ADVERTISEMENT

രാത്രിയിൽ കടലിൽ നീലവെളിച്ചമായി തിളങ്ങിക്കിടക്കുന്ന ഏതോ സൂക്ഷ്മജീവികൾ. വെള്ളത്തിൽ കയ്യോ കാലോ തൊട്ടാൽ അവയങ്ങനെ നീലനിറത്തിൽ തിളങ്ങി നിറയും. ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് ഈ പ്രതിഭാസം. നീലക്കണ്ണീർ, സീ സ്പാർക്കിള്‍സ് എന്നുമൊക്കെ ഇവയെ ഗവേഷകർ പേരിട്ടു വിളിക്കുന്നു. ഇതാണിപ്പോൾ ചെന്നൈ തീരത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചെന്നൈയിലെ തിരുവൺമിയൂർ ബീച്ചിലാണ് അപൂർവ പ്രതിഭാസം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിലും തീരത്ത് ഈ പ്രതിഭാസം ദൃശ്യമായിരുന്നു.  സത്യത്തിൽ ഒരു തരം സൂക്ഷ്മജലജീവികളാണിങ്ങനെ തിളങ്ങി നില്‍ക്കുന്നത്. പ്ലാങ്ക്ടണുകൾ വിഭാഗത്തിൽപ്പെട്ട ഇവയുടെ ശാസ്ത്ര നാമം നോക്ടിലൂക്ക സിന്റിലാൻസ്. ബയോലുമിനസെൻസ് എന്ന ഗുണമാണ് നീലനിറത്തിൽ തിളങ്ങാൽ അവയെ സഹായിക്കുന്നത്. എന്നാൽ അടുത്തിടെ ഉപഗ്രഹചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങളനുസരിച്ചു തയാറാക്കിയ പഠനറിപ്പോർട്ടിൽ ഈ  പ്ലാങ്ക്ടണുകൾ കടലിൽ നിറയുകയാണെന്നാണു വിവരം. അതിനെന്താണു കുഴപ്പം? പ്രശ്നമുണ്ട്. കാഴ്ചയിൽ നല്ല തിളക്കമുണ്ടെങ്കിലും വിഷവസ്തുക്കളാണ് ഈ  പ്ലാങ്ക്ടണുകൾ. 

പ്രകാശത്തെ ആഗിരണം ചെയ്ത് ചിതറിപ്പിക്കാനുള്ള കഴിവാണ് ഈ പ്ലാങ്ക്ടണുകളെ തിളക്കമുള്ളവയാക്കുന്നത്. നീല വെളിച്ചം കൂടുതലായി വലിച്ചെടുത്ത് ചുവപ്പുപ്രകാശം അധികമായി വിതരണം ചെയ്യുന്ന സ്വഭാവവുമുണ്ട് ഇവയ്ക്ക്. കടലും ജലാശയങ്ങളും ചേരുന്ന ഭാഗത്ത് തീരത്തോടു ചേർന്നായിരിക്കും പലപ്പോഴും പ്ലാങ്ക്ടണുകൾ ധാരാളമായുണ്ടാവുക. എന്നാൽ കാലം പോകവേ ഇവ തീരത്തു നിന്നു ദൂരേക്കു സഞ്ചരിക്കും. 

സാധാരണ ഗതിയിൽ 20–25 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിലാണ് ഈ പ്ലാങ്ക്ടണുകളെ കാണാറുള്ളത്. എന്നാലിപ്പോൾ അതിലും മാറ്റം വന്നിരിക്കുന്നു. 28 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കടൽഭാഗത്തു വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജലാശയങ്ങളിലെ ഓക്സിജന്‍ വലിച്ചെടുത്ത് മറ്റുജീവികളെ കൊന്നൊടുക്കുന്ന സ്വഭാവവുമുണ്ട് ഇവയ്ക്ക്. ചിലപ്പോഴൊക്കെ അമോണിയയും പുറത്തുവിടും. എന്നാൽ ഇവ മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ പഠനം ഇതുവരെ നടന്നിട്ടില്ല. 

അമിതമായ അളവിൽ ഇവ കടല്‍ജീവികൾക്ക് ഏറെ ദോഷകരമാണ്. മനുഷ്യരിൽ കരളിന്റെയും നാഡീവ്യവസ്ഥയുടെയും തകരാറിനിടയാക്കുന്നതാണ് ഇവയിൽ ചിലതിന്റെ വിഷമെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്നാൽ എല്ലാം അപകടകാരികളല്ല താനും. വൻതോതിൽ ഈ പ്ലാങ്ക്ടണുകളുണ്ടാകുന്നത് മനുഷ്യർക്ക് ദോഷകരമാണെന്നു തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ ഇവയുടെ സാന്നിധ്യത്തില്‍ ജലാശയങ്ങളിലേക്ക് ഇറങ്ങരുതെന്ന് വിവിധ രാജ്യങ്ങൾ ടൂറിസ്റ്റുകൾക്കു മുന്നറിയിപ്പു നൽകുന്നതു പതിവാണ്. ഇപ്പറഞ്ഞതെല്ലാം വൻതോതിൽ പ്ലാങ്ക്ടണുകളുമായി സമ്പർക്കം വരുമ്പോഴുള്ള പ്രശ്നം. 

അൽപാൽപമായി ദീർഘകാലത്തേക്ക് ഇവയുമായി സമ്പർക്കമുണ്ടായാൽ എന്തൊക്കെ പ്രശ്നമുണ്ടാകും എന്നതിനെപ്പറ്റി ഇതുവരെ പഠനം നടന്നിട്ടില്ല. കൃഷിഭൂമികളിൽ നിന്നു കടലിലേക്ക് ഒലിച്ചിറങ്ങുന്ന വളക്കൂറുള്ള മണ്ണും വെള്ളവുമെല്ലാം പ്ലാങ്ക്ടണുകളുടെ വളർച്ചയ്ക്കു സഹായകരമാകുന്നുണ്ട്. മറ്റേതെല്ലാം വഴികളിലൂടെയാണ് ഇവയുടെ വളർച്ച ശക്തമാകുന്നതെന്ന പരിശോധനയും ഗവേഷകർ ശക്തമാക്കിയിട്ടുണ്ട്.  കാലാവസ്ഥാ വ്യതിയാനവും ആഴക്കടൽ മത്സ്യബന്ധനവുമാണ് ഇവ പ്രത്യക്ഷമാകാൻ കാരണമെന്നാണ് സമുദ്രഗവേഷകരുടെ മറ്റൊരു നിഗമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com