ADVERTISEMENT

ഫ്ലോറിഡ തീരത്തെ ദശലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള പവിഴപ്പുറ്റ് ഫോസിലുകളാണ് താമിയാമി ഫോര്‍മേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ താമിയാമി ഫോര്‍മേഷനില്‍ നിന്നാണ് അഭൗമമായ സൗന്ദര്യമുള്ള മുത്തുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്. ഏതാനും മില്ലി മീറ്റര്‍ മാത്രം വലിപ്പമുള്ള സ്ഫടികം പോലെ തിളങ്ങുന്ന ഈ മുത്തുകള്‍ എങ്ങനെ രൂപപ്പെട്ടുവെന്നതാണ് ഇപ്പോള്‍ ഗവേഷകരെ അദ്ഭുതപ്പെടുത്തുന്ന കാര്യം. 

സാധാരണ ഗതിയില്‍ ഇത്രയും തിളക്കമുള്ള മുത്തുകള്‍ രൂപപ്പെടുന്നത് അഗ്നിപര്‍വതസ്ഫോടനത്തിന്‍റെ ഭാഗമായോ അല്ലെങ്കില്‍ കൃത്രിമമായി നിർമിക്കുമ്പോഴോ ആണ്. പ്രകൃതിയില്‍ സ്വാഭാവികമായി കണ്ടെത്തിയതിനാല്‍ ഇവ അഗ്നിപർവത സ്ഫോടനത്തിന്‍റെ ഭാഗമായി ഉണ്ടായവയാണെന്നായിരുന്നു ഗവേഷകരുടെ ധാരണ. എന്നാല്‍ ഈ മുത്തുകളില്‍ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെയോ അഗ്നിപര്‍വതവുമായി ബന്ധപ്പെട്ട ധാതുക്കളുടെയോ മറ്റോ ശേഷിപ്പുകളോ കണ്ടെത്താനായില്ല. മാത്രമല്ല ഇവയെ കണ്ടെത്തിയ പ്രദേശത്തോ ഫ്ലോറിഡയിലോ തന്നെ ഇത്തരത്തിലുളള്ള അഗ്നിപര്‍വത സാന്നിധ്യവുമില്ല.

ഉല്‍ക്കകള്‍ എത്തിച്ച മുത്തുകള്‍

അഗ്നിപര്‍വത സ്ഫോടനമല്ല മുത്തുകള്‍ രൂപപ്പെടാന്‍കാരണമായതെന്ന് വ്യക്തമായതോടെ പിന്നെ ഗവേഷകര്‍ക്ക് ഒരു ഉത്തരമായിരുന്നു ശേഷിച്ചത്. അത് ഉല്‍ക്കാ വീഴ്ചയായിരുന്നു. കാരണം ഉല്‍ക്കാ വീഴ്ച മാത്രമാണ് അഗ്നിപര്‍വത സ്ഫോടനത്തിനു സമാനമായ ഒരു അന്തരീക്ഷം ഭൂമിയില്‍ സൃഷ്ടിക്കുന്നത്. ഏതാണ്ട് 5 ലക്ഷം മുതല്‍ 12000 വര്‍ഷം മുന്‍പ് വരെയുള്ള ഇടവേളകളിലാണ് ഈ മുത്തുകള്‍ ഫ്ലോറിഡയിലെ പവിഴപ്പുറ്റ് ഫോസിലിന്റെ ഭാഗമായതെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്. 

കൂടാതെ ഈ മുത്തുകള്‍ രൂപപ്പെട്ടത് ശൂന്യാകാശത്തു വച്ചാണെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. അതിവേഗത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പതിയുക്കുന്ന ഉല്‍ക്കകള്‍ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വച്ച് തന്നെ എരിഞ്ഞു തീരുകയാണ് പതിവ്. ഇവയില്‍ നിന്ന് ബാക്കിയാകുന്ന പൊടിപടലങ്ങളാണ് ശൂന്യാകശത്തെ കടുത്ത തണുപ്പിനെ തുടര്‍ന്ന് കൂടുതല്‍ കട്ടിയാകുന്നതും മൈക്രോടെക്റ്റൈറ്റ്സ് എന്ന പേരിലുള്ള സ്ഫടിക മുത്തുകളായി രൂപപ്പെടുന്നതും. മുത്തുകളാകുന്നതോടെ ഇവ അന്തരീക്ഷത്തില്‍ തുടരാതെ താഴേക്കു വീഴുന്നു.

പവിഴപ്പുറ്റുകളിലെ സ്ഫടിക മുത്തുകളുടെ രഹസ്യം

എന്തു കൊണ്ടാണ് ഫ്ലോറിഡയിലെ ഈ മേഖലയില്‍ മാത്രം മുത്തുകള്‍ കാണപ്പെടുന്നുവെന്നതാണ് മറ്റൊരു ചോദ്യം. ഇതിനും ഗവേഷകര്‍ വിശദീകരണം നല്‍കുന്നുണ്ട്. അതായത് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട സംരക്ഷിത കവചമാണ് ഫ്ലോറിഡയിലെ താമിയാമി ഫോര്‍മേഷന്‍. ഇവ ഇന്നും കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്. ഈ പ്രദേശത്തു പതിച്ച സ്ഫടിക മുത്തുകളും പതിയെ സംരക്ഷിത കവചത്തിന്‍റെ ഭാഗമായി തീര്‍ന്നു. ഇതോടെ ബാഹ്യ ഇടപെടലുകളിലൂടെ മുത്തുകളുടെ തിളക്കം നഷ്ടപ്പെടുകയോ അവ നശിക്കുകയോ ചെയ്തില്ല. ഇക്കാരണത്താല്‍ തന്നെയാണ് താമിയാമി ഫോര്‍മേഷനില്‍ മാത്രം സ്ഫടിക മുത്തുകള്‍ കാണപ്പെടുന്നതെന്നാണു വിശദീകരണം.

മൈക്രോടെക്റ്റൈറ്റ്സിന്‍റെ കണ്ടെത്തല്‍

വളരെ യാദൃശ്ചികമായാണ് മൈക്രോടെക്റ്റൈറ്റ്സ് ഗവേഷകരുടെ കണ്ണില്‍ പെടുന്നത്. ഭൗമശാസ്ത്രജ്ഞനായ മൈക്ക് മേയര്‍, ഹാരിസ്ബര്‍ഗ് സര്‍വകലാശാലയ്ക്കു വേണ്ടി നടത്തിയ പഠനത്തിലാണ് ഈ മുത്തുകള്‍ ശ്രദ്ധയില്‍ പെട്ടത്. താമിയാമി ഫോര്‍മേഷനിലെ ചില ഫോസിലുകള്‍ തുറന്ന് അവ പരിശോധിച്ചായിരുന്നു മൈക്ക് മേയറിന്‍റെ പഠനം. ഇതിനിടയിലാണ് ഒരു കോശം മാത്രമുള്ള സൂക്ഷ്മജീവികളായ ബെന്തറ്റിക് ഫൊറാമിനിഫെറാ എന്ന ജീവികളെ കാണാനാകുക. ഈ ജീവികളെ കുറിച്ച് പഠിക്കുകയായിരുന്നു മൈക്കിന്‍റെ ലക്ഷ്യം. എന്നാല്‍ ചില ഫോസിലുകള്‍ തുറന്നപ്പോള്‍ ഗവേഷകനു ലഭിച്ചത് ജീവികളെയല്ല മറിച്ച് തിളങ്ങുന്ന തീരെ ചെറിയ സ്ഫടിക മുത്തുകളാണ്. 

10 വര്‍ഷം പെട്ടിയ്ക്കുള്ളില്‍

ഇപ്പോള്‍ സൗത്ത് ഫ്ലോറിഡ സര്‍വകലാശാലയില്‍ പ്രഫസറായ മൈക്ക് 10 വര്‍ഷം മുന്‍പാണ് ഈ സ്ഫടിക മുത്തുകള്‍ കണ്ടെത്തിയത്. ഇത്തരത്തിലുള്ള 83 മുത്തുകളാണ് മൈക്ക് ശേഖരിച്ചത്. തുടര്‍ന്ന് കൂടുതല്‍ പഠനങ്ങള്‍ക്കു വേണ്ടി ഇവയെ ഒരു പെട്ടിയില്‍ സൂക്ഷിച്ചു. എന്നാല്‍ ജോലിത്തിരക്കിനിടിയില്‍ പിന്നീട് ഇവയെ പരിശോധിക്കാന്‍ സമയം ലഭിച്ചില്ല. പിന്നീട് മൈക്ക് പെട്ടി തുറന്നത് ഇപ്പോഴാണ്. പെട്ടി തുറന്ന് മുത്തുകളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയപ്പോഴാണ് ഇവ മറ്റ് മുത്തുകള്‍ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്ന് മനസ്സിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com