ADVERTISEMENT

ഇതുവരെ ഒരു വര്‍ഗം മാത്രമാണെന്നു കരുതിയ ചൈനീസ് സലമാണ്ടറിന് രണ്ട് പുതിയ ജനുസ്സുകള്‍ കൂടി കണ്ടെത്തിയതോടെ ലോകത്തെ ഏറ്റവും വലിയ ഉഭയജീവി എന്ന സ്ഥാനത്തിന് പുതിയ അവകാശിയെത്തി. ഇതുവരെ ചൈനീസ് സലമാണ്ടര്‍ ഒറ്റ വിഭാഗം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചൈനീസ് സലാമണ്ടറുകളില്‍ തന്നെ ജനിതകപരമായ വ്യത്യാസങ്ങളുള്ള മറ്റു വിഭാഗങ്ങളുണ്ടെന്നു കണ്ടെത്തിയത്. 

ലണ്ടനിലെ സുവോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചൈനീസ് സലമാണ്ടറുകളുടെ ശേഷിപ്പുകളില്‍ നടത്തിയ ഡിഎന്‍എ പഠനമാണ് ഇപ്പോഴത്തെ വഴിത്തിരിവായ കണ്ടെത്തലിലേക്ക് നയിച്ചത്. ജനിതകപരമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ സൗത്ത് ചൈന ജയന്‍റ് സലാമണ്ടര്‍ അഥവാ ആന്‍ഡ്രിയാ സിലിഗോയ്, ആന്‍ഡ്രിയാ ഡാവിഡിയാനുസ് എന്ന ജയന്‍റ് സലാമണ്ടര്‍ എന്നിവയാണ് ഇവയില്‍ രണ്ട് വിഭാഗങ്ങള്‍. മൂന്നാമൊരു വിഭാഗം കൂടി കണ്ടെത്തിയെങ്കിലും ഇവയ്ക്ക് ഇതുവരെ പേര് നല്‍കിയിട്ടില്ല. 

സൗത്ത് ചൈന ജയന്‍റ് സലാമണ്ടര്‍ അഥവാ ആന്‍ഡ്രിയാ സിലിഗോയ് 

മൂന്നായി തിരിച്ച സലാമണ്ടര്‍ ജനുസ്സുകളില്‍ ഏറ്റവും വലുത് എന്ന പേര് ലഭിച്ചിരിക്കുന്നത് ആന്‍ഡ്രിയാ സിലിഗോയ് വിഭാഗത്തിനാണ്. ലണ്ടന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലുള്ള ഈ ജനുസ്സില്‍ പെട്ട ജീവിയുടെ ശേഷിപ്പ് ലോകത്തെ ഏറ്റവും വലിയ ഉഭയജീവിയുടേതാണെന്ന് ഗവേഷകര്‍ പറുന്നു. കാഴ്ചയില്‍ പല്ലിയോട് സാദൃശ്യമുള്ള അഞ്ചടിയിലധികം നീളം വയ്ക്കുന്ന ജീവികളാണ് സലാമണ്ടറുകള്‍. വെള്ളത്തിനടിയില്‍ ശ്വസിക്കാന്‍ കഴിയും എന്നതാണ് പല്ലിയില്‍നിന്നുള്ള ഇവയുടെ പ്രധാന വ്യത്യാസം. ഈ വ്യത്യാസമാണ് ഇവയെ ഉഭയ ജീവികളാക്കി മാറ്റിയതും. 

ഒരു കാലത്ത് ചൈനയില്‍ ധാരാളമായി കണ്ടു വന്നിരുന്ന സലമാണ്ടറുകള്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണ്. വ്യാപകമായ വനനശീകരണവും നദീമലിനീകരണവും തന്നെയാണ് ഇവ നേരിടുന്ന പ്രധാന വെല്ലുവിളി. സലമാണ്ടറുകളുടെ വൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി പുതിയതായി ലഭിച്ചതോടെ ഇവയുടെ സംരക്ഷണത്തിനുള്ള ശ്രമവും ഊര്‍ജിതമാക്കണം എന്നാണ് ഗവേഷകരുടെ ആവശ്യം. ഇതിന്‍റെ പ്രാധാന്യം ചൈനീസ് അധികൃതരെ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സാമുവല്‍ ടര്‍വി പറയുന്നു.

സലമാണ്ടറുകളുടെ ചരിത്രം

1920 വരെ ലണ്ടന്‍ മൃഗശാലയില്‍ ജീവിച്ചിരുന്ന ജയന്‍റ് സലമാണ്ടറിന്‍റെ ശേഷിപ്പുകളാണ് ലണ്ടന്‍മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ഈ ജീവിയുടേതുള്‍പ്പടെ 17 സലാമണ്ടറുകളില്‍ നിന്നുള്ള സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഈ വര്‍ഗത്തിന്‍റെ ചരിത്രം ചികഞ്ഞുള്ള ഗവേഷകരുടെ പഠനം. ഏതാണ്ട് 31 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരേ ജീവിയില്‍ നിന്ന് ഈ സലമാണ്ടര്‍ വിഭാഗങ്ങള്‍ വേര്‍പിരിഞ്ഞതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഭൗമശാസ്ത്രപരമായ കാരണങ്ങള്‍ മൂലം പല മേഖലകളിലേക്ക് കുടിയേറിയതാണ് ഇവയിലെ ജനിതകപരമായ മാറ്റങ്ങള്‍ക്കു കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com