ADVERTISEMENT

ലോകമെമ്പാടും ‘ദി ലയൺ കിങ്’ സിനിമ തരംഗമാകുന്നതറിയാതെ തൃശൂർ മൃഗശാലയിൽ ഗമയോടെ വിശ്രമിക്കുകയാണ് ആകാശ് എന്ന സിംഹം – ‘ദി റിയൽ കിങ്’ ലയൺ കിങ് സിനിമയിലെ നായകൻ സിംബയും തൃശൂർ മൃഗശാലയിലെ നായകൻ ആകാശും തമ്മിലൊരു ബന്ധമുണ്ട്. ഇരുവരുടെയും കുട്ടിക്കാലം ദുരന്തപൂർണമായിരുന്നു.

സിംബയ്ക്കു കുട്ടിക്കാലത്തു സംഭവിച്ച ദുരന്തമറിയാൻ സിനിമ കാണേണ്ടിവരുമെങ്കിൽ ആകാശിനു സംഭവിച്ചതറിയാൻ താഴേക്കു വായിച്ചാൽ മതി. ഒരു വയസു മാത്രമുള്ളപ്പോൾ ആകാശിന്റെ ശരീരത്തിന്റെ പിൻഭാഗം പൂർണമായി തളർന്നുപോയി. സിംഹക്കുട്ടിയുടെ കഥ കഴിഞ്ഞെന്നു പലരും കരുതി.

എന്നാൽ, ആറുമാസത്തെ ചികിത്സയ്ക്കൊടുവിൽ ആകാശ് പൂർണ ആരോഗ്യവാനായി എഴുന്നേറ്റു. കൂടുകൾ വിറയ്ക്കുംവിധം ഗർജിച്ചു. എട്ടു വയസാണിപ്പോൾ ആകാശിന്റെ പ്രായം. കേരളത്തിൽ വസിക്കുന്ന മൂന്നു സിംഹങ്ങളിൽ കിരീടംവച്ച രാജാവ്. ആകാശിന്റെ വിശേഷങ്ങളിതാ..

വർഗം

ഇന്ത്യയിലെ സിംഹങ്ങൾ ഏഷ്യാറ്റിക് ലയൺ (Panthera leo persica) വിഭാഗത്തിൽപ്പെടുന്നവയാണ്. എന്നാൽ, മൃഗശാലയിൽ ജനിച്ചുവളർന്ന ആകാശ് സങ്കരയിനമായി പരിഗണിക്കപ്പെടുന്നു. ആഫ്രിക്കൻ സിംഹവും ഏഷ്യാറ്റിക് സിംഹവും ചേർന്ന ഹൈബ്രിഡ് കുടുംബമാണ് ആകാശിന്റേത്.

ഭക്ഷണം

ദിവസവും ഒരുനേരം ഏഴു കിലോ പോത്തിറച്ചി. ആഴ്ചയിൽ ആറുദിവസം മാത്രം ഭക്ഷണം. ദഹനം ശരിയാകാൻ തിങ്കളാഴ്ചകളിൽ ‘ഡയറ്റിങ്’. ദിവസവും 4 ലീറ്റർ വെള്ളം കുടിക്കും. കുളമ്പുരോഗം വ്യാപകമായ കാലത്ത് പോത്തിറച്ചിക്കു പകരം കോഴിയിറച്ചി നൽകേണ്ടിവന്നെങ്കിലും സഹകരിച്ചു.

സ്വഭാവം

ദിവസവും 20 മണിക്കൂർ വരെ വിശ്രമം. ശാന്തശീലൻ. അടുത്തുള്ള കൂടുകളിലെ കടുവകളും പുലികളും തന്റെ മേധാവിത്തം അംഗീകരിക്കാൻ ആകാശ് ഇടയ്ക്കിടെ ഗർജിക്കുമെന്നു മാത്രം. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ച ചരിത്രമില്ല. പേടിയുള്ളത് ഒരു കാര്യം മാത്രം, കുളി! ദേഹത്തു വെള്ളം വീഴുന്നത് ഇഷ്ടമല്ല.

ആരോഗ്യം

നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. കൂടിനുള്ളിൽ വേട്ടയ്ക്കു സൗകര്യമില്ലാത്തതിനാൽ നഖം വളർന്നു സ്വയം മുറിവേൽക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. മയക്കുവെടി നൽകിയ ശേഷമാണ് ഒരുവട്ടം നഖം മുറിച്ചത്.

‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയാനകമായിരുന്നു’ എന്ന സിനിമാ ഡയലോഗ് കേട്ട് കോരിത്തരിച്ചവരാണ് യുവാക്കളിലേറെയും. യഥാർഥ സിംഹത്തിന്റെ വിശേഷങ്ങളും കോരിത്തരിപ്പിക്കുന്നവയാണ്.

കടുവ (Panthera Tigris)

13 അടി വരെ നീളം,

300 കിലോ വരെ ഭാരം

സിംഹം (Panthera Leo)

10 അടി വരെ നീളം,

‘ബിഗ് ക്യാറ്റ്’

‘ബിഗ് ക്യാറ്റ്’ കുടുംബത്തിലെ ഏറ്റവും വലുപ്പമുള്ള രണ്ടാമത്തെ ജീവി. ആദ്യത്തെയാൾ കടുവയാണ്. മരുഭൂമിയുടെ സ്വഭാവത്തിലുള്ള ആഫ്രിക്കൻ വനങ്ങളിലാണ് ലോകത്തേറ്റവും കൂടുതൽ സിംഹങ്ങളുള്ളത്. ഏഷ്യയിൽ ഗുജറാത്തിലെ ഗീർ വനത്തിലും.

ആയുസ്

16 മുതൽ 20 വയസു വരെയാണ് കാട്ടിൽ സിംഹങ്ങളുടെ ആയുസ്. മൃഗശാലകളിൽ 25 വയസു വരെ ജീവിച്ചേക്കാം. ആൺ സിംഹങ്ങളുടെ പ്രതാപകാലം പിന്നിട്ടാൽ കൂട്ടത്തിലെ രണ്ടാമൻ ഒന്നാമനെ തോൽപ്പിച്ച് മേധാവിയാകും. കൂട്ടമായി ജീവിക്കുന്ന വിഭാഗമാണ് സിംഹങ്ങൾ. ‘പ്രൈഡ്’ എന്നാണ് സിംഹക്കൂട്ടങ്ങളുടെ പേര്. ഒരു പ്രൈഡിൽ 3 വരെ ആൺസിംഹങ്ങളും 12 മുതൽ 35 വരെ പെൺസിംഹങ്ങളും കാണാം.

സിംഹത്തിന്റെ ഗർജനം മുഴങ്ങുന്നത്

8 കിലോമീറ്റർ ദൂരം വരെ.

ഭയങ്കര ഗർജനം

സിംഹത്തിന്റെ ഗർജനം എട്ടു കിലോമീറ്റർ ദൂരം വരെ മുഴങ്ങും. ഒരു വയസുള്ളപ്പോൾ സിംഹക്കുട്ടികൾ ഗർജിക്കാൻ തുടങ്ങും. ഓരോ സിംഹക്കൂട്ടവും കൈവശം വച്ചിരിക്കുന്ന കാടിനു കൃത്യമായ അതിർത്തിയുണ്ട്. അതിർത്തി ലംഘിക്കുന്ന ശത്രുക്കളെ തുരത്താനും ഗർജനമാണ് ഇവരുടെ രീതി.

വേട്ട

ആൺസിംഹങ്ങളല്ല, പെൺസിംഹങ്ങളാണ് സജീവ വേട്ടക്കാർ. ആൺസിംഹങ്ങൾ ദിവസത്തിൽ 20 മണിക്കൂർ വരെ വിശ്രമിക്കും. പെൺസിംഹങ്ങൾ വേട്ടയാടിക്കൊണ്ടുവരുന്ന മാംസത്തിന്റെ ആദ്യ പങ്ക് ആൺസിംഹങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഒരു വയസാകും വരെ സിംഹക്കുട്ടികളെ വേട്ടയ്ക്ക് കൂട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com