ADVERTISEMENT

യൂറോപ്പിലും യുഎസിലും മറ്റ് പലയിടങ്ങളിലും ഇപ്പോള്‍ ആകാശക്കാഴ്ചകള്‍ക്ക് അഭൗമമായ ഭംഗിയാണ്. ആര്‍ട്ടിക്കിലെ ധ്രുവപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന നീല മേഘങ്ങളാണ് യൂറോപ്പിലും യുഎസിലും രാത്രി കാഴ്ചകളുടെ മാറ്റു കൂട്ടുന്നത്. സാധാരണ ഗതിയില്‍ വെള്ള നിറത്തിലോ കറുത്ത നിറത്തിലോ ആണ് മേഘങ്ങള്‍ കാണപ്പെടുക. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കില്‍ നിന്ന് തെക്കോട്ട് സഞ്ചരിച്ചെത്തിയ ഈ നീലമേഘങ്ങള്‍ക്ക് കാഴ്ചക്കാരും ആരാധകരും ഏറെയാണ്.

നൊക്ടിലൂസന്‍റ് മേഘങ്ങള്‍ 

 noctilucent clouds

ഈ വേനല്‍ക്കാലത്താണ് മേഘങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവുമധികം തെക്കു ദിശയിലേക്കു മാറി  കാണപ്പെടുന്നത്. ഇതുവരെ നീലമേഘങ്ങളെത്തിയ ഏറ്റവും കുറഞ്ഞ അക്ഷാംശരേഖയും ഈ വേനലില്‍ രേഖപ്പെടുത്തിയതാണ്. നൊക്ടിലൂസന്‍റ് മേഘങ്ങള്‍ അഥവാ രാത്രിയില്‍ തിളങ്ങുന്ന മേഘങ്ങളെന്നാണ് ഇവയുടെ വിളിപ്പേര്. അന്തരീക്ഷത്തിന്‍റെ ഉയര്‍ന്ന തട്ടിലായി രൂപപ്പെടുന്ന ഈ മേഘങ്ങള്‍ എന്തുകൊണ്ട് ധ്രുവപ്രദേശത്ത് നിന്നകലുന്നു എന്നതാണ് ഗവേഷകരെ കുഴയ്ക്കുന്ന ചോദ്യം. ഭൗമനിരപ്പില്‍നിന്ന് ഏതാണ്ട് 80 കിലോമീറ്റര്‍ മുകളില്‍ മെസോസ്ഫിയറിയാലാണ് ഈ മേഘങ്ങള്‍ രൂപം കൊള്ളുക. ഇത് സാധാരണ നാം കാണുന്ന മേഘങ്ങള്‍ രൂപം കൊള്ളുന്ന പ്രദേശത്തു നിന്നും ഏതാണ്ട് നാലിരട്ടിയെങ്കിലും മുകളിലായാണ്.

0 ഡിഗ്രി സെല്‍ഷ്യസിലും കുറഞ്ഞ താപനിലയില്‍ മാത്രമാണ് ഈ മേഘങ്ങള്‍ രൂപം കൊള്ളുന്നത്. കൃത്യമായി പറഞ്ഞാല്‍ ഏതാണ്ട് മൈനസ്‍ 120 ഡിഗ്രി സെല്‍ഷ്യസിലാണ് ഈ മേഘങ്ങള്‍ രൂപപ്പെടാനുള്ള സാഹചര്യമൊരുങ്ങുന്നത്. അന്തരീക്ഷത്തില്‍ ഈ താപനില അനുഭവപ്പെടുന്നത് മെസോസ്ഫിയറിന്‍റെ ഉയര്‍ന്ന തട്ടില്‍ മാത്രമാണ്. അതും ധ്രുവപ്രദേശങ്ങളില്‍ മാത്രം വേനല്‍ക്കാലത്താണ് ഈ പ്രതിഭാസം കണ്ടുവരുന്നത്. വേനലെ എന്നാല്‍ ധ്രുവപ്രദേശങ്ങളില്‍ സൂര്യരശ്മികള്‍ ഏറ്റവും തീക്ഷ്ണമായി പതിക്കുന്ന സമയമാണ്. ഈ കാലത്ത് തന്നെ എന്തുകൊണ്ട് ധ്രുവപ്രദേശങ്ങള്‍ക്കു മുകളില്‍ തണുത്തുറഞ്ഞ നീല മേഘങ്ങളെത്തുന്നു എന്നതാണ് കൗതുകകരമായ കാര്യം.

ഒരു ധ്രുവപ്രദേശത്ത് വേനലാണെങ്കില്‍ അടുത്ത ധ്രുവപ്രദേശത്ത് ഈ സമയം ശൈത്യകാലമായിരിക്കും. മെസോസ്ഫിയറിന്‍റെ ഉയരത്തില്‍ ഈ സമയത്ത് വേനല്‍ നിലനില്‍ക്കുന്ന ധ്രുവപ്രദേശത്തു നിന്നും ശൈത്യം നിലനില്‍ക്കുന്ന ധ്രുവപ്രദേശത്തേക്ക് വായു സഞ്ചരിക്കും. ഈ സമയത്താണ് നോക്ടിലൂസന്‍റ് എന്ന നീലമേഘങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.ഗവേഷകരെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഈ മേഘങ്ങള്‍ രൂപപ്പെടാനാവശ്യമായ ജലകണങ്ങള്‍ എവിടെ നിന്നെത്തുന്നു എന്നതാണ്. ഇക്കാര്യത്തിലും പല നിഗമനങ്ങളാണ് ശാസ്ത്രലോകത്തിനുള്ളത്

ജലകണങ്ങളുടെ ഉറവിടം

 noctilucent clouds

ജലകണങ്ങള്‍ എവിടെ നിന്നെത്തുന്നു എന്ന ചോദ്യത്തിന് ഗവേഷകര്‍ നല്‍കുന്ന ഒരു ഉത്തരം അന്തരീക്ഷത്തിന്‍റെ താഴേത്തട്ടില്‍ നിന്നാണെന്നതാണ്. ഭൗമോപരിതലത്തോടു ചേര്‍ന്നുള്ള അന്തരീക്ഷപാളിയില്‍ നിന്ന് ഉയര്‍ന്നു പോകുന്ന നീരാവി മെസോസ്ഫിയറിലെത്തി ജലകണങ്ങളായി മാറുന്നു എന്നാണ് വ്യാഖ്യാനം. അതേസമയം തന്നെ മെസോസ്ഫിയറിലെ ജലകണങ്ങള്‍ക്ക് മറ്റൊരു സ്രോതസ്സു കൂടിയുണ്ടെന്നും ഇവര്‍ സംശയിക്കുന്നു. മെസോസ്ഫിയറില്‍ കാണപ്പെടുന്ന നൈട്രജന്‍ ആണിത്. മെസോസ്ഫിയറില്‍ കാണുന്ന ഈ നൈട്രജന്‍ വിഘടിച്ചാണ് ജലകണങ്ങള്‍ ഉണ്ടാകുന്നതെന്നും ചില ഗവേഷകര്‍ കരുതുന്നു. എന്നാല്‍ മേഘങ്ങളുണ്ടാകാന്‍ ജലകലകണങ്ങള്‍ മാത്രം പോര മറിച്ച് മറ്റു ചില ഘടകങ്ങള്‍ കൂടി വേണം.

പൊടിപടലങ്ങളും ധാതുക്കളും ഉള്‍പ്പടെയുള്ള ഇത്തരം ഘടകങ്ങളുടെ ഉറവിടവും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിക്ക് പുറത്ത് പതിക്കുന്ന ഭൂരിഭാഗം ഉല്‍ക്കകളുടെയും സഞ്ചാരം അവസാനിക്കുന്നത് മെസോസ്ഫിയറിലാണ്. മെസോസ്ഫിയറില്‍ എരിഞ്ഞു തീരുന്ന ഈ ഉല്‍ക്കകളില്‍ന നിന്നാണ് മേഘങ്ങള്‍ രൂപപ്പെടാനാവശ്യമായ ധാതുക്കള്‍ ലഭിക്കുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. കാണുമ്പോള്‍ നിശ്ചലമായി നില്‍ക്കുന്നുവെന്നു തോന്നുമെങ്കിലും നോക്ടിലൂസന്‍റ് മേഘങ്ങള്‍ നിരന്തരം  ചലിച്ചു കൊണ്ടിരിക്കുന്നവ കൂടിയാണ്. അന്തരീക്ഷത്തിന്‍റെ ഏറ്റവും മുകളിലുണ്ടാകുന്ന വായുവിലെ തിരമാലകള്‍ക്ക് സമാനമായ ചലനങ്ങളാണ് ഈ മേഘങ്ങളുടെയും ചലനത്തിനു കാരണമാകുന്നത്. 

മേഘങ്ങള്‍ ദക്ഷിണ ദിശയിലേക്ക് നീങ്ങുന്നതിനു പിന്നില്‍

ഏതാണ്ട് നാല് പതിറ്റാണ്ടിലേറെയായി ഈ നീലമേഘങ്ങളെ ഗവേഷകര്‍ നിരീക്ഷിച്ചു വരുന്നുണ്ട്. എന്നാല്‍ 2002 മുതലാണ് ഇവ തെക്കു ദിശയിലേക്ക് യാത്ര ചെയ്യുന്ന രീതി കണ്ടെത്തിയത്. അന്നു മുതല്‍ ഓരോ വര്‍ഷവും ഇവ ഉത്തര ധ്രുവത്തില്‍ നിന്ന് കൂടുതല്‍ തെക്കോട്ടു മാറി കാണപ്പെടുന്നുണ്ട്.2019 ല്‍ ഇവയെ ലോസാഞ്ചലസിനു മുകളില്‍ വരെ കണ്ടെത്തി. ഇത് നീലമേഘങ്ങളെ കണ്ടെത്തിയ ഏറ്റവും ചെറിയ അക്ഷാംശമെന്ന റെക്കോര്‍ഡും ഈ പ്രദേശത്തിനു നല്‍കി. മെസോസ്ഫിയറില്‍ പതിവിലും കൂടുതല്‍ ജലാംശമെത്തിയതാകാം ഇവയുടെ തെക്കോട്ടുള്ള സഞ്ചാരത്തിനു കാരണമായതെന്നാണു ഗവേഷകര്‍ കരുതുന്നത്. ഇതോടെ തണുത്ത കാറ്റിന്‍റെ സഞ്ചാരം ഉത്തരധ്രുവത്തില്‍ നിന്നു പുറപ്പെട്ട് ഏറെക്കുറെ ലോസാഞ്ചലസിനു സമാനമായ അക്ഷാംശമുള്ള പ്രദേശങ്ങളില്‍ അവസാനിച്ചുവെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. എന്നല്‍ ഇതുമാത്രമല്ല സോളാര്‍ മിനിമം എന്ന പ്രതിഭാസവും മനുഷ്യരുടെ കാര്‍ബണ്‍ ബഹിര്‍ഗമനവുമെല്ലാം നീലമേഘങ്ങളുടെ തെക്കോട്ടുള്ള യാത്രയില്‍ പങ്കു വഹിക്കുന്നുണ്ടെന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com