അന്ന് അച്ഛൻ ഇന്ന് മകൻ, അതേ സ്ഥലം അതേ മുതല; ചിത്രം നെഞ്ചിലേറ്റി ലോകം!

 Same Place, Same Croc, 15 Years Apart: Steve Irwin's Son Recreates Picture With Crocodile
Image Credit:twitter/RobertIrwin
SHARE

സ്റ്റീവ് ഇർവിൻ ലോകത്തോട് വിടപറഞ്ഞിട്ട് 13 വർഷം പിന്നിട്ടെങ്കിലും അദ്ദേഹത്തെ ഏറെയിഷ്ടപ്പെട്ട ജനങ്ങളുടെ മനസ്സിൽ നിന്ന് ആ ഓർമ്മകൾ ഒരിക്കലും മായില്ല. ദി ക്രോക്കഡൈൽ ഹണ്ടർ എന്ന ടെലിവിഷൻ പരമ്പരയിലൂടെയായിരുന്നു സ്റ്റീവ് ഇർവിൻ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. അതേ പാതയിലൂടെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ 15 കാരനായ റോബർട്ട് ഇർവിന്റെയും സഞ്ചാരം.

കഴിഞ്ഞ ദിവസം റോബർട്ട് പങ്കുവച്ച ഒരു ചിത്രവും അതോടൊപ്പമുള്ള അടിക്കുറുപ്പും ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തിന്റെ സ്നേഹം നേടിയ അച്ഛന്റെ മകനും ഇപ്പോൾ ആ സ്നേഹത്തിന്റെ പിന്തുടർച്ചക്കാരനായിരിക്കുകയാണ്. സ്റ്റീവ് ഇർവിൻ എന്ന മനുഷ്യനെ കാണാൻ ഒരു ജനത മുഴുവൻ ടിവി സ്ക്രീനിന് മുന്നിൽ കാത്തിരുന്നിട്ടുണ്ട്. മുതലകളുടെ തോഴൻ എന്ന പേരിൽ മൃഗസ്നേഹികളുടെയും കുട്ടികളുടെയും ഇഷ്ടം നേടിയ  സ്റ്റീവിന്റെ അപ്രതീക്ഷിത മരണവും ലോകത്തെ ഞെട്ടിച്ചിരുന്നു.കടലിൽ വച്ച് തിരണ്ടിയുടെ ആക്രമണത്തിലായിരുന്നു മരണം. 2006ൽ ഒരു ഡോക്യൂമെന്ററി ചിത്രീകരണത്തിനിടെയിലായിരുന്നു കടലിൽ വച്ച് തിരണ്ടിയുടെ ആക്രമണത്തിൽ സ്റ്റീവ് മരണപ്പെട്ടത്.

അച്ഛൻ മരിച്ച് 13 വർഷം പിന്നിടുമ്പോൾ അതേ പാതയിലാണ് താനുമെന്ന് മകൻ റോബർട്ട് തെളിയിക്കുന്നു. സ്റ്റീവ് ഇർവിന്റെ പഴയ ചിത്രവും കൂടി ഉൾപ്പെടുത്തിയായിരുന്നു റോബർട്ട് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ്. ‘മുറേ എന്ന മുതലയ്ക്ക് ഭക്ഷണം നൽകുന്ന ഞാനും അച്ഛനും. അതേ സ്ഥലം, അതേ മുതല, രണ്ടു ചിത്രങ്ങളും തമ്മിൽ 15 വർഷത്തിന്റെ വ്യത്യാസം.’ റോബർട്ട് കുറിച്ചു. സ്റ്റീവിന്റെ അതേ പ്രസരിപ്പും രൂപവുമാണ് മകനും. റോബർട്ട് പങ്കുവച്ച ഈ ചിത്രം പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. നിരവധിയാളുകൾ അഭിനന്ദനവുമായി രംഗത്തെത്തി.അതേ അച്ഛനെ പോലെതന്നെ മകനും മുന്നേറുകയാണ്. അതിനുത്തരമാണ് ലോകം നെഞ്ചേറ്റിയ ഈ ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA