ADVERTISEMENT

സ്വർഗം കൊതിക്കുന്ന പക്ഷി എന്നു മലയാളത്തിലും സ്വർഗത്തിലെ പാറ്റപിടിയൻ പക്ഷി എന്ന് ഇംഗ്ലിഷിലും അറിയപ്പെടുന്ന പക്ഷിയാണ് നാകമോഹൻ. അതിന്റെ സൗന്ദര്യമാണ് ഈ വിളിപ്പേരിനു കാരണം. മധുരമായി കുറുകുന്ന പറുദീസപ്പക്ഷി എന്നാണ് ഇതിന്റെ ശാസ്ത്ര നാമത്തിന്റെ അർഥം. ആൺനാകമോഹന്റെ വാലിലെ നീണ്ട തൂവൽ അഴകിനു മാറ്റുകൂട്ടുന്നു. പറക്കുമ്പോൾ ഇതു റിബൺ പോലെ പാറിക്കളിക്കും.

Asian paradise flycatcher

ഒക്ടോബർ മുതൽ മേയ് വരെ കേരളത്തിൽ എത്തുന്ന ദേശാടനപ്പക്ഷിയാണ് ഇത്. പാരഡൈസി(paradisi), ല്യൂക്കോഗാസ്റ്റർ (leucogaster) എന്നിങ്ങനെ കേരളത്തിൽ ഇതിന്റെ 2 ഉപവിഭാഗങ്ങൾ ഉണ്ടെന്നു ഡോ.സാലിം അലി രേഖപ്പെടുത്തിട്ടുണ്ട്. ല്യൂക്കോഗാസ്റ്റർ കശ്മീരിലും വടക്കു പടിഞ്ഞാറൻ ഇന്ത്യയിലും ഹിമാലയത്തിന്റെ പടിഞ്ഞാറു ഭാഗങ്ങളിലും കൂടുകൂട്ടാറുണ്ട്‌. ഹിമാലയ മേഖല കൊടും തണുപ്പിൽ അമരുമ്പോൾ കേരളത്തിൽ ദേശാടനത്തിനെത്തും. മേയ് മാസത്തോടെ കൂടുകൂട്ടാൻ ജന്മ നാട്ടിലേക്കു തിരികെ പോകും. എന്നാൽ പാരഡൈസി അയൽസംസ്ഥാനങ്ങളിൽ നിന്നാകാം കേരളത്തിൽ വിരുന്നു വരുന്നത്. ഇതു മഴക്കാലം ആരംഭിക്കുന്നതിനു മുൻപു കേരളം വിട്ടു പോകും. പാരഡൈസി, ല്യൂക്കോഗാസ്റ്റർ എന്നീ ഉപവിഭാഗങ്ങളെ തമ്മിൽ തിരിച്ചറിയുക ക്ലേശകരമാണ്. എങ്കിലും ല്യൂക്കോഗാസ്റ്ററിന്റെ വാൽതൂവലുകൾക്കും തലയിൽ എഴുന്നു നിൽക്കുന്ന തൂവലുകൾക്കും താരതമ്യേനെ നീളം കൂടുതലായിരിക്കും .

ആൺനാകമോഹനെ മുഖ്യമായും രണ്ടുവേഷങ്ങളിൽ കാണാറുണ്ട്: ചെമ്പൻമാരും വെളുമ്പൻമാരും. പെണ്ണിനെ ചെമ്പൻ വേഷത്തിൽ മാത്രമേ കാണാറുള്ളൂ. പെണ്ണിനും ആണിനും ശിരസ്സിൽ കറുത്ത ശിഖത്തൂവലുകളുണ്ട്. പെണ്ണിന്റെ ശിഖക്ക് നീളം കുറവായിരിക്കും. ചില ചെമ്പൻ പൂവന്മാർ ചെമ്പൻ തൂവൽ പൊഴിച്ച് വെളുത്ത തൂവൽ അണിയാറുണ്ടത്രെ.

കേരളത്തിലെ കാടുകളിലും കാവുകളിലും മുളങ്കാടുകളിലും തോട്ടങ്ങളിലും കാണാറുണ്ട്. ജോടി ആയിട്ടാണു സാധാരണ കാണപ്പെടുന്നത്.

Asian paradise flycatcher

പാറ്റകളും തുമ്പികളും വണ്ടുകളും ചിത്രശലഭങ്ങളും ആണ് ഭക്ഷണം. ഇടയ്ക്കിടെ ജലാശയങ്ങളിൽ പറന്നു വീണു കുളിക്കുന്നതു കാണാം. വടക്കേ ഇന്ത്യയിൽ ഏപ്രിൽ മുതൽ ജൂൺ വരെയാണ് പ്രജനന കാലം. തെക്കേ ഇന്ത്യയിൽ ഫെബ്രുവരി മുതലാണ് പ്രജനകാലം.

ഇലകളും നാരുകളുമൊക്കെ ചേർത്ത് കോപ്പയുടെ ആകൃതിയിലുള്ള കൂട് മരച്ചില്ലകളിലാണ് ഉണ്ടാക്കുന്നത്. കൂട്ടിൽ ചിലന്തിവല ചുറ്റും. പെൺപക്ഷിക്കാണു കൂട് നിർമാണത്തിന്റെ മുഖ്യചുമതല.ഒരു കൂട്ടിൽ അഞ്ചുവരെ മുട്ടയിടും. മുട്ടയിൽ ധാരാളം തവിട്ടു പുള്ളികൾ കാണാം. 15 മുതൽ 16 ദിവസം വരെയാണ് അടയിരിപ്പു കാലം.12 ദിവസം കഴിയുമ്പോൾ കുഞ്ഞുങ്ങൾ കൂടുവിട്ടുപോകും.

ഇംഗ്ലിഷ് പേര് :Asian Paradise-flycatcher

ശാസ്ത്രനാമം :Terpsiphone paradisi

കുടുംബം :Monarchidae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com