ADVERTISEMENT

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭനാളുകൾ. പ്രശസ്ത പുരാവസ്തു ഗവേഷകനായ ഡോ.ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തിൽ ഈജിപ്ഷ്യൻ തീരത്തു പര്യവേക്ഷണം നടക്കുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന നൈൽ യുദ്ധത്തിൽ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ കടലിന്റെ ആഴങ്ങളിലേക്ക് ഡൈവ് ചെയ്തെത്തിയ സംഘത്തിനു മുന്നിൽ തെളിഞ്ഞുവന്നത് അദ്ഭുതപ്പെടുത്തുന്ന മറ്റൊരു ലോകം. ഒപ്പം ആ ലോകത്ത് ഒളിപ്പിച്ചു വച്ച ഒട്ടേറെ നിധികളും. 

ആദ്യം ചില കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണ് പര്യവേക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിർണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കടലിനടിയിലെന്നു മനസ്സിലായത്. ഒരു കാലത്ത് മെഡിറ്ററേനിയൻ കടൽ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ഹെറാക്ലിയൺ നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു അത്. ഏറെ പ്രശസ്തമായ ഈജിപ്ഷ്യൻ നഗരം അലക്സാണ്ട്രിയ സ്ഥാപിക്കപ്പെടും മുൻപ് ഹെറാക്ലിയണിലൂടെയായിരുന്നു ഈജിപ്ത് അറിയപ്പെട്ടിരുന്നത്. ഗ്രീക്ക് കപ്പലുകളെല്ലാം ഈ നഗരത്തിനോടു ചേർന്നുള്ള തുറമുഖത്തിലൂടെ മാത്രമേ ഈജിപ്തിലേക്കു പ്രവേശിപ്പിച്ചിരുന്നുള്ളൂ. അതിനാൽത്തന്നെ തിരക്കേറിയ, സമൃദ്ധമായ നഗരമായും ഹെറാക്ലിയൺ മാറി. 

Countless Treasures Discovered in Egypt's Sunken City of Heracleion
Image Credit: Christoph Gerigk - Frank Goddio/ Hilti Foundation / Egyptian Antiquities Authority

രാജവംശത്തിന്റെ പ്രധാന ചടങ്ങുകളെല്ലാം നടന്നിരുന്ന അമുൺ ദേവന്റെ ക്ഷേത്രവും ഈ നഗരത്തിലായിരുന്നു. ബിസി എട്ടാം നൂറ്റാണ്ടിലാണ് ഹെറാക്ലിയൺ നഗരം സ്ഥാപിക്കപ്പെട്ടതെന്നാണു കരുതുന്നത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയൻ കടലിന്റെ ആഴങ്ങളിൽ മറയുകയും ചെയ്തു. ആയിരത്തിലേറെ വർഷം പഴക്കമുള്ള ആ നഗരത്തെപ്പറ്റി അന്നേവരെ പുരാതനകാല ഫലകങ്ങളിലും മറ്റു രേഖകളിലും മാത്രമാണു പരാമർശമുണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ അബു ഖിർ ഉൾക്കടലിൽ മറഞ്ഞുകിടക്കുകയായിരുന്നു ആ പുരാതന നഗരം. അവിടെയായിരുന്നു നാലു വർഷക്കാലത്തോളം ഗോഡിയോയും സംഘവും. അതിനോടകം കടലിനടിയിലെ നഗരത്തിന്റെ ഒരു ഏകദേശരൂപം അവർ മാപ് ചെയ്തെടുത്തു. പിന്നീട് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളും മുങ്ങിക്കിടന്നിരുന്ന കപ്പലുകളുമൊക്കെ പരിശോധിക്കാൻ ആരംഭിച്ചു. 

ഏകദേശം 1200 വർഷം പഴക്കമുള്ള ഈ നഗരത്തിലെ സുപ്രധാനമായൊരു ക്ഷേത്രത്തിൽ നിന്നു ലഭിച്ച നിധിയുടെ വാർത്തയാണ് ഏറ്റവും പുതിയത്. മൈലുകളോളം പരന്നു കിടക്കുന്നതായിരുന്നു പുരാതന ഹെറാക്ലിയൺ നഗരം. ഇതിൽ ഈജിപ്തിന്റെ വടക്കൻ തീരത്തായിരുന്നു പര്യവേക്ഷണം. ഈജിപ്തിൽ നിന്നും യൂറോപ്പിൽ നിന്നുമുളള ഏകദേശം 2000 മറൈൻ ആർക്കിയോളജിസ്റ്റുകളാണ് ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തോടൊപ്പം ഒട്ടേറെ ചെറുകപ്പലുകളും കണ്ടെത്തിയിരുന്നു. ഇതിനകത്തായിരുന്നു സ്വർണത്തിലും വെങ്കലത്തിലും തീർത്ത നാണയങ്ങളും ആഭരണങ്ങളുമെല്ലാം. 

Countless Treasures Discovered in Egypt's Sunken City of Heracleion
Image Credit: Christoph Gerigk - Frank Goddio/ Hilti Foundation / Egyptian Antiquities Authority

കടലിനടിയിലെ പര്യവേക്ഷണം മനുഷ്യനെക്കൊണ്ട് സാധ്യമാക്കുന്നതിൽ പരിമിതികളുണ്ട്. അതിനാൽത്തന്നെ പ്രത്യേകതരം സ്കാനിങ് ഉപകരണങ്ങളായിരുന്നു ഇക്കാര്യത്തിൽ സഹായിച്ചത്. കണ്ടെത്തിയവയിൽ വെങ്കല നാണയങ്ങൾ ടോളമി രണ്ടാമൻ രാജാവിന്റെ കാലത്തെയായിരുന്നു. അതായത് ബിസി 283നും 246നും ഇടയ്ക്കുള്ളത്. സ്വർണം, വെങ്കലം എന്നിവ കൊണ്ടു നിർമിച്ച കമ്മലുകളും മോതിരങ്ങളും വൻതോതിൽ കണ്ടെത്തി. പുരാതന കാല രേഖകളിൽ കാണപ്പെട്ടിരുന്ന പ്രശസ്ത കപ്പലുകളുടെ അവശിഷ്ടങ്ങളും ഹെറാക്ലിയൺ നഗരത്തിൽ പര്യവേക്ഷകർ തേടുന്നുന്നുണ്ട്. ആ അന്വേഷണത്തിലാണ് മൺപാത്രങ്ങളും മറ്റു കരകൗശലവസ്തുക്കളും കണ്ടെത്തിയത്. ഒരു കപ്പൽ നിറയെ മൺപാത്രങ്ങളും സ്വർണ–വെങ്കല നാണയങ്ങളും ആഭരണങ്ങളുമായിരുന്നു. ഇവയുടെ പഴക്കവും മറ്റു ചരിത്രപ്രാധാന്യവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഗവേഷകർ. 

ഗോഡിയോയുടെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ ഇനിയും 200 വർഷത്തേക്കുള്ള ഗവേഷണം ബാക്കിവച്ചിട്ടുണ്ട് ഈ നഗരം. അപ്പോഴും എങ്ങനെയാണ് ഇത്രയും പ്രശസ്ത നഗരം ഇല്ലാതായതെന്നു വ്യക്തമായിട്ടില്ല. പാരിസ്ഥിതിക കാരണങ്ങളാണ് അതിനു പിന്നിലെന്നാണു പറയപ്പെടുന്നത്. ഏതെങ്കിലും വിധത്തിലുള്ള പ്രകൃതിക്ഷോഭമായിരിക്കാം നഗരത്തെ കടലെടുക്കുന്നതിലേക്കു നയിച്ചതെന്നു കരുതുന്നവരേറെ. എന്നാൽ സുപ്രധാന സിദ്ധാന്തം ഇതൊന്നുമല്ല. എളുപ്പത്തിൽ പൊടിഞ്ഞുപോകുന്ന ഭൗമ പ്രതലത്തിലായിരുന്നു ഈ നഗരം കെട്ടിപ്പൊക്കിയിരുന്നത്. അസ്ഥിരമായ അടിത്തറയായതോടെ പതിയെപ്പതിയെ നഗരം നാശത്തിലേക്കു നീങ്ങാന്‍ തുടങ്ങി. അതോടൊപ്പം വൻതോതിൽ കടൽ കരയിലേക്കു കയറാനും തുടങ്ങി. അങ്ങനെയാണ് നഗരമൊന്നടങ്കം കടലിലേക്കിറങ്ങി മറഞ്ഞതെന്നും ഈ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com