sections
MORE

വിനോദസഞ്ചാരി വീണത് 800 അടിയോളം ആഴമുള്ള അഗ്നിപർവത ഗർത്തത്തിലേക്ക്; പിന്നീട് സംഭവിച്ചത്?

1007694348
SHARE

എണ്ണൂറ് അടി ആഴമുള്ള ഒരു ഗര്‍ത്തത്തിലേക്ക് ആരെങ്കിലും വീണാല്‍ അവര്‍ ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. അപ്പോള്‍ ആ വീഴ്ച ഒരു അഗ്നിപര്‍വത മുഖത്തേക്കാണെണെങ്കില്‍ പിന്നെ സംശയിക്കുകയേ വേണ്ട. ആ വ്യക്തി തിരിച്ചു വരുമെന്ന് ആരും തന്നെ പ്രതീക്ഷിക്കുകയില്ല.  എന്നാൽ അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്നിപര്‍വ്വത മുഖത്തേക്ക് ഒരാഴ്ച മുന്‍പ് വീണ ആള്‍ ഇപ്പോള്‍  ആശുപത്രി വിട്ടിരിക്കുകയാണ്. കാര്യമായ പരിക്കുകളുണ്ടെങ്കിലും എണീറ്റു നടക്കാന്‍ ഇനിയും ആഴ്ചകളോ മാസങ്ങളോ സമയമെടുക്കുമെങ്കിലും ഇയാള്‍ ജീവനോടെ രക്ഷപെട്ടതിലാണ് ഏവര്‍ക്കും അദ്ഭുതം.

ക്രേറ്റര്‍ ലേക്ക് ദേശീയ പാര്‍ക്ക് മേഖലയിലുള്ള അഗ്നിപര്‍വത മുഖത്തേക്കാണ് ചൊവ്വാഴ്ച ഒരാള്‍ കാല്‍വഴുതി വീണത്. മറ്റ് സഞ്ചാരികള്‍  നോക്കി നില്‍ക്കെയാണ് ഇയാള്‍ കാല്‍ വഴുതി വീണത്. സംരക്ഷിത വനപ്രദേശത്താണ് ഈ അഗ്നിപര്‍വത മുഖം എന്നതിനാല്‍ വീഴ്ച തടയാനുള്ള കമ്പിവേലിയോ മറ്റ് സംവിധാനങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ അധികൃതരെ മറ്റു സഞ്ചാരികള്‍ വിവരം അറിയച്ചതാണ് ഈ വ്യക്തിയെ രക്ഷിക്കുന്നിനു സഹായിച്ചത്

രക്ഷാപ്രവര്‍ത്തനം

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അധികൃതര്‍ പേരു വെളിപ്പെടുത്താത്ത സഞ്ചാരി ഗര്‍ത്തത്തിലേക്കു വീണത്. നാല് മണിയോടെ ദുരന്ത നിവാരണ സേനയ്ക്ക് ദേശീയ പാര്‍ക്ക് അധികൃതരില്‍ നിന്ന് സന്ദേശം ലഭിച്ചു. ഇതോടെ ഹെലികോപ്റ്ററിൽ രക്ഷാപ്രവര്‍ത്തകരുടെ സംഘം സംഭവസ്ഥലത്തെത്തി. എന്നാല്‍ അഗാധമായ ആഴത്തിലേക്ക് വീണതിനാൽ രക്ഷാപ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ 180 മീറ്റര്‍ ആഴത്തിലേക്ക് മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചത്. ആള്‍ വീണത് എവിടേക്കാണെന്നത്  വ്യക്തമല്ലാത്തതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിച്ചു.

എന്നാല്‍ ഇതിനിടെ കൂടുതല്‍ ആഴത്തില്‍ നിന്ന് ആളുടെ നിലവിളി കേട്ടതാണ് വഴിത്തിരിവായത്. രക്ഷാപ്രവര്‍ത്തകരുടെ ശബ്ദങ്ങള്‍ കേട്ടിട്ടായിരിക്കാം പാതി ബോധത്തിലും പരിക്കേറ്റ വ്യക്തി നിലവിളിച്ചതെന്നാണു കരുതുന്നത്. ഏതായാലും ഇതോടെ കൂടുതല്‍ ആഴത്തിലേക്കിറങ്ങാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഒടുവില്‍ 240 മീറ്റര്‍ താഴ്ചയില്‍ പരിക്കേറ്റു കിടക്കുന്ന വിനോദസഞ്ചാരിയെ കണ്ടെത്തുകയായിരുന്നു. ഗര്‍ത്തിന്‍റെ താഴേയ്ക്കുള്ള ഭാഗം ഇടുങ്ങിയതായതിനാലാണ് പരിക്കേറ്റയാളുടെ നിലവിളി രക്ഷാപ്രവര്‍ത്തകര്‍ കേട്ടത്. ഇല്ലെങ്കില്‍ ഒരുപക്ഷേ താരതമ്യേന നേര്‍ത്ത ശബ്ദം കേള്‍ക്കാനുള്ള സാധ്യത വിരളമാണെന്ന് രക്ഷാപ്രവര്‍കരും വ്യക്തമാക്കി.

184877861

ഗര്‍ത്തത്തില്‍ നിന്ന് ആളെ കണ്ടെത്തി അര മണിക്കൂറിനുള്ളില്‍ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. വൈകാതെ ഹെലികോപ്റ്ററില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കഴുത്തിനും വാരിയെല്ലുകള്‍ക്കും ഒരു കൈക്കുമാണ് വീഴ്ചയില്‍ സാരമായ പരിക്കേറ്റത്. ആശുപത്രി വിട്ടെങ്കിലും സാധാരണ ജീവിതത്തിലേക്ക് ഇയാള്‍ തിരിച്ചു വരാന്‍ മാസങ്ങളെടുക്കുമെന്നാണു കരുതുന്നത്. സമാനമായ രീതിയില്‍ ഹവായിയിലെ ഒരു അഗ്നിപര്‍വത മുഖത്തേക്ക് വീണ അമേരിക്കന്‍ സൈനികനെ ഒരു മാസം മുന്‍പ് രക്ഷപെടുത്തിയിരുന്നു.

ക്രേറ്റര്‍ ദേശീയ പാര്‍ക്കിന്‍റെ മുന്നറിയിപ്പ്.

സംഭവത്തെ തുടര്‍ന്ന് പിറ്റേന്നു തന്നെ ക്രേറ്റര്‍ ദേശീയ പാര്‍ക്കിന്‍റ ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശകര്‍ക്കുള്ള മുന്നറിയിപ്പും പ്രത്യക്ഷപ്പെട്ടു. അഗ്നിപര്‍വത മുഖങ്ങളുടെ വക്കിലേക്ക് പോകരുതെന്നു രേഖപ്പെടുന്ന പാര്‍ക്കിലെ സൈന്‍ബോര്‍ഡിന്‍റെ ചിത്രത്തോടു കൂടിയായിരുന്നു മുന്നറിയിപ്പ്. പാര്‍ക്കിലേക്കെത്തുന്ന സഞ്ചാരികള്‍ അധികൃതരുടെ നിര്‍ദേശങ്ങളും പ്രദേശത്തെ മുന്നറിയിപ്പുകളും കൃത്യമായി പാലിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതേസമയം പാര്‍ക്കില്‍ നടന്ന അപകടത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശമില്ല.

ഒറിഗോണ്‍ ക്രേറ്റര്‍ തടാകം.

പേര് സൂചിപ്പിക്കുന്നത് പോലെ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് പ്രധാന അഗ്നിപര്‍വതമുഖത്തു രൂപപ്പെട്ടതാണ് ക്രേറ്റര്‍ എന്നു വിളിപ്പേരുള്ള കൂറ്റന്‍ തടാകം. ഈ തടാകത്തിന്റെ മധ്യത്തിലായും ചുറ്റുമായും മറ്റു ചെറിയ ഗര്‍ത്തങ്ങള്‍കൂടി കാണാം. എണ്ണായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ അഗ്നിപര്‍വതം സജീവമായിരുന്ന കാലഘട്ടത്തില്‍ രൂപപ്പെട്ടവയാണ് ഈ അഗ്നിപര്‍വത മുഖങ്ങള്‍. ഇതിലൊന്നിലേക്കാണ് വിനോദസഞ്ചാരത്തിനായെത്തിയ വ്യക്തി കാല്‍വഴുതി വീണതും അപകടത്തില്‍പെട്ടതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA