ADVERTISEMENT

ഏതൊരു ജൈവവ്യവസ്ഥയിലും തുടക്കം മുതല്‍ ഒടുക്കം വരെ ബന്ധപ്പെട്ടു കിടക്കുന്ന കണ്ണികളുണ്ടാകും. കാട്ടിലെ ലളിതമായ ഒരു ജൈവ വ്യവസ്ഥയെടുത്താല്‍ അത് പുല്ലു തിന്നുന്ന മാനില്‍ തുടങ്ങി ചത്ത കടുവയെ തിന്നു തീര്‍ക്കുന്ന കഴുകന്‍മാര്‍ വരെ ഉള്‍പ്പടും. ആഴക്കടലിലെ ഇത്തരം ഒരു ജൈവവ്യവസ്ഥയില്‍ അവിടെ ചത്തടിഞ്ഞെത്തുന്ന ജീവികളുടെ ശരീരം വിഘടിപ്പിക്കാനും അത് സൂക്ഷ്മജീവികള്‍ക്ക് ആഹാരമാക്കാനും സഹായിക്കുന്നത് ചെറു സ്രാവുകള്‍ ഉള്‍പ്പടെയുള്ള ചില ജീവികളാണ്. ഇങ്ങനെ ചത്തടിഞ്ഞ ഒരു സ്വോര്‍ഡ് ഫിഷ് ഇനത്തില്‍ പെട്ട മത്സ്യത്തെ കഴുകന്‍മാരുടെ കൂട്ടത്തെ ഓര്‍മ്മിപ്പിക്കും വിധം ചെറു സ്രാവുകള്‍ കൂട്ടത്തോടെയെത്തി ചുരുങ്ങിയ സമയം കൊണ്ട് തിന്നു തീര്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഡോഗ് ഫിഷ് സ്രാവുകള്‍

ആഴക്കടലില്‍ ജീവിക്കുന്ന കഴിഞ്ഞ വര്‍ഷം മാത്രം തിരിച്ചറിയപ്പെട്ട സ്രാവ് വംശമാണ് ഡോഗ് ഫിഷ് സ്രാവുകള്‍. രണ്ടരയടി വരെ നീളം വയ്ക്കുന്ന ഈ സ്രാവുകള്‍ കൂട്ടത്തോടെ ഭക്ഷണം കഴിയ്ക്കുന്ന ദൃശ്യങ്ങള്‍ ഇതാദ്യമായാണ് ക്യാമറയില്‍ പതിയുന്നത്. ആഴക്കടലിൽ ചത്തടിയുന്ന തിമിംഗലങ്ങള്‍ ഉള്‍പ്പടെയുള്ള ജീവികളുടെ ശരീരം എങ്ങനെ വിഘടിപ്പിക്കപ്പെട്ട് കടലിന്‍റെയും മണ്ണിന്‍റെയും ഭാഗമായിത്തീരുന്നു എന്ന് കാട്ടിത്തരുന്നതാണ് ഈ ദൃശ്യങ്ങള്‍. 

അമേരിക്കന്‍ സമുദ്ര ഗവേഷക ഏജന്‍സിയുടെ ആഴക്കടല്‍ റിമോട്ട് നിയന്ത്രിത വാഹനം നടത്തിയ പര്യവേഷണത്തിനിടയിലാണ് ഈ സ്രാവുകള്‍ കൂട്ടത്തോടെ വലിയ മത്സ്യത്തെ ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായത്. ഡോഗ് ഫിഷ് ഇനത്തില്‍ പെട്ട 11 സ്രാവുകള്‍കൂടിയാണ് ഒരു മണിക്കൂറിനുള്ളില്‍ ഈ മത്സ്യത്തെ അസ്ഥിപഞ്ചരമാക്കി മാറ്റിയത്. സൗത്ത് കാരലൈനയ്ക്കു സമീപം അറ്റ്ലാന്‍റികില്‍ 450 മീറ്റര്‍ ആഴത്തില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ഡോഗ് ഫിഷിലെ തന്നെ ജെനീസ് ഡോഗ് ഫിഷ് എന്ന വിഭാഗത്തില്‍ പെട്ട സ്രാവുകളാണ് സ്വാര്‍ഡ് ഫിഷിനെ തിന്നു തീര്‍ത്തത്. പ്രശസ്ത മറൈന്‍ ബയോളജിസ്റ്റായ ഡോ ജെനി ക്ലാര്‍ക്കിന്‍റെ പേരില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഈ സ്രാവുകള്‍ക്ക് ജെനീസ് എന്ന പേരു നല്‍കിയത്. ഡോഗ് സ്രാവുകളിലെ സ്ക്വാലിഡേ ഇനത്തില്‍ പെട്ടവയാണ് ഇവ. 

കടുവയെ പിടിച്ച് കിടുവ

അതേസമയം ഈ ദൃശ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം സ്രാവുകള്‍ സ്വാര്‍ഡ് ഫിഷിനെ തിന്നുന്നതല്ല. മറിച്ച് ഒരു സ്രാവിനെ തന്നെ മുഴുവനോടെ അകത്താക്കുന്ന മറ്റൊരു മത്സ്യമാണ്. ഗ്രൂപ്പര്‍ എന്നു വിളിക്കുന്ന റെക് ഫിഷാണ് ഡോഗ് ഷാര്‍ക്കിനെ കഴിക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. സ്രാവുകള്‍ സ്വാര്‍ഡ് ഫിഷിനെ കൂട്ടത്തോടെ തിന്നുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറകള്‍ക്കു മുന്നിലേക്ക് ശാന്തനായാണ് റെക് ഫിഷ് രംഗപ്രവേശം ചെയ്യുന്നത്. റെക് ഫിഷിനെ പിന്നീട് കാണുന്നത് വായില്‍ നിന്ന് പാതി പുറത്തേക്ക് നില്‍ക്കുന്ന സ്രാവുമായാണ്. സ്രാവിന്‍റെ വാല്‍ഭാഗം മാത്രമാണ് റെക് ഫിഷിന്‍റെ വായില്‍ നിന്നു പുറത്തുള്ളത്. 

റെക് ഫിഷ് സ്രാവിനെ എപ്പോഴാണ് പിടികൂടിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. പക്ഷേ കൂട്ടത്തിലൊരാളെ റെക് ഫിഷ് പിടികൂടിയത് സ്രാവുകള്‍ പോലും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. അത്രയും ശാന്തനായി നിന്നു കൊണ്ടായിരുന്നു റെക് ഫിഷിന്‍റെ വേട്ടയാടല്‍. ഏതായാലും ആഴക്കടലിലെ ഈ വേട്ടയുടെയും, വേട്ടക്കാരെപോലും വേട്ടയാടുന്ന ജീവികളുടെയും ദൃശ്യങ്ങള്‍ സമുദ്ര ഗവേഷണ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ കാഴ്ചകളിലൊന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com