sections
MORE

ജോലി രാജിവച്ചു തടാകങ്ങൾ വീണ്ടെടുക്കാൻ ;14 സംസ്ഥാനങ്ങളിലായി വീണ്ടെടുത്തത് 93 ജലസ്രോതസ്സുകൾ!

Arun Krishnamurthy
SHARE

ചെന്നൈ നഗരത്തിൽ കുടിവെള്ളം മുട്ടിയപ്പോൾ എല്ലാവരും ഉണർന്നു. തടാകങ്ങൾ സംരക്ഷിക്കണം, ജല സ്രോതസ്സുകൾ വീണ്ടെടുക്കണം. എന്നാൽ, അരുൺ കൃഷ്ണമൂർത്തി വരാനിരിക്കുന്ന അപകടം മുൻകൂട്ടി കണ്ടു. ലക്ഷങ്ങൾ  ശമ്പളമുണ്ടായിരുന്ന  ജോലി രാജിവച്ചു തടാകങ്ങൾ വീണ്ടെടുക്കാനിറങ്ങി. സമാനമനസ്കരെ ഒന്നിച്ചു ചേർത്തു എൻവയോൺമെന്റലിസ്റ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ഇഎഫ്ഐ) രൂപീകരിച്ചു.2007ലാണു കൂട്ടായ്മ നിലവിൽ വന്നത്. ഇതിനിടെ, 14 സംസ്ഥാനങ്ങളിലായി 93 ജലസ്രോതസ്സുകൾ ഇവർ വീണ്ടെടുത്തു കഴിഞ്ഞു.

water bodies

ചെന്നൈയിലാണു  അരുൺ ജനിച്ചു വളർന്നത്.വീടിനു തൊട്ടടുത്തു നല്ലൊരു തടാകമുണ്ടായിരുന്നു. അതിൽ കളിച്ചു വളർന്നതിനാൽ ജലസ്രോതസ്സുകളോടു ചെറുപ്പം മുതൽ വല്ലാത്ത അടുപ്പമുണ്ട്. ഇതിനിടെ,  ഗൂഗിളിൽ ജോലി ലഭിച്ചു. മികച്ച ശമ്പളവും സുഖജീവിതവുമായിരുന്നെങ്കിലും അരുണിന്റെ മനസ്സിനു തൃപ്തി വന്നില്ല.ജീവിതത്തിൽ എന്തു ചെയ്തുവെന്ന ചോദ്യം മനസ്സിലുയരാൻ തുടങ്ങി.

അങ്ങനെയാണ്, ജോലി ഉപേക്ഷിച്ചു ചെന്നൈയിലെ ജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി ഇറങ്ങിയത്. ബന്ധപ്പെട്ട പ്രദേശത്തെ  തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു പ്രവർത്തനം.  തടാകങ്ങളിലെ മാലിന്യങ്ങൾ നീക്കി അവ വീണ്ടെടുത്തു തുടങ്ങി.പിന്നീട് തമിഴ്നാട്ടിലെ മറ്റു  നഗരങ്ങളിലേക്കും തുടർന്നു മറ്റു സംസ്ഥാനങ്ങളിലേക്കു ജല വീണ്ടെടുപ്പു ദൗത്യം വ്യാപിപ്പിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണു പ്രവർത്തനമെന്നു അരുൺ പറയുന്നു. സർക്കാരുകളിൽ നിന്നു ഫണ്ട് കൈപ്പറ്റുന്നില്ല.  എന്നാൽ, ഭരണപരമായ അനുമതിക്കും മറ്റും സർക്കാരിന്റെ സഹകരണം തേടുന്നു. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിൽ നിന്നു മികച്ച സഹകരണമാണു ഇതുവരെ ലഭിച്ചത്. മുംബൈ, ഡൽഹി, കൊൽക്കത്ത, പൂണെ, ഹൈദരാബാദ്, പുതുച്ചേരി, ബെംഗളുരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെല്ലാം അരുണിന്റെ മുൻകയ്യിൽ പുനർജന്മം ലഭിച്ച ജല സ്രോതസ്സുകളുണ്ട്.

പുതിയ തലമുറയെ ജല സംരക്ഷണ യഞ്ജത്തിൽ പങ്കാളികളാക്കുന്നതിനു സൈക്കലേക്സ്  എന്ന  പദ്ധതിയും ഇഎഫ് നടപ്പാക്കുന്നു. അവധി ദിനങ്ങളിൽ സ്കൂൾ വിദ്യാർഥികളുമായി സമീപത്തെ  തടാകത്തിലേക്കു സൈക്കിളിൽ പോകുന്ന പദ്ധതിയാണിത്. ജനങ്ങൾ  ഒത്തുകൂടുന്ന സ്ഥലങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധം വളർത്തുന്നതിനായി വാൾ-ഇ പദ്ധതിയും കൂട്ടായ്മ നടപ്പാക്കുന്നു. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത  അരുണിന്റെ ഹരിത സൗഹൃദ പ്രസംഗങ്ങൾ യൂ ട്യൂബിൽ ഹിറ്റാണ്.

ജല  സംരക്ഷണ രംഗത്തെ പ്രവർത്തനം കണക്കിലെടുത്തു പ്രശസ്തമായ റോളക്സ് അവാർഡ്ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഈ  32 വയസുകാരനെ തേടിയെത്തിയിട്ടുണ്ട്.  പ്രകൃതി സംരക്ഷണമെന്നത് ഒരു ജോലിയല്ല, അതു  ജീവിതത്തിന്റെ ഭാഗമായി മാറേണ്ട ശീലമാണ്- അരുൺ കൃഷ്ണമൂർത്തി ഇങ്ങനെ പറയുന്നില്ല, ചെയ്തു കാണിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA