ADVERTISEMENT

കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ മാങ്ങ ഭൗമ സൂചികാ പദവിയിലേക്ക്. നടപടികൾ വിലയിരുത്തുന്നതിനായി മന്ത്രി വി.എസ്.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.പി. ഇന്ദിരാദേവി,ബൗദ്ധിക സ്വത്തവകാശ സെൽ കോ–ഓഡിനേറ്റർ ‍ഡോ. സി.ആർ. എൽസി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദക കമ്പനി പ്രതിനിധികൾ, മാങ്ങ കർഷകർ‌ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ബൗദ്ധിക സ്വത്തവകാശ സെല്ലിനൊപ്പം കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും കൃഷി വകുപ്പും കുറ്റ്യാട്ടൂർ മാങ്ങ കർഷകരും ചേർന്നാണ് ഭൗമ സൂചികാ പദവിയുടെ റജിസ്ട്രേഷനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നത്. കുറ്റ്യാട്ടൂർ മാങ്ങയുടെ ജാം, അച്ചാർ, പൾപ്പ്, ജ്യൂസ് എന്നിവ മാർക്കെറ്റിലെത്തിക്കാനുള്ള സാങ്കേതിക മാർഗങ്ങളെ പറ്റിയും യോഗം ചർച്ച ചെയ്തു. 

ഇതിനായി കാർഷിക സർവകലാശാലയുടെ സാങ്കേതിക പിന്തുണ മന്ത്രി ഉറപ്പു നൽകി. തനതു കാർഷിക ഉത്പ്പന്നങ്ങളെ സംരക്ഷിക്കാനും അവയുടെ വിപണി വിപുലീകരിക്കാനുമാണ് ഭൗമസൂചക റജിസ്ട്രേഷൻ. കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തിൽ ഭൗമസൂചികാ പദവിയിലേക്കടുക്കുന്ന 11–ാമത്തെ ഉത്പമാണ് കുറ്റ്യാട്ടൂർ മാങ്ങ.

കുറ്റ്യാട്ടൂർ മാങ്ങ

കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂരിൽ കണ്ടുവരുന്ന മാങ്ങയാണിത്. അകത്തും പുറത്തും മനോഹരമായ ഓറഞ്ച് നിറമാണ് കുറ്റ്യാട്ടൂർ മാങ്ങയുടെ പ്രത്യേകത. മാമ്പഴത്തിന്റെ പുറംഭാഗത്തു സാധാരണ മാമ്പഴത്തിൽ കാണാറുള്ള കുത്തുകളില്ലാത്ത നിറമാണുള്ളത്. പുറംഭാഗത്തും  ദശയിലുമുള്ള മനോഹരമായ നിറം മറ്റു മാമ്പഴങ്ങൾക്കില്ല. മധുരവും വിറ്റാമിൻ സി യുടെ ആധിക്യവും കുറ്റ്യാട്ടൂർ മാമ്പഴത്തെ പ്രിയങ്കരമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com