sections
MORE

മഞ്ഞില്‍ പുതഞ്ഞു കിടന്ന അഗ്നിപര്‍വതത്തിനുള്ളിൽ ‘ലാവ തടാകം’; കണ്ടെത്തലിൽ അമ്പരന്ന് ഗവേഷകർ!

Rare Lake of Bubbling Lava Discovered on Remote Antarctic
Mount Michael.Image Credit: Pete Bucktrout/BAS
SHARE

അഗ്നിപര്‍വതമെന്നും ലാവയെന്നും കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് തിളച്ചു മറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ്. എന്നാല്‍ എല്ലാ അഗ്നിപര്‍വതങ്ങളിലും ഇത്തരത്തിലൊരു കാഴ്ച കാണാന്‍ കഴിയില്ല. ഭൂമിയില്‍ ഇന്ന് ഭാഗികമായും മുഴുവനായും സജീവമായി നില്‍ക്കുന്നത് 1500 ഓളം അഗ്നിപര്‍വതങ്ങളാണ്. ഇവയില്‍ വിരലിലെണ്ണാവുന്നവയില്‍ മാത്രമേ ഇത്തരത്തില്‍ ലാവ തിളച്ചു മറിയുന്ന കാഴ്ച കാണാനാകൂ. മറ്റുള്ളവയിലെല്ലാം പൊട്ടിയൊലിക്കുന്ന ലാവ ചാരം കലര്‍ന്നു പുറത്തേക്കെത്തുക മാത്രമാണു ചെയ്യുക.

ഇത്തരത്തില്‍ ലാവകള്‍ അഗ്നിപര്‍വതത്തിനുള്ളില്‍ തന്നെ കുടുങ്ങിക്കിടന്ന് തിളച്ചു മറിയുന്നതിനെ ലാവ തടാകം എന്നാണു വിശേഷിപ്പിക്കുന്നത്. ലാവ തടാകമുള്ള എട്ടാമത്തെ അഗ്നിപര്‍വതമാണ് ഇപ്പോള്‍ ഗവേഷകര്‍ അന്‍റാര്‍ട്ടിക്കില്‍ കണ്ടെത്തിയിരിക്കുന്നത്. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഒരു അഗ്നിപര്‍വത മുഖത്താണ് ഈ ലാവ തടാകമുള്ളതെന്നതും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ആര്‍ട്ടിക്കിനു തെക്കായി സ്ഥിതി ചെയ്യുന്ന സാന്‍ഡ്‌വിച്ച് ദ്വീപിലാണ് ഈ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന അഗ്നിപര്‍വതവും അതിലെ ലാവ തടാകവുമുള്ളത്. മൗണ്ട് മിഖായേല്‍ എന്ന അഗ്നിപര്‍വതമാണ് ഈ ദ്വീപിലുള്ളത്. മഞ്ഞു മൂടി കിടക്കുന്നതിനാലും അഗ്നിപര്‍വതത്തില്‍ നിന്ന് വെളുത്ത പുക ഉയരുന്നതിനാലും ഒറ്റ നോട്ടത്തില്‍ ഇതൊരു അഗ്നിപര്‍വ്വതമാണോയെന്ന് ആരും സംശയിക്കും. എന്നാല്‍ ഈ പര്‍വത മുഖത്തെ കാഴ്ച കണ്ടാല്‍ ഈ സംശയം മാറുകയും ചെയ്യും. കാരണം പുറത്തേക്കൊഴുകാതെ കെട്ടിക്കിടന്ന് തിളച്ചു മറിയുന്ന ലാവയാണ് ഈ പര്‍വത മുഖത്തുള്ളത്.

മൗണ്ട് മിഖായേല്‍

ഏതാണ്ട് 200 വര്‍ഷമായി മൗണ്ട് മിഖയേലിനെക്കുറിച്ച് ഗവേഷകര്‍ക്കറിവുണ്ട്. പക്ഷേ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപായതിനാല്‍ തന്നെ ഇവിടേക്ക് അടിക്കടി എത്തപ്പെടാനും വിവരം ശേഖരിക്കാനും ബുദ്ധിമിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നും ഒരു സംഘം ഗവേഷകര്‍ ഇക്കുറി ദ്വീപിലെത്തി ഏതാണ്ട് ഒരാഴ്ചയോളം നീണ്ട പഠനമാണ് ഈ അഗ്നിപര്‍വതത്തെക്കുറിച്ച് നടത്തിയത്. ഈ ശ്രമം വെറുതെയായില്ല എന്നു തന്നെയാണ് അപൂര്‍വമായ ലാവ തടാകത്തിന്‍റെ കണ്ടെത്തല്‍ തെളിയിക്കുന്നതും.

പല തവണകളിലായി പല ഗവേഷകരും സാന്‍ഡ്‌വിച്ച് ദ്വീപില്‍ എത്തിയെങ്കിലും അഗ്നിപര്‍വതത്തിനു മുകളില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇക്കുറി ഇത് സാധിച്ചത് ബ്രിട്ടിഷ് അന്‍റാര്‍ട്ടിക് സര്‍വേയില്‍ നിന്നുള്ള പീറ്റര്‍ ഫ്രെട്‌വെലിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്.സാധാരണ അഗ്നിപര്‍വതങ്ങളില്‍ പഠനത്തിനു വിഘാതം സൃഷ്ടിക്കുന്നത് പുറത്തേക്കെത്തുന്ന തീയും ലാവയും ചാരവുമാണെങ്കില്‍ ഇവിടെ അത് മഞ്ഞാണ്.

മിനുസമേറിയ മഞ്ഞിലൂടെ നടന്നു മുകളിലെത്തുകയെന്നത് അതികഠിനമായ വെല്ലുവിളിയായിരുന്നു എന്ന് പീറ്റര്‍ ഫ്രെട്‌വെല്‍ പറയുന്നു. കൂടാതെ കൂണ്‍ പോലെ അഗ്നിര്‍വതത്തെ ചുറ്റി നിന്ന പുകമഞ്ഞും സ്ഥിതിഗതികള്‍ വഷളാക്കി. അതേസമയം കാറ്റ് അനുകൂലമായതാണ് പര്‍വതത്തിനു മുകളിലെ കാഴ്ച അനായാസമായി പകര്‍ത്താന്‍ സഹായിച്ചത്. കാറ്റ് മഞ്ഞിനെ കൃത്യമായ ഇടവേളകളില്‍ ഏതാനും നിമിഷത്തേക്ക് അകറ്റി നിര്‍ത്തി. ഈ സമയത്താണ് അഗിപര്‍വതത്തിന്‍റെ ദൃശ്യങ്ങള്‍ ഡ്രോണിന്‍റെ സഹായത്തോടെ ഗവേഷകര്‍ പകര്‍ത്തിയത്.

കണ്ടെത്തിയ സമയത്ത് അത്രയധികം സജീവമല്ലാതിരുന്ന മൗണ്ട് മിഖായേലില്‍ 1990 ലാണ് പുക ശക്തമായി വമിക്കുന്നതായി കണ്ടെത്തിയത്. എന്നാല്‍ ഇതൊന്നും ലാവ തടാകത്തിനുള്ള തെളിവായി അന്നു കണക്കാക്കിയില്ല. പക്ഷേ ഏതാണ്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ പുറത്തേക്കെത്താതിരുന്നതോടെയാണ് ഈ സാധ്യതയെപ്പറ്റി ഗവേഷകര്‍ ആലോചിച്ചത്. തുടര്‍ന്ന് സാറ്റ്‌ലെറ്റ് ഉപയോഗിച്ച് 2003 ലും 2008 ലും 2012 ലും പഠനം നടത്താന്‍ ശ്രമിച്ചെങ്കിലും കാര്യമായ ഫലം ചെയ്തില്ല. ഒടുവിലാണ് നേരിട്ടുള്ള പഠനത്തിനായി ഗവേഷക സംഘം ഇറങ്ങിത്തിരിച്ചതും അത് ഫലം കണ്ടതും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA