ADVERTISEMENT

ഇളം മഞ്ഞ നിറത്തിലുള്ള ശരീരത്തില്‍ കറുത്ത പുള്ളികളുമായാണ് പൊതുവെ പുള്ളിപ്പുലികൾ കാണപ്പെടുക. പുള്ളിപ്പുലികള്‍ മാത്രമല്ല ഈ  ഗണത്തില്‍ പെടുന്ന ചീറ്റകളും ജഗ്വാറുകളുമെല്ലാം ഏതാണ്ട് ഇതേപോലെയാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇതിനു മാറ്റമുണ്ടാകാറുണ്ട്. ശരീരം മുഴുവന്‍ വെളുത്ത നിറത്തിലോ, കറുത്ത നിറത്തിലോ ഒക്കെ കാണപ്പെടും. അപ്പോഴും ഇവയുടെ പുള്ളികളുടെ നിറം കറുപ്പ് തന്നെയായിരിക്കും.ഇങ്ങനെ പുള്ളികള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ശരീരം കറുത്തു കാണപ്പെടുന്നവയെയാണ് കരിമ്പുലികളെന്നു വിളിക്കുന്നത്.

എന്നാൽ ദക്ഷിണാഫ്രിക്കയിലെ താബോ തോലോ വനമേഖലയില്‍ ക്യാമറയില്‍ പതിഞ്ഞ പെൺ പുലി ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. ഈ പുലിയുടെ പുള്ളികളുടെ നിറത്തിലുള്ള മാറ്റമാണ് അമ്പരപ്പിക്കുന്നത്. കടുത്ത തവിട്ട് നിറത്തിലാണ് ഈ പുലിയുടെ പുള്ളികള്‍ കാണപ്പെട്ടത്. പുള്ളികളിലെ നിറ വ്യത്യാസം പുലികളില്‍ അത്യപൂര്‍വമായാണു സംഭവിക്കാറ്. ഇതില്‍ തന്നെ തവിട്ട് നിറത്തില്‍ പുള്ളികള്‍ കാണപ്പെടുന്നത് ഇതാദ്യമായാണ്.

 ജിറാഫിനെ തിന്നുന്ന നിലയിലാണ് ഈ പുലിയെ ആദ്യം  ക്യാമറയില്‍ കാണാനാകുക. കടുത്ത മഞ്ഞ നിറത്തിലാണ് പുലിയുടെ ശരീരം കാണപ്പെട്ടത്. അതിനാല്‍ തന്നെ കൂട്ടത്തിലെ ഇളം മഞ്ഞ ശരീരമുള്ള മറ്റ് പുലികളില്‍ നിന്ന് ഈ പുലി വേറിട്ടു നിന്നിരുന്നു. ഇതാണ്  ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ക്യാമറ സ്ഥാപിച്ച ബ്ലാക്ക് ലെപഡ് ക്ലബ്ബ്  ഈ പുലിയെ ശ്രദ്ധിക്കാൻ കാരണമായതും. തുടര്‍ന്നുള്ള നിരീക്ഷണത്തിലാണ് ഈ പുലിയുടെ പുള്ളികളിലുള്ള നിറവ്യത്യാസവും ശ്രദ്ധയില്‍ പെട്ടത്. 

എറിത്രിസം

ശരീരത്തിലെ വെളുത്ത പിഗ്മന്‍റുകളുടെ അഭാവത്തില്‍ വരുന്ന മെലനിസം ആണ് ശരീരം മുഴുവന്‍ കറുത്തു കാണപ്പെടാന്‍ ഇടയാകുന്നത്. കറുത്ത പിഗ്മെന്‍റുകള്‍ അഥവാ മെലാനിന്‍റെ അഭാവത്തില്‍ ശരീരം വെളുത്ത നിറത്തില്‍ കാണപ്പെടും. അതാണ് ആൽബനിസം. രോമങ്ങളില്‍ ഉള്‍പ്പടെ ഈ നിറവ്യത്യാസം ദൃശ്യമാകും. രണ്ടില്‍ നിന്നും വ്യത്യസ്തമാണ് എറിത്രിസം എന്ന അവസ്ഥ. ഈ അവസ്ഥയില്‍ ശരീരത്തിലെ ചുവന്ന പിഗ്മെന്‍റുകളുടെ അളവ് ക്രമാതീതമായി വർധിക്കുകയാണ് ചെയ്യുക.

സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ പെണ്‍ പുള്ളിപ്പുലിയിലും എറിത്രിസം എന്ന ജനിതക വ്യതിയാനമാണ് തവിട്ട് നിറത്തിലുള്ള പുള്ളികള്‍ രൂപപ്പെടാന്‍ കാരണമായത്. സ്വർണ നിറത്തില്‍ ശരീരം കാണപ്പെടാനുള്ള കാരണവും ഇതു തന്നെ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ പുള്ളിപ്പുലിയുടെ ചിത്രങ്ങള്‍ ബ്ലാക്ക് ലെപഡ് ക്ലബ്ബ് പുറത്തു വിട്ടത്. ഇതാദ്യമായാണ് ഈ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ ക്ലബ്ബ് പുറത്തു വിടുനന്നതെങ്കിലും 2015 ല്‍ ഈ പുലി കുട്ടിയായിരിക്കെ തന്നെ ശ്രദ്ധയില്‍ പെട്ടതാണെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ ഇവര്‍ വ്യക്തമാക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെ പുള്ളിപ്പുലിയുടെ വളര്‍ച്ച വിലയിരുത്തുകയാണ്  ഇത്രയും കാലം ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

മെലനിസം, ആല്‍ബിനിസം എന്നിവയെ അപേക്ഷിച്ച് എറിത്രിസം അത്യപൂര്‍വമായി മാത്രമാണ് ജീവികളില്‍ കാണപ്പെടുന്നത്. നാല് വര്‍ഷം മുന്‍പ് ബ്രിട്ടനില്‍ കണ്ടെത്തിയ ഒരു പുല്‍ച്ചാടിയാണ് ഈ അവസ്ഥയില്‍ ഒടുവില്‍ കണ്ടെത്തിയ ജീവി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com