‘അന്നദാനം മഹാദാനം’; ഇവിടെ പ്രാതൽ കഴിക്കാനെത്തുന്നത് മുപ്പത്തയ്യായിരത്തിലധികം പ്രാവുകൾ!

Pigeons on fly at marina beach
SHARE

അതിരാവിലെ ചെന്നൈ മറീന ബീച്ചിൽ കാഴ്ചകൾ ഏറെയുണ്ടെങ്കിലും വിവേകാനന്ദ ഹാളിന് എതിർവശത്ത് എത്തുന്ന എണ്ണിയാൽ ഒടുങ്ങാത്ത അരിപ്രാവുകൾ കാണുന്നവരുടെ മനസ്സു നിറയ്ക്കും. പ്രാവുകൾ വെറുതെ വന്നുപോവുകയല്ല ഒരു കൂട്ടമാളുകൾ ബീച്ചിൽ വിതറുന്ന തീറ്റയെടുക്കാനാണ് ഇവ കൂട്ടമായി എത്തുന്നത്. മറീന ബീച്ച് പീജിയൻ ഫീഡിങ് സെന്റർ എന്ന പേരിൽ രാജസ്ഥാൻ സ്വദേശികളായ വിജയ് ജെയിൻ, എം.ഭീംരാജ് എന്നീ വ്യാപാരികളുടെ നേതൃത്വത്തിലാണു തീറ്റ വിതരണം. 2008ൽ വ്യായാമത്തിനിറങ്ങിയ ഇരുവരും ബീച്ചിൽ കണ്ട പ്രാവുകൾക്കു ബ്രെഡ് പൊടിച്ചു നൽകി. രാജസ്ഥാനിൽ പക്ഷികൾക്കു ഭക്ഷണം നൽകുന്ന പാരമ്പര്യം പിന്തുടർന്നായിരുന്നു ഇത്. പിന്നീട് ഇരുവരും അതു പതിവാക്കി. പത്തോളം പ്രാവുകൾ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. ആഴ്ചകൾ പിന്നിട്ടതോടെ തീറ്റ തേടി എത്തുന്ന പ്രാവുകളുടെ എണ്ണവും ഉയർന്നു.

ഇതോടെയാണു പീജിയൻ ഫീഡിങ് സെന്റർ എന്ന ആശയം ഉയർന്നു വന്നത്. സമാന മനസ്കരും ഒപ്പം കൂടിയതോടെ ചോളം, കടല, ഗോതമ്പ് എന്നിങ്ങനെ പ്രാവുകൾക്കുള്ള വിഭവങ്ങളും വിപുലമാക്കി. ഫീഡിങ് സെന്ററിൽ തീറ്റ നൽകാൻ എത്തുന്നവരുടെ എണ്ണവും കൂടി. ഇതോടെ ദിവസവും മുടങ്ങാതെ തീറ്റ എത്തിച്ചു തുടങ്ങി. 11 വർഷത്തിനിപ്പുറം ഫീഡിങ് സെന്ററിൽ എത്തുന്ന പ്രാവുകളുടെ എണ്ണം മുപ്പത്തയ്യായിരത്തിൽ അധികമായി.

Feeding pigeons, a daily tradition for volunteers at Marina
മറീന ബീച്ച് പീജിയൻ ഫീഡിങ് സെന്റർ പ്രവർത്തകർ ചിത്രം:മനോരമ

പൂർണമായും പൊതുജനങ്ങളുടെ സംഭാവനത്തുക ഉപയോഗിച്ചാണു തീറ്റ വാങ്ങുന്നത്. ഫീഡിങ് സെന്ററിനായി കോർപറേഷൻ അധികൃതരുടെ അനുമതിയോടെ ബീച്ചിനു സമീപം പ്രത്യേക കടയും തുറന്നു. തീറ്റ സൂക്ഷിക്കുന്ന കടയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സംഭാവനപ്പെട്ടിയിൽ ആർക്കും എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പ്രാവുകൾക്കു ഭക്ഷണവും നൽകാം. ദിവസേന നൂറുകണക്കിന് ആളുകളാണു പ്രാവുകൾക്കു തീറ്റ നൽകാൻ എത്തുന്നത്.

പക്ഷികൾക്കു മറ്റാരും ശല്യമുണ്ടാക്കാതിരിക്കാൻ 7 മണി വരെ ഫീഡിങ് സെന്റർ വൊളന്റിയർമാർ ഇവിടെ കാവലുണ്ടാകും. പ്രാവുകൾക്കു മാത്രമല്ല ബീച്ചിൽ അലയുന്ന നായ്ക്കൾക്കും, കാക്കകൾക്കും മറ്റൊരിടത്ത് ഇവർ ഭക്ഷണം നൽകുന്നുണ്ട്. വേനൽ കടുത്തതോടെ മൃഗങ്ങൾക്കും പക്ഷികൾക്കുമായി മറീനയിൽ പലയിടത്തും പ്രത്യേകം ഒരുക്കിയ പാത്രങ്ങളിൽ ശുദ്ധജലവും വയ്ക്കുന്നുണ്ട്. രാവിലെ നടക്കാൻ ഇറങ്ങുന്നവർക്കും ഫീഡിങ് സെന്ററിൽ സൗജന്യമായി ശുദ്ധജലം ലഭിക്കും. അന്നദാനം മഹാദാനം എന്ന ചൊല്ല് രാജസ്ഥാനിലുമുണ്ടെന്ന് ഇവർ പറയുന്നു. മിണ്ടാപ്രാണികൾക്കുള്ള അന്നദാനത്തിനു മഹത്വം കൂടുമെന്നാണ് ഇവരുടെ വിശ്വാസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA