുന്നു. 

ആ വർഷമവസാനം പ്രകൃതി സംരക്ഷണസമിതി സംഘടനാരൂപം കൈക്കൊണ്ടപ്പോൾ ഇന്ദുചൂഡൻ വൈസ് പ്രസിഡന്റായി. പ്രസിഡന്റ് എൻ.വി.കൃഷ്ണവാരിയർ ആകെ രണ്ടോ മൂന്നോ കമ്മിറ്റി യോഗങ്ങളിലേ പങ്കെടുത്തിട്ടുള്ളൂ. ഫലത്തിൽ ഇന്ദുചൂ‍ഡനായിരുന്നു പ്രസിഡന്റ്. 1980ൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായതോടെ പരിഷത്ത് സൈലന്റ് വാലി സമരത്തിൽ നിന്ന് ഒളിച്ചോടി. അവസാന ഘട്ടത്തിൽ സമരം മുന്നോട്ടുകൊണ്ടുപോയത് പ്രകൃതി സംരക്ഷണ സമിതിയാണ്. സെക്രട്ടറി സുഗതകുമാരിയോടൊപ്പം ഇന്ദുചൂഡനായിരുന്നു അതിന്റെ നേതൃസ്ഥാനത്ത്. ലോകത്തു തന്നെ ഒരു വൻകിട അണക്കെട്ടിനെതിരെ നടന്ന വിജയശ്രീലാളിതമായ ആദ്യത്തെ സമരങ്ങളിലൊന്നായി സൈലന്റ് വാലി പ്രക്ഷോഭം. എല്ലാ പക്ഷികളെയും ഇന്ദുചൂഡൻ സ്നേഹിച്ചിരുന്നു. പക്ഷെ ‘എന്റെ പക്ഷി’ എന്ന് അദ്ദേഹം വിളിച്ചിരുന്നത് പുള്ളിച്ചുണ്ടൻ പെലിക്കനെയാണ്. വംശനാശഭീഷണി നേരിടുന്ന പുള്ളിച്ചുണ്ടെന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രജനന കേന്ദ്രം ആന്ധ്രാപ്രദേശത്തെ ആരേഡുവിൽ കണ്ടെത്തിയത് അദ്ദേഹമാണ്. പുള്ളിച്ചുണ്ടെന്റെ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. ഇന്ത്യയിലും വിദേശത്തുമുള്ള അനവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പുള്ളിച്ചുണ്ടന്റെ കഷ്ടസ്ഥിതിയെക്കുറിച്ചെഴുതി.

1984 ൽ ആണെന്ന് തോന്നുന്നു പുള്ളിച്ചുണ്ടൻ പെലിക്കനെപ്പറ്റി ഇന്ദുചൂഡൻ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഒരു പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് രണ്ട് ഭാഗങ്ങളുണ്ടായിരുന്നു. ആദ്യം അദ്ദേഹം അരമണിക്കൂറോളമെടുത്ത് പെലിക്കൻ എന്ന ലോകാത്ഭുതം ശ്രോതാക്കളുടെ മുമ്പിൽ അവതരിപ്പിച്ചു. രണ്ടാം ഭാഗം പുള്ളിച്ചുണ്ടൻ പെലിക്കന്റെ സംരക്ഷണത്തെപ്പറ്റിയാണ്. അതിലേക്ക് കടക്കുംമുമ്പ് അദ്ദേഹം സദസ്സിനെയാകെ ഒന്നവലോകനം ചെയ്തു. ശബ്ദം കടുത്തു. അതൊരു ഗർജ്ജനമായിരുന്നു. ഈ പെലിക്കനെപ്പോലെയുള്ള പക്ഷികളെ എന്തിന് സംരക്ഷിക്കണം എന്ന് ചോദിക്കുന്നവരുണ്ടാവാം. അങ്ങനെയുള്ളവർ ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ അവർക്ക് ഇപ്പോൾ പുറത്തുപോകാം’ ടൈപ്പുചെയ്തുകൊണ്ടുവന്ന പ്രഭാഷണത്തിലില്ലാത്ത വാക്കുകൾ. രണ്ട് മിനിറ്റ് ഹാളിൽ സമ്പൂർണ്ണ നിശബ്ദത. തുടർന്ന് അദ്ദേഹം പുള്ളിച്ചുണ്ടൻ പെലിക്കന്റെ ചരിത്രത്തിലേക്ക് കടന്നു.

പക്ഷിമൃഗാദികൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പോരാളിയായിരുന്നു ഇന്ദുചൂഡൻ. അദ്ദേഹം അന്തരിച്ചിട്ട് ഈ ജൂൺ 14ന് 27 വർഷം തികയുന്നു. അന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ ഇന്ദുചൂഡൻ സ്മാരക പ്രഭാഷണത്തിന്റെ വിഷയം ആറാം കൂട്ടവംശനാശമാണ്. ജീവന്റെ സംരക്ഷണത്തിനുവേണ്ടി ഇന്ദുചൂഡൻ സ്ഥാപിച്ച കേരള നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ സ്മാരക പ്രഭാഷണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA