ADVERTISEMENT

പശുക്കള്‍ - 280

വെച്ചൂര്‍ പശു -90

ആടുകള്‍ - 300

കുതിരകള്‍ - 20

പന്നികള്‍ -1000

എരുമകള്‍ - 90

കോഴികള്‍,താറാവുകള്‍-6000

എലി, മുയല്‍തുടങ്ങിയ ചെറു ജീവികള്‍ 1000

മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി ഫാമിലുള്ള ജീവജാലങ്ങളുടെ ഏകദേശ എണ്ണമാണ് മേല്‍പ്പറഞ്ഞത്. ഇവയ്‌ക്കെല്ലാം കൂടി നിത്യേന വേണ്ടത് പതിനായിരക്കണക്കിനു ലീറ്റര്‍ വെള്ളം.

ആയിരത്തിലധികം വിദ്യാർഥികളും മുന്നൂറോളം ജീവനക്കാരും അഞ്ഞൂറിൽപ്പരം നിത്യസന്ദർശകരുമുള്ള വെറ്ററിനറി കോളജ് ക്യാംപസിൽ ഇനി ജലദൗർലഭ്യം പഴങ്കഥയാവും. ഈ മഴക്കാലം മുതൽ വെറ്ററിനറി കോളജ് അധികമായി സംഭരിക്കുന്നത് 50 ലക്ഷം ലീറ്റർ ജലമാണ്. ചെരിഞ്ഞ ഭൂപ്രകൃതിയുള്ള മണ്ണുത്തിയിലെ ക്യാംപസിൽനിന്നു പ്രകൃതിദത്തമായ രീതിയിൽതന്നെ ജലസംഭരണം നടത്തുന്ന പദ്ധതികളാണിവിടെ തുടങ്ങുന്നത്.

പീച്ചി കനാൽ തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനൊടുവിൽ വെറ്ററിനറി ഫാമിലുണ്ടായ ജലക്ഷാമവും അതിനെ സംബന്ധിച്ചുള്ള മാധ്യമവാർത്തകളുമാണ് റജിസ്ട്രാർ ജോസഫ് മാത്യു ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കൂടുതൽ ജലസമ്പത്ത് കണ്ടെത്താൻ പ്രേരിപ്പിച്ചത്. വളപ്പിലുള്ള ക്വാറി ജലസംഭരണ കേന്ദ്രമാക്കാനും പുതിയതായി മഴവെള്ള സംഭരണി നിർമിക്കാനും തീരുമാനിച്ചു. കൂടാതെ പുൽകൃഷി വിപുലീകരിക്കാൻ 3.3 ലക്ഷം സംഭരണശേഷിയുള്ള പുതിയ ടാങ്കും മഴവെള്ളം കൂടുതൽ സംഭരിക്കാൻ 12 മീറ്റർ വ്യാസമുള്ള പുതിയ കിണറും നിർമിക്കാൻ തീരുമാനിച്ചു.

| Water conservation methods of Mannuthy
എച്ച്ഡിപിഇ പോണ്ട് ലൈനർ ഉപയോഗിച്ചുള്ള കുളം. ഇവിടെ 36 ലക്ഷം ലീറ്റർ ജലസംഭരണ മാണു ലക്ഷ്യമിടുന്നത്

∙ ബന്ദിപുർ മോഡൽ ജലസംഭരണി

ബന്ദിപുർ ദേശീയോദ്യാനത്തിലുൾപ്പെടെ ആനകൾക്കും മറ്റ് വന്യജീവികൾക്കുമായി എച്ച്ഡിപിഐ പോണ്ട് ലൈനർ ഉപയോഗിച്ചുള്ള ജലസംഭരണികളുണ്ട്. കാട്ടാനകൾ ചവിട്ടി നടന്നാലും പൊട്ടാത്ത ബലമേറിയ ഷീറ്റ് 3 പാളികളായി വലിച്ചുകെട്ടിയാണ് കുളം നിർമിച്ചത്. കോളജ് വളപ്പിന്റെ ഉയർന്ന ഭാഗത്ത് 40 മീറ്റർ നീളവും 30 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുള്ള എച്ച്ഡിപിഐ പോണ്ട് ലൈനർ ഉപയോഗിച്ചു നിർമിച്ച പുതിയ ജലസംഭരണി 36 ലക്ഷം ലീറ്ററെങ്കിലും സംഭരിക്കാനുദ്ദേശിച്ചുള്ളതാണ്. ആഴത്തിലുള്ള കുഴിയിൽ ശക്തിയേറിയ ഹൈ ഡെൻസിറ്റി പൊളിത്തീൻ വിരിച്ചു ജലം സംഭരിക്കുന്ന രീതിയാണിത്. മഴക്കാലത്തു നിറയുന്ന സംഭരണിയിലെ ജലം ഏറെക്കാലം ഉപയോഗിക്കാം. ഉയർന്ന ഭാഗത്തെ ജലസംഭരണിയായതിനാൽ താഴ്ഭാഗത്തുള്ള ഫാമിലേക്കു ജലമെത്തിക്കുന്നതിനും എളുപ്പമാണ്. സംഭരണശേഷിയുടെ പകുതിയോളം വെള്ളം ഇപ്പോൾ തന്നെ സംഭരണിയിലെത്തി.

∙ സ്ഫടികം ക്വാറി

സർവകലാശാല വളപ്പിൽ തന്നെയുള്ള വെള്ളപ്പാറ ക്വാറിയിൽ 20 ലക്ഷത്തോളം ലീറ്റർ ജലം സംഭരിക്കാം. നേരത്തെയുണ്ടായിരുന്ന ക്വാറിയുടെ വശങ്ങൾ കരിങ്കല്ലുകൊണ്ടു കെട്ടിയാണ് ജലസംഭരണിയാക്കിയത്. സ്ഫടികം സിനിമ ചിത്രീകരിച്ച ക്വാറിയിലെ ജലം ഗ്രാവിറ്റി ലൈനിലൂടെതന്നെ താഴ്ഭാഗത്തുള്ള ഫാമിലേക്കു കൊണ്ടുപാകാനാവുമെന്നതിനാൽ ജലമെത്തിക്കുന്നതിനു ചെലവുമില്ല. 

Water conservation methods of Mannuthy
കുന്നിൻ മുകളിൽ പുതിയതായി നിർമിക്കുന്ന ടാങ്ക് . ഇതിനു മുകളിലാണ് വ്യൂ പോയിന്റ് ഒരുക്കുന്നത്

∙ പുല്ലുവളർത്താം, ഇക്കോ ടൂറിസവുമാകാം

സർവകലാശാല വളപ്പിൽ ഏറ്റവും ഉയർന്ന ഭാഗത്തായി 50 ഏക്കർ പ്രദേശത്തു പുല്ലുവളർത്തുന്നതിനായി വെള്ളം ശേഖരിക്കാൻ 3.3 ലക്ഷം ലീറ്റർ ജലം സംഭരിക്കുന്നതിനു ടാങ്ക് നിർമിക്കുന്നുണ്ട്.  നിർമാണം അവസാന ഘട്ടത്തിലാണ്.  

ഫാമിന്റെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമാണിത്. ഇവിടെനിന്നു നോക്കിയാൽ തൃശൂർ നഗരവും 5 കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു പ്രദേശങ്ങളും കാണാം. സന്ദർശകർക്ക് വിഹഗവീക്ഷണത്തിനായി ടാങ്കിനു മുകളിൽ വ്യൂ പോയിന്റും ഒരുക്കുന്നുണ്ട്. നിലവിൽ നിത്യേന ഫാം സന്ദർശിക്കാൻ സ്കൂളുകളിൽനിന്നും മറ്റുമായി ഒട്ടേറെപേർ വരുന്നുണ്ട്. സഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടാണു ടാങ്ക് നിർമാണം.

പുതിയ കിണർ, കുളം കോളജ് മൈതാനത്തിനു സമീപം. 12 മീറ്റർ വ്യാസമുള്ള കിണർ നിർമാണം അന്തിമഘട്ടത്തിലാണ്. മികച്ച തോതിലുള്ള മഴവെള്ള സംഭരണം കൂടി ലക്ഷ്യമിട്ടുള്ള കിണറ്റിൽ 3 ലക്ഷം ലീറ്റർ ജലസംഭരണം പ്രതീക്ഷിക്കുന്നു. ദേശീയ പാതയോരത്ത് 20 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള കുളവും തയാറായി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com