sections
MORE

ഭൂകമ്പം മുൻകൂട്ടിയറിഞ്ഞ് ഓർ മത്സ്യം; പിന്നാലെ കലിഫോർണിയയിൽ സംഭവിച്ചത്?

Fishermen release juvenile oarfish back into the ocean
Image Credit: Noah Thompson
SHARE

ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ അങ്ങനെയൊന്നും തീരത്തേക്കെത്താറില്ല. എന്നാൽ കഴിഞ്ഞ മാസം കലിഫോർണിയയിലെ ബാജാ തീരത്ത് ജീവനോടെ ഒരു ഓർ മത്സ്യം തീരത്തടിഞ്ഞു. മത്സ്യബന്ധനത്തിനെത്തിയ സഹോദരങ്ങളായ  നോഹയും തോംസണുമാണ്  തീരത്തടിഞ്ഞ ഓർ മത്സ്യത്തെ കണ്ടെത്തിയത്. ചെറുപ്പത്തിൽ ചിത്രങ്ങളിൽ കണ്ടിട്ടുള്ള പരിചയമേ ഉള്ളൂവെങ്കിലും തോംസൺ പെട്ടെന്നു തന്നെ ഓർ മത്സ്യത്തെ തിരിച്ചറിഞ്ഞു.

കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്. ബാജാ തീരത്തടിഞ്ഞത് 8 അടിയോളം നീളമുള്ള കുഞ്ഞ് ഓർ മത്സ്യമായിരുന്നു.ഇവർ കണ്ടെത്തുമ്പോൾ അതിന് ജീവനുണ്ടായിരുന്നു. തോംസൺ പെട്ടെന്നു തന്നെ ആഴക്കടലിലേക്ക് മത്സ്യത്തെ വഴിതിരിച്ചു വിട്ടു. മത്സ്യം ആഴക്കടലിലേക്ക് നീന്തിപ്പോകുന്നത് കണ്ടതിനു ശേഷമാണ് സഹോദരങ്ങൾ അവിടെ നിന്നു മടങ്ങിയത്.

Fishermen release juvenile oarfish back into the ocean
Image Credit: Noah Thompson

ബാജായിൽ ആദ്യമായല്ല ജീവനോടെ ഒരു ഓർ മത്സ്യം തീരത്തടിയുന്നത്. 2013 ലും രണ്ട് ഓർ മത്സ്യങ്ങൾ തീരത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇവ തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം.

ജപ്പാൻകാരുടെ ഈ വിശ്വാസത്തെ ഏറെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കഴിഫോർണിയയിൽ സംഭവിച്ചതും.ഓർ മത്സ്യത്തെ കണ്ടതിനു പിന്നാലെയാണ് ഇവിടെ കടുത്ത ഭൂകമ്പമുണ്ടായത്.കലിഫോർണിയയുടെ തെക്കുഭാഗത്തായാണ് 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ജനവാസം കുറഞ്ഞ സ്ഥലമായതിനാൽ വൻ നാശം ഉണ്ടായില്ല. എന്നാൽ ചിലയിടങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായും വൈദ്യുതിബന്ധം തകരാറിലായതായും വാതകച്ചോർച്ച മൂലം തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 2 ദശകത്തിൽ ആദ്യമായാണ് ഇത്ര വലിയ ഭൂചലനം ഈ മേഖലയിൽ അനുഭവപ്പെടുന്നത്.കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇവിടെ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.

മീനുകളുടെ വരവ് ദുരന്ത സൂചന

Fishermen release juvenile oarfish back into the ocean
Image Credit: Noah Thompson

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ.  വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ നിഗമനം.ഉൾക്കടലിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്.

ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഓർ മത്സ്യങ്ങൾ. സാധാരണയായി ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങൾക്കു മുന്നോടിയായി ഓർമത്സ്യങ്ങൾ തീരത്തടിയുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

ഫെബ്രുവരി ആദ്യവാരമാണ് പത്തടിയോളം നീളമുള്ള ഓർ മത്സ്യം തൊയാമ ബീച്ചിലടിഞ്ഞത്. ഇമിസു തുറമുഖത്തും മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ നിലയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഇതിന് ഏകദേശം പതിമൂന്നു അടിയോളം നീളമുണ്ടായിരുന്നു. പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. ആഴക്കടലിലാണ് ഇവയുടെ വാസം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്.വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്.

Oarfish

ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. സുനാമിയോ ഭൂകമ്പമോ പോലെയുള്ള ദുരന്ത സൂചനയുമായാണ് ഈ മത്സ്യങ്ങൾ കരയിലേക്കെത്തുന്നത്.സമാനമായ രീതിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഓർ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2015ൽ കലിഫോർണിയയിലെ സാന്റാ കാറ്റലീന ദ്വീപിൽ ജീവനോടെ ഓർ മത്സ്യം തീരത്തടിഞ്ഞിരുന്നു. 19 മാസങ്ങൾക്കു മുൻപും ഇതേ പ്രദേശത്ത് മറ്റൊരു ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. പക്ഷേ അവിടങ്ങളിലൊന്നും ഇതിനു പിന്നാലെ പ്രകൃതി ദുരന്തങ്ങളൊന്നും തന്നെ സംഭവിച്ചിരുന്നില്ല.

ഓർ മത്സ്യങ്ങളിൽ തന്നെ മൂന്നു വിഭാഗമുണ്ട്. അതിൽ ഏറ്റവും വലുതാണ് ജപ്പാൻകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഴക്കടലിൽ വസിക്കുന്ന ഇവ തീരത്തെത്തുന്നതും അപൂർവമാണ്. ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓർ മത്സ്യങ്ങൾ തീരത്തടിയാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാൽ കലിഫോർണിയ തീരത്തുണ്ടായ ഭൂകമ്പവും ഓർ മത്സ്യത്തിന്റെ വരവും തമ്മിൽ ബന്ധിപ്പിച്ചാൽ എന്തൊക്കെയോ നിഗൂഢതകൾ ശാസ്ത്രത്തിനും അതീതമായി സംഭവിക്കുന്നില്ലേയെന്നാണ് ഉയരുന്ന ചോദ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA