ADVERTISEMENT

കായംകുളത്ത് രണ്ടര ഏക്കറിൽ വളർത്തുന്ന ഈ കണ്ടൽക്കാട് കണ്ടാൽ വിശ്വസിക്കാൻ പ്രയാസം. പലയിനം കണ്ടലുകളുടെ സാമ്രാജ്യമാണ് ഈ പറമ്പ്. തോന്നുംപോലെ വേരു പടർത്തുന്ന ഭ്രാന്തൻ കണ്ടൽ, കുന്നുപോലെ വേരുകളുള്ള ആനക്കണ്ടൽ, താഴേക്കുമാത്രം വേരിറങ്ങുന്ന കുറ്റിക്കണ്ടൽ, വള്ളിക്കണ്ടൽ, കരക്കണ്ടൽ, പേനക്കണ്ടൽ, ഉപ്പെട്ടി എന്നിവ അതിൽ ചിലതുമാത്രം.കൃഷി വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറായി വിരമിച്ച പുതുപ്പള്ളി വാരണപ്പള്ളിൽ എം.ആർ.അനിൽകുമാറാണ് വീട്ടുവളപ്പ് കണ്ടലിനായി മാറ്റിവച്ചത്. ബാംബൂ കോർപറേഷൻ ഡയറക്ടറായിരുന്നപ്പോൾ മുളപൊട്ടിയ ‘മുളസ്നേഹം’ ഇടയ്ക്കൊരു മുളങ്കാടായി വളർന്നതുമുണ്ട്. 

പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ അനിൽകുമാർ 1985ൽ ആണ് പുതുപ്പള്ളിയിൽ താമസമാക്കിയത്. എല്ലാ പിന്തുണയും നൽകി കൃഷി അസി. ഡയറക്ടറായി വിരമിച്ച ഭാര്യ മിനിയുമുണ്ട്.ചുറ്റുപാടും കണ്ടലുകൾ കുറയുന്നതു കണ്ടാണ് അവ വളർ‍ത്താമെന്നു തീരുമാനിച്ചത്. കണ്ടൽക്കാടു വളർത്താൻ വീടിനു സമീപത്തെ ചതുപ്പുനിലത്ത് 6 കുളങ്ങളുണ്ടാക്കി. അതിനു ചുറ്റുമാണു വളർത്തിയത്. വേലിയേറ്റവും കടൽ കയറ്റവും ചെറുക്കാൻ കണ്ടൽ ഉത്തമമെങ്കിലും വ്യാപകമായി വളർത്താൻ കാര്യമായ ശ്രമമില്ലെന്നു കണ്ടാണ് കണ്ടൽ സംരക്ഷണത്തിന് അനിൽകുമാർ സ്വന്തം പറമ്പുതന്നെ മാറ്റിവച്ചത്. സാമൂഹിക വനവൽക്കരണ വിഭാഗത്തിൽനിന്നു വാങ്ങിയ 200 തൈകളിൽനിന്നാണു തുടക്കം. കണ്ടലുകളെ ഇഷ്ടമുള്ളവർക്ക് വിത്തുകളും തൈകളും സൗജന്യമായി നൽകും.

കുട്ടനാട്ടിലെ മടവീഴ്ച തടയാൻ കുറ്റിക്കണ്ടലുകൾക്കു കഴിയുമെന്നാണ് അനിൽ കുമാർ പറയുന്നത്. ബണ്ടുകളിൽ ഇവ നട്ടാൽ വേരിറങ്ങി മണ്ണിനെ ഉറപ്പിച്ചു നിർത്തും. കണ്ടലുകൾ ജലാശയങ്ങളുടെ കരയിൽ നട്ടാൽ വെള്ളത്തിലെ ലവണാംശം വലിച്ചെടുക്കുകയും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com