ADVERTISEMENT

ആനപ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ  മസിനി ജീവതത്തിലേക്ക് തിരികെയെത്തി. പൂർണ ആരോഗ്യവതിയും സുന്ദരിയുമായ മസിനിയാന മുതുമലയിലെ തെപ്പക്കാട് ആന ക്യാംപിൽ കുസൃതികൾ കാട്ടി സഞ്ചാരികളെ  സ്വീകരിക്കുന്നു.  മുതുമലയിൽ നിന്ന് 2015 ൽ സമയപുരം ക്ഷേത്രത്തിലേക്ക്  നൽകിയ ആനയാണ് മസിനി. സമയപുരം ക്ഷേത്രത്തിലെത്തിയതോടെ മസിനിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു. അർധവന്യാവസ്ഥയിൽ സ്വാതന്ത്രരമായി നടന്ന ആനയെ കൂച്ച് വിലങ്ങിട്ട് നിർത്തിയതോടെ ആന ഇടഞ്ഞു തുടങ്ങി.ക്ഷേത്രത്തിലെ തിരക്കിൽ അസ്വസ്ഥയായ തരത്തിലായിരുന്നു ആനയുടെ പെരുമാറ്റം.

പാപ്പാനെ ചവിട്ടികൊല്ലുകയും ഭക്തരെ പരുക്കേൽപ്പിക്കുകയും ചെയ്തതോടെ ആനയെ വനം വകുപ്പിന്റെ ഓരത്ത് നാട് വെറ്ററിനറി സർവകലാശാലയുടെ ക്യാംപസിലേക്കു മാറ്റി ചികിത്സ നൽകിത്തുടങ്ങി. അവശ നിലയിലായ മസിനിയെ ജന്മനാട്ടിലേക്ക് തിരികെ എത്തിക്കണമെന്ന് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടതോടെയാണ് മസിനി  തെപ്പക്കാട് ആനത്തറവാട്ടിലേക്ക് തിരിച്ചെത്തിയത്. ജനുവരിയിൽ മുതുമലയിലെത്തിച്ച ആനയുടെ ശരീരമാസകലം വ്രണങ്ങളായിരുന്നു. എല്ലുന്തിയ കോലം മൃഗസ്നേഹികളെ വേദനിപ്പിച്ചു. പിന്നീട് മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെയായിരുന്നു മസിനിയുടെ സഞ്ചാരം. വനംവകുപ്പ് പ്രത്യേക കൂടൊരുക്കി 24 മണിക്കൂറും ഭക്ഷണവും മരുന്നുമായി കാവലിരുന്നു. 

2006 ൽ 3 മാസം പ്രായമുള്ളപ്പോൾ മുതുമലയിലെ കാർഗുഡി വനത്തിൽ അമ്മയെ പിരിഞ്ഞ നിലയിലാണ് മസിനിയെ കണ്ടെത്തിയത്. അന്ന് ആനപാപ്പാനായിരുന്ന ബൊമ്മന്റെ കൈകളിലേക്കാണ് വനംവകുപ്പ് മസിനിയെ ഏൽപ്പിച്ചത്. ബൊമ്മനും കുടുബവും മക്കളെ പോലെ സ്നേഹിച്ചു വളർത്തി. 9 വയസ്സുവരെ ബൊമ്മനായിരുന്നു മസിനിയുടെ എല്ലാം. ആരോഗ്യം നഷ്ടപ്പെട്ട് തിരിച്ചെത്തിയതും ബൊമ്മന്റെ അടുത്തേക്ക്.  വർഷങ്ങൾ കഴിഞ്ഞ് വളർത്തച്ഛനെ കണ്ടു മുട്ടിയപ്പോൾ മസിനി ഓടിയെത്തിയത് ക്യാംപിലെ ജീവനക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു. ക്യാംപിലെ വിനായക ക്ഷേത്രത്തിൽ മണികുലുക്കി പൂജ നടത്തിയിരുന്നത് മസിനിയായിരുന്നു.

സമയപുരം ക്ഷേത്രത്തിൽ  മുമ്പുണ്ടായിരുന്ന ആന ചെരിഞ്ഞതോടെയാണ് മസിനിയെ ക്ഷേത്രത്തിലെത്തിച്ചത്. അനുസരണയുള്ള ശാന്തമായ മനസ്സായിരുന്നു ഈ ആനയ്ക്ക്. ബൊമ്മന്റെ ആജ്ഞകൾക്കായി  എപ്പോഴും കാതോർത്തിരിക്കും.പച്ചപ്പിൽ നിന്ന് നഗര തിരക്കിലെത്തിയതോടെ ആ മനസ്സ് പതറി. ഒറ്റപ്പെട്ടതോടെ വന്യ സ്വഭാവം കാണിച്ചു തുടങ്ങി. പിന്നീട് കൂച്ചുവിലങ്ങായിരുന്നു ശിക്ഷ. ആന പ്രേമികൾ  മസിനിയെ മോചിപ്പിക്കുന്നതും കാത്തിരുന്നു. ആനതറവാട്ടിലേക്ക് തിരിച്ചെത്തിയതോടെ മസിനിയുടെ പകുതി ആരോഗ്യം വീണ്ടെടുത്തു. പോഷകസമൃദ്ധമായ ഭക്ഷണവും മരുന്നും സ്നേഹവും  നൽകിയതോടെ  ഇവൾ മായാർ പുഴയിൽ മുങ്ങി കുളിച്ച് കൂച്ചുവിലങ്ങില്ലാതെ ക്യാംപിലെത്തുന്ന  സന്ദർശകർക്ക് മുൻപിൽ കുസൃതികൾ കാണിച്ച് പഴയ മസിനിയാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com