ADVERTISEMENT

മനുഷ്യനെ നൃത്തം ചെയ്യാന്‍ ആരും പഠിപ്പിക്കേണ്ട. ഒരു പാട്ട് കേട്ടാല്‍ അതിനനുസരിച്ച് ചുവടു വയ്ക്കാനും ശരീരം ചലിപ്പിക്കാനും കഴിയുന്നവരാണ് എല്ലാ മനുഷ്യരും. ലോകത്തിന്‍റെ ഏത് ഭാഗത്തുള്ള മനുഷ്യരും നൃത്തത്തിന് അതിന്‍റെതായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സംഗീതം ആസ്വദിക്കാനുള്ള കഴിവു തന്നെയാണ് മനുഷ്യന് നൃത്തം ചെയ്യാനുള്ള പ്രചോദനം നല്‍കുന്നതും. മനുഷ്യരെ കൂടാത ഏതാനും ജീവികള്‍ക്കു കൂടി ഈ കഴിവുണ്ട്. പക്ഷേ ഇവയില്‍ മിക്കതും മനുഷ്യരുമായി തന്നെ അടുത്ത ബന്ധമുള്ളതോ അല്ലെങ്കില്‍ ബുദ്ധിയുള്ളതോ ആയ ജീവികളാണ്.

പല ജീവികളും പാട്ടിനൊപ്പം നൃത്തം ചെയ്ത് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നൃത്തം ചെയ്ത് ഇന്‍റര്‍നെറ്റില്‍ തന്നെ തരംഗമായ ആദ്യ ജീവി ഒരു പക്ഷേ റോനന്‍ എന്ന കടല്‍ സിംഹമായിരിക്കും, ബാക്സ്ട്രീററ്റ് ബോയ്സിലെ ഗാനത്തിനൊപ്പം തല കൊണ്ട് അദ്ഭുതപ്പെടുത്തുന്ന ചലനങ്ങൾ കാട്ടിയാണ് റോനന്‍ പ്രശസ്തനായത്. പക്ഷേ റോനന്‍റെ ഈ നൃത്തം പരിശീലനത്തിന്‍റെ കൂടി ഫലമായിരുന്നു. എന്നാല്‍ ഒരു പരിശീലനവും കൂടാതെ ഏതു ഗാനത്തിനൊപ്പവും സ്വന്തമായി നൃത്തം ചിട്ടപ്പെടുത്തിയാണ് സ്നോബോള്‍ എന്ന കൊക്കറ്റു ഇപ്പോൾ തരംഗമാകുന്നത്.

സ്നോബോള്‍

സ്നോ ബോളിന്‍റെ നൃത്തം ചെയ്യാനുള്ള കഴിവ് മുന്‍പേ പ്രശസ്തമാണ്. പക്ഷേ ഇപ്പോള്‍ ഗവേഷകര്‍ക്കു കൂടി വിസ്മയമായി സ്നോബോള്‍ മാറിയിരിക്കുകയാണ്. ഇതിനു കാരണം സ്നോ ബോളിന്‍റെ സ്വന്തമായി നൃത്തം ചെയ്യാനുള്ള കഴിവാണ്. തലയും കാലും ചിറകും, വാലും വരെ ഉപയോഗിച്ച് ഓരോ പാട്ടിനനുസരിച്ചും വ്യത്യസ്തമായ നൃത്ത ചുവടുകളൊരുക്കിയാണ് ഈ തത്ത ഗവേഷകരെയും ശാസ്ത്രത്തെയും അമ്പരപ്പിച്ചത്. ഇതുവരെ മനുഷ്യനല്ലാത്ത മറ്റൊരു ജീവിയിലും ഈ സ്വഭാവം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇറേനാ ഷെല്‍സ് എന്ന സ്നോബോളിന്‍റെ ഉടമ തന്നെയാണ് പക്ഷിയുടെ ഈ പ്രത്യേകത തിരിച്ചറിഞ്ഞത്. ആദ്യമൊന്നും പക്ഷിയുടെ നീക്കങ്ങളും പാട്ടും തമ്മില്‍ കാര്യമായ ബന്ധമില്ലായിരുന്നുവെന്ന് ഇറേന ഷെല്‍സ് പറയുന്നു. എന്നാല്‍ കൂടുതല്‍ പാട്ടുകള്‍ കേട്ടു തുടങ്ങിയതോടെ സംഗീതത്തിനനുസരിച്ചുള്ള ശരീര ചലനങ്ങള്‍ അദ്ഭുതപ്പെടുത്തുന്ന വിധത്തില്‍ സ്നോബോള്‍ കണ്ടെത്തി. ഇതോടെയാണ് വിഷയത്തില്‍ ഗൗരവമായ പഠനത്തിന് സാധ്യതയുണ്ടെന്ന് ഇറേന ഷെല്‍സ് തിരിച്ചറിഞ്ഞത്.

സ്നോബോളിന്‍റെ നൃത്തത്തിനു പിന്നിലെ ശാസ്ത്രം

2008 മുതല്‍ സ്നോബോളിന്‍റെ വിഡിയോകള്‍ ഇറേന യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. അന്ന് മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സ്നോബോളിന്‍റെ നൃത്തത്തിലുണ്ടായ മാറ്റം വ്യക്തമായി തിരിച്ചറിയാം. അന്ന് 12 വയസ്സായിരുന്നു സ്നോ ബോളിന്‍റെ പ്രായം. സ്നോബോളിന്‍റെ നൃത്തം കണ്ട 12 പേരടങ്ങുന്ന ഗവേഷക സംഘമാണ് ഈ തത്തയുടെ വൈഭവത്തെക്കുറിച്ചു പഠനം നടത്താന്‍ തീരുമാനിച്ചത്. തത്തയുടെ വിഡിയോകള്‍ മുഴുവന്‍ വിശദമായി പരിശോധിച്ചതിലൂടെ 14 നീക്കങ്ങളും, 2 നൃത്ത ചുവടുകളും ഇവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. 

മനുഷ്യരെ അനുകരിക്കാനുള്ള തത്തകളുടെ കഴിവ് പണ്ടേ പ്രശസ്തമാണ്. പക്ഷേ സ്നോബോളിന്‍റെ ഈ നൃത്തം കേവലം അനുകരണമല്ല മറിച്ച് സ്വയം കണ്ടെത്തിയ ശരീര ചലനങ്ങള്‍ കൊണ്ട് സൃഷ്ടിക്കുന്നതാണ്. മറ്റ് പല ജീവികളും നൃത്തം ചെയ്യുന്നതും  അഭ്യാസം കാണിക്കുന്നതും ഭക്ഷണത്തിനു വേണ്ടിയാണ്. എന്നാൽ സ്നോബോളിന്‍റെ കാര്യത്തില്‍ ഈ നിഗമനവും പരാജയപ്പെടുന്നു. ഇണയെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും സ്നോബോളിന്‍റെ നൃത്തത്തിനു പിന്നിലില്ല. അതുകൊണ്ട് തന്നെ സ്നോബോളിന്‍റെ നൃത്തത്തെ വേറിട്ടു കാണുകയാണ് ഉചിതമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com