sections
MORE

ചന്ദ്രനോളം പഴക്കമുള്ള മാഗ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞ വജ്രങ്ങള്‍; അദ്ഭുതത്തോടെ ശാസ്ത്രലോകം

Diamond
SHARE

മനുഷ്യനിര്‍മിതമായ ഏറ്റവും ആഴത്തിലുള്ള കുഴികളെല്ലാം തന്നെ വജ്രഖനികള്‍ക്കു വേണ്ടി നിര്‍മിച്ചതാണ്. വജ്രങ്ങള്‍ സാധാരണ കാണപ്പെടുന്നതും ഭൂമിയുടെ ആഴങ്ങളില്‍ ലാവശിലകളുടെ ഭാഗമായാണ്. അതുകൊണ്ട് തന്നെ ആഴത്തിലുള്ള ലാവാശിലകളെക്കുറിച്ചു പഠനം നടത്തുന്നതിനായി ഗവേഷകര്‍ ഒരു പരിധി വരെ ഉപയോഗിക്കുന്നത് വജ്രങ്ങളെയാണ്. ഏതായാലും സമീപകാലത്തു നടത്തിയ ഒരു കണ്ടെത്തല്‍ ഗവേഷകരുടെ വര്‍ഷങ്ങളായുള്ള കണക്കു കൂട്ടലുകളെ ശരിവയ്ക്കുന്നതായിരുന്നു. ഏതാണ്ട് 4 ബില്യണ്‍ വര്‍ഷം വരെ പഴക്കമുള്ള ലാവശിലകള്‍ ഭൂമിയിലുണ്ടെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

വജ്രങ്ങളില്‍ നടത്തിയ പഠനം തന്നെയാണ് ഗവേഷരെ ഇത്തരം ഒരു കണ്ടെത്തലിനു സഹായിച്ചിരിക്കുന്നത്. ചന്ദ്രനോളം പഴക്കമുള്ള മാഗ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞ വജ്രങ്ങളിലാണ് തങ്ങള്‍ പഠനം നടത്തുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ തിരിച്ചറിയുകയായിരുന്നു. ചന്ദ്രനോളം പഴക്കമുള്ള ഈ മാഗ്മ ഇക്കാലമത്രയും പുറം ലോകം കാണാതെ തുടരുകയായിരുന്നുവെന്ന് ഇവര്‍ വിവരിക്കുന്നു. ഇപ്പോഴും ഇവയില്‍ നിന്ന് ഉരുത്തിരിഞ്ഞ വജ്രങ്ങളല്ലാതെ മാഗ്മയില്‍ നേരിട്ടു പഠനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതിന് ഇപ്പോഴത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സാധ്യമല്ലെന്നും ഗവേഷകര്‍ പറയുന്നു.

സൂപ്പര്‍ ഡീപ് ഡയമണ്ട്സ്   

നിലവില്‍ 24 വജ്രങ്ങളാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീപ് ഡയമണ്ട്സ് എന്നാണ് ഈ വജ്രങ്ങള്‍ക്കു നല്‍കിയിരിക്കുന്ന പേര്. ബ്രസീലിലെ ജുവെന മേഖലയില്‍ നിന്നാണ് ഈ വജ്രങ്ങള്‍ ലഭിച്ചത് . ഇതേ പഴക്കമുള്ള വജ്രങ്ങളും മാഗ്മയും ഇനിയും ഈ മേഖലയിലുണ്ടാകും എന്നാണ് കരുതുന്നത്. എന്നാല്‍ ഈ വജ്രങ്ങളും മാഗ്മയും ഉദ്ഭവിച്ച സ്രോതസ്സായ ഭൂമിക്കടിയിലെ മേഖല ഇതുവരെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല

ഏതാണ്ട് 410 കിലോമീറ്റര്‍ താഴ്ചയിലാണ് വജ്രങ്ങളുടെ ഈ ശേഖരം ഉള്ളതെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ ഈ വജ്രങ്ങള്‍ ഉണ്ടാകുന്നതിനു കാരണമായ പുരാതന മാഗ്മ ഇതിലും താഴ്ചയിലാകും ഉള്ളതെന്നും ഗവേഷകര്‍ വിവരിക്കുന്നു. ട്രാന്‍സിഷന്‍ സോണ്‍ എന്ന് വിളിക്കുന്ന ഈ പ്രദേശത്തിന് ഏതാണ്ട് 460 മുതല്‍ 640 കിലോമീറ്റര്‍ വരെ ആഴമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 

ഒരു പക്ഷേ ഭൂമിയില്‍നിന്ന് ലഭ്യമായേക്കാവുന്ന ഏറ്റവും പഴക്കം ചെന്ന മാഗ്മയില്‍ നിന്നുള്ള ഈ വജ്രങ്ങള്‍ അക്ഷരാർഥത്തില്‍ അമൂല്യങ്ങളാണ്. 

ഭൂമിയിലെ തന്നെ ഏറ്റവും കട്ടിയേറിയ തകര്‍ക്കാന്‍ ഏറെക്കുറെ അസാധ്യമായ വസ്തുക്കളാണ് വജ്രങ്ങള്‍. ഈ പ്രത്യേകത തന്നെയാണ് ഇത്രയധികം കോടി വര്‍ഷങ്ങള്‍ അതിജീവിക്കാന്‍ ഇവയെ സഹായിക്കുന്നതും. ഭൂമിയുടെ മധ്യത്തിലെ ബില്യണ്‍ കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കാഴ്ചകളിലേക്കുള്ള ജാലകമാണ് ഈ വജ്രങ്ങളെന്നാണ് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഭൗമ-ഭൗതിക ശാസ്ത്രജ്ഞനായ സഷേറ്റ് ഷിമ്മര്‍മാന്‍ വിശേഷിപ്പിച്ചത്.

നിലവില്‍ ഈ വജ്രങ്ങള്‍ കണ്ടെടുത്ത ആഴത്തില്‍ ആയിരിക്കില്ല ഈ വജ്രങ്ങളുടെ ഉദ്ഭവം എന്നാണ് ഗവേഷകര്‍ കരുതുന്നത്.അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മുന്‍പെപ്പോഴോ ഇവ ലാവയ്ക്കൊപ്പം മുകളിലേക്കെത്തിയിരിക്കാമെന്നാണ് ഇവരുടെ വാദം. ഭൗമാന്തര്‍ഭാഗവുമായി ശാസ്ത്രത്തിന് ബന്ധപ്പെടാന്‍ കഴിയുന്ന അപൂര്‍വ സാഹചര്യങ്ങളിലൊന്നിനാണ് ഈ വജ്രങ്ങളുടെ കണ്ടെത്തല്‍ വഴിവച്ചിരിക്കുന്നത്. 

വജ്രങ്ങളുടെ ഉദ്ഭവം

ഭൂമിയുടെ പുറം ചട്ടയായ ക്രസ്റ്റിനും ദ്രവരൂപത്തിലുള്ള കോറിനും മധ്യേ സ്ഥിതി ചെയ്യുന്ന ഇതുവരെ ശാസ്ത്രത്തിന് എത്തിച്ചേരാന്‍ കഴിയാത്ത മാന്‍റില്‍ മേഖലയിലാണ് ഈ വജ്രങ്ങള്‍ ഉദ്ഭവിച്ചിരിക്കുന്നത്. ഇന്ന് മാന്‍റില്‍ ഖരാവസ്ഥയിലായിരുന്നു എങ്കിലും ഈ വജ്രങ്ങള്‍ രൂപപ്പെട്ട കാലത്ത് കൊഴുത്ത ദ്രാവകാവസ്ഥയിലായിരുന്നിരിക്കാം മാന്‍റിലെന്നാണ് ഗവേഷകരുടെ കണക്കു കൂട്ടല്‍. ഈ ദ്രവാവസ്ഥയില്‍ ഏതാനും കണങ്ങള്‍ ഖനീഭവിച്ചതാകണം പിന്നീട് ഈ വജ്രങ്ങളായി മാറിയതെന്നും ഇവര്‍ കരുതുന്നു. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിക്കാറായിട്ടില്ല.

ഈ വജ്രങ്ങളുടെ സാന്നിധ്യവും. ഇവ രൂപപ്പെട്ട കാലത്ത് വജ്രങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും ഗവേഷകര്‍ മുന്‍പേ കണക്കു കൂട്ടിയിരുന്നതാണ്. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചിരുന്നില്ല എന്നു മാത്രം. 1980 കളിലാണ് ഇത്തരം വജ്രങ്ങളുടെ സാന്നിധ്യം സംബന്ധിച്ച ആദ്യ പഠനങ്ങള്‍ ശാസ്ത്രലോകത്തുണ്ടാകുന്നത്. അവ ശരിയായിരുന്നു എന്നു തെളിയിയ്ക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകള്‍. 

അഗ്നിപര്‍വതങ്ങളിലൂടെ പുറത്തു വന്ന ലാവകളില്‍ നടത്തിയ പഠനമാണ് ഇത്തരം മാഗ്മകളുടെയും വജ്രങ്ങളുടെയും സാന്നിധ്യം പ്രവചിക്കാന്‍ ഗവേഷകരെ സഹായിച്ചത്. ആ ലാവകളില്‍ ഹീലിയം 3 ന്‍റെയും ഹീലിയം 4 ഐസോടോപ്പിന്‍റെയും സാന്നിധ്യം ഉയര്‍ന്ന തോതില്‍ ഉണ്ടായിരുന്നു. ഇത് പൊതുവെ ഭൂമിയിലെ ഒരു വസ്തുവിലും കാണപ്പെടാത്തതാണ്. മറിച്ച് ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകളുടെയും മറ്റും അംശത്തില്‍ ഇവ വലിയ അളവില്‍ കാണപ്പെടുകയും ചെയ്യാറുണ്ട്. ഇതോടെയാണ് 4 ബില്യണിലധികം വര്‍ഷം പഴക്കമുള്ള മാഗ്മകള്‍ ഭൂമിയിലുണ്ടാകാമെന്ന നിഗമനത്തില്‍ അക്കാലത്ത് ഗവേഷകരെത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA