sections
MORE

ലോകാവസാനം വന്നാലും‘കൂളായി’ ജീവിക്കും; ജലക്കരടികൾ കൗതുകമാകുന്നു!

 Water Bear
SHARE

പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ കൂടാരവും കെട്ടി പാട്ടുംപാടി സർക്കസുമായി പല സംഘങ്ങളുമെത്താറുണ്ട്. അവരുടെ കൂട്ടത്തിൽ ഒരു ‘അതിമാനുഷ’നുമുണ്ടാകും. പുള്ളിക്കാരൻ ഉറങ്ങുക പൊട്ടിയ ചില്ലുകുപ്പികളുടെ പുറത്തായിരിക്കും, നടക്കുന്നതും അതിൽത്തന്നെ, വിശന്നാൽ ട്യൂബ്‌ലൈറ്റ് തല്ലിപ്പൊട്ടിച്ച് തിന്നും, ആ ട്യൂബ്‌ലൈറ്റ് തലയിലടിച്ചു പൊട്ടിച്ചാലും യാതൊരു കുഴപ്പവുമില്ല, ഇടയ്ക്കിടെ ആണിയും പെറുക്കിത്തിന്നും, ഒരു തുള്ളി വെള്ളം പോലും കുടിക്കുകയുമില്ല...ഇതെന്തു മനുഷ്യനെന്ന് ആരായാലും അദ്ഭുതപ്പെട്ടു പോകും. അത്തരത്തിൽ ജീവലോകത്തെ ‘അതിമാനുഷ’നെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്. അതായത് ലോകാവസാനം വന്ന് ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാൾ കൂടി ‘കൂളായി’ ജീവിക്കാന്‍ കഴിവുള്ള ജീവി! 

ഇതിനു പക്ഷേ മനുഷ്യന്റെയത്ര വലുപ്പമൊന്നുമില്ല. മനുഷ്യന്റെ തലയിൽ കാണുന്ന കുഞ്ഞൻപേനിന്റെയത്ര പോലുമില്ല വലുപ്പം. പേനിന് സാധാരണ  0.25 –0.3 സെ.മീ വരെ വലുപ്പം കാണും. പക്ഷേ ‘ടാർഡിഗ്രേഡ്’ അഥവാ ജലക്കരടി എന്നുവിളിക്കുന്ന ഈ സൂക്ഷ്മജീവികൾക്ക് 0.5 മില്ലിമീറ്ററേയുള്ളൂ നീളം! എട്ടുകാലും കരടിയുടെ രൂപവുമുള്ളതിനാലാണ് ‘ജലക്കരടി’ എന്ന പേര്. പായലു പിടിച്ച പന്നിക്കുട്ടിയെപ്പോലെയിരിക്കുന്നതിനാൽ moss piglet എന്നുമുണ്ട് വിളിപ്പേര്. മൈനസ് 450 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിലും ഏതാനും മിനിറ്റു നേരം കൂടി പിടിച്ചു നിൽക്കും ടാർഡിഗ്രേഡ്. ഇനി ചൂട് 302 ഡിഗ്രി വരെ കൂടിയാലും പ്രശ്നമില്ല. മൈനസ് നാല് ഡിഗ്രി തണുപ്പിൽ ദശകങ്ങളോളം ജീവിക്കും ഇവ. പക്ഷേ മനുഷ്യനോ? ഈ തണുപ്പിൽ 10 മണിക്കൂറിനപ്പുറത്തേക്ക് ജീവനോടെ പോകാൻ കഴിയില്ല! 

ലോകാവസാനത്തിലേക്കു നയിക്കുന്ന മൂന്നു കാര്യങ്ങളുമായി ചേർത്തു നിർത്തിയാണ് ടാർഡിഗ്രേഡിന്റെ ഈ അമാനുഷിക ശേഷി ഗവേഷകർ പരിശോധിച്ചത്. ഭൂമിയിലെ സമുദ്രങ്ങളെയെല്ലാം തിളപ്പിക്കാൻ തക്ക ശേഷിയുള്ള എന്തെങ്കിലും സംഭവിച്ചാലായിരിക്കും ഏറ്റവും എളുപ്പത്തിൽ ലോകാവസാനം സംഭവിക്കുക. ഇതിനു വൻതോതിലുള്ള ‘ഊർജപ്രവാഹം’ ഭൂമിയിലെത്തണം. മൂന്നു വഴികളാണുള്ളത്.

1) നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന സൂപ്പർനോവ പ്രതിഭാസം ഭൂമിക്ക് തൊട്ടടുത്ത് സംഭവിക്കുക: സമുദ്രങ്ങളെ തിളപ്പിക്കാൻ തക്ക ശേഷിയുള്ള നക്ഷത്ര പൊട്ടിത്തെറികള്‍ക്കൊന്നും നിലവിൽ ഭൂമിക്കടുത്ത് സാധ്യതയില്ല. സൂര്യൻ കൂടാതെ ഭൂമിക്ക് അടുത്തുള്ള ഏക നക്ഷത്രം പ്രോക്സിമ സെന്റോറിയാണ്. പക്ഷേ അത് പൊട്ടിത്തെറിച്ചാലും 0.1 ഡിഗ്രി വരെ സമുദ്രത്തെ ചൂടാക്കാനുള്ള ശേഷിയേ ഉള്ളൂ. മാത്രവുമല്ല, സൂപ്പര്‍നോവ പ്രതിഭാസമൊക്കെ ഉണ്ടാകുന്ന തരം നക്ഷത്രവുമല്ല ഇത്! 

2) ഗാമ കിരണങ്ങളുടെ വരവ്: ഒരു കുഴലിലൂടെയെന്ന വണ്ണം ഗാമ കിരണങ്ങളുടെ വമ്പൻ പ്രവാഹമുണ്ടാക്കുന്ന തരം പൊട്ടിത്തെറികൾ ബാഹ്യാകാശത്ത് സംഭവിക്കാറുണ്ട്. ടാർഡിഗ്രേഡിനെ കൊല്ലാൻ ശേഷിയുള്ള ഗാമ കിരണങ്ങൾ ഭൂമിയിൽ നിന്നു 42 പ്രകാശവർഷം അകലെ നിന്നെങ്കിലും സൃഷ്ടിക്കപ്പെട്ടാലേ കാര്യമുള്ളൂ. അങ്ങനെ വന്നാല്‍ത്തന്നെ കൃത്യമായി ഭൂമിയെ ‘ഫോക്കസ്’ ചെയ്ത് അതെത്തുകയും വേണം. സംഭവിക്കാൻ സാധ്യത വിരളത്തോടു വിരളം!

3) വമ്പനൊരു ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുക: ഇതാണ്  ശാസ്ത്ര യുക്തിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ലോകാവസാന കാരണങ്ങളിലൊന്ന്.  പക്ഷേ അതിന് 1.7x1018 കിലോയെങ്കിലും ഭാരമുള്ള ഛിന്നഗ്രഹം ഇടിക്കണം. അത്തരത്തിലുള്ള 17 ഛിന്നഗ്രഹങ്ങളെയേ ഇന്നുവരെ കണ്ടെത്തിയിട്ടുള്ളൂ. അതിലൊന്ന് ‘പ്ലൂട്ടോ’ ആണ്. മറ്റുള്ളവയാകട്ടെ ഭൂമിയുടെ ഭ്രമണപഥത്തിന്റെ ഏഴയലത്തു പോലുമില്ല. അതിനാൽത്തന്നെ സംഭവിക്കാൻ യാതൊരു സാധ്യതയുമില്ല. ഈ മൂന്നു പ്രശ്നങ്ങളിൽ ഏതെങ്കിലുമൊന്നോ, ഇവയേക്കാൾ ചെറിയ സംഭവങ്ങളോ ഉണ്ടായാൽ മതി മനുഷ്യരുൾപ്പെടെ ഭൂമിയിൽ നിന്ന് ഇല്ലാതാകാൻ. പക്ഷേ ടാർഡിഗ്രേഡുകൾ ചാകണമെങ്കിൽ ഇനി സൂര്യൻ പൊട്ടിത്തെറിക്കണം. അതിന് 100 കോടി വർഷം ഇനിയും കാത്തിരിക്കുകയും വേണം!

 Water Bear

ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംതണുപ്പിലും ചൂടിലും 30 വർഷം വരെ കഴിയാനാകും ജലക്കരടികൾക്ക്. അന്റാർട്ടിക്കയിൽ നിന്ന് അത്തരം രണ്ട് ജലക്കരടികളെ ലഭിച്ചതുമാണ്. ബഹിരാകാശത്തെ റേഡിയേഷനുകളെപ്പോലും ഇവ അതിജീവിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഗ്രേ യൂണിറ്റ് വരുന്ന റേഡിയേഷൻ അടിച്ചാലും ഇവ ചാകില്ല. 10 ഗ്രേ(Gy) റേഡിയേഷൻ അടിച്ചാൽത്തന്നെ മനുഷ്യന്റെ പണി തീരുമെന്നോർക്കണം! ആയിരത്തിലേറെ സ്പീഷീസ് ടാർഡിഗ്രേഡുകളുണ്ട്. കരയിലും വെള്ളത്തിലും അഗ്നിപർവതങ്ങളിലും മഞ്ഞുമലകളിലുമൊക്കെ ഇവയെ കാണാം. 

മരണത്തിനു തൊട്ടടുത്തു വരെയെത്തുന്ന ‘ക്രിപ്റ്റോബയോസിസ്’ എന്ന അവസ്ഥയിൽ നിലനിൽക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. ഈ അവസ്ഥയിൽ ഇവയുടെ ഉപാപചയ പ്രവർത്തനം തിരിച്ചറിയാൻ പോലുമാകാത്ത നിലയിലേക്ക് താഴും. ശരീരം ചുരുങ്ങും, ശരീരത്തിലെ ജലാംശത്തിലെ അളവ് മൂന്നു ശതമാനത്തിലേക്കു താഴും. ഫലത്തിൽ നിർജലീകരണാവസ്ഥയിലെത്തും. ജീവിതത്തിലും മരണത്തിനുമിടയിലുള്ള ഈ ‘മൂന്നാം അവസ്ഥ’യെപ്പറ്റിയാണ് ഗവേഷകർ പഠിക്കുന്നത്. ഒപ്പം ഇത്തരം അവസ്ഥകളിൽ ചിതറിപ്പോകുന്ന ഇവയുടെ ഡിഎൻഎയുടെ ഘടനയെപ്പറ്റിയും. ജീവിക്കാനുള്ള സാഹചര്യങ്ങളിലേക്കെത്തുമ്പോൾ ഡിഎൻഎയും വീണ്ടും കൂടിച്ചേരുകയാണു പതിവ്. 

മാരകമായ റേഡിയേഷനുകളിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്ന പ്രത്യേകതരം പ്രോട്ടീനുകളും ഇവയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യജീവൻ നിലനിൽക്കാൻ സാധ്യതയില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് എങ്ങനെയാണ് സൂക്ഷ്മജീവന്റെ ഉൽപത്തിയുണ്ടായെന്നതു സംബന്ധിച്ചും മറ്റു ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെപ്പറ്റിയുമുള്ള പഠനങ്ങളിലേക്കും വെളിച്ചം വീശും ടാർഡിഗ്രേഡുകളെപ്പറ്റിയുള്ള കൂടുതൽ അറിവ്. അങ്ങനെ നോക്കുമ്പോൾ വിദൂരഗ്രഹങ്ങളിൽ പലതിലും ജലക്കരടികളെപ്പോലെ സൂക്ഷ്മജീവികൾ നിദ്രയിലാണ്ടു കിടപ്പുണ്ടാകുമെന്നു പോലും നമുക്ക് പ്രതീക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA