ADVERTISEMENT

ഓസ്ട്രേലിയൻ കുറ്റിക്കാടുകൾക്ക് ഒരു ശാപമുണ്ട്; നിൽക്കുന്ന നിൽപ്പിൽ കത്തി വെണ്ണീറാകും. അതിവേഗത്തിലാണ് അവിടങ്ങളിൽ കാട്ടുതീ പടരുന്നത്. ഇങ്ങനെ കാട്ടുതീ ഉണ്ടായാൽ സാധാരണഗതിയിൽ മൃഗങ്ങളൊക്കെ ഓടി രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ, കാഴ്ചയിൽ മുള്ളൻപന്നിയെപോലിരിക്കുന്ന ഷോർട്ട് ബീക്ക്ഡ് എക്കിഡ്ന (ഒരുതരം ഉറുമ്പുതീനി) എന്ന കുഞ്ഞൻ ജീവികളുടെ കാര്യത്തിൽ തീ അങ്ങനെ ഓടി ‘സ്കൂട്ടാ’വേണ്ട കാര്യമൊന്നുമല്ല. പകരം ഇവറ്റകളുടെ കൈവശം വേറൊരു വിദ്യയുണ്ട്. 

ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കി ഒരു ‘ഇനാക്റ്റീവ്’ അവസ്ഥയിൽ ഇരിക്കുക. ശാരീരിക പ്രവർത്തനങ്ങളുടെ തോതും ഒപ്പം ശരീരത്തിന്റെ താപനിലയും നേരേ അങ്ങ് താഴ്ത്തും. ഈ അവസ്ഥയ്ക്ക് ഒരു പേരുണ്ട് ടോർപർ (Torpor). പല ജീവികളും ഈ വിദ്യ പ്രയോഗിക്കാറുണ്ട്. പക്ഷെ, അതൊക്കെയും തണുപ്പിനെ പ്രതിരോധിക്കാനാണെന്നു മാത്രം. എക്കിഡ്നകളുടെ ഈ പ്രത്യേകതയാവാം അവയുടെ പൂർവപിതാമഹന്മാരെ വംശനാശത്തിൽനിന്ന് രക്ഷിച്ചതെന്ന് ഗവേഷകർ പറയുന്നു. 

മാളങ്ങളിലോ ഉണങ്ങി വീണ മരങ്ങളുടെ ഉള്ളിലോ ഒക്കെയാണ് എക്കിഡ്നകൾ തമ്പടിക്കാറ്. കാട്ടുതീ പടർന്നാലുടൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ  ഇവർ ഈ ധ്യാനാവസ്ഥയിലേക്ക് മാറും. ഇതിന് പല കാരണങ്ങളുണ്ട്. തീ പടരുമ്പോൾ മാളത്തിൽനിന്നും ഓടി രക്ഷപ്പെടാൻ നോക്കിയാൽ ഒന്നുകിൽ തീയിൽ ചെന്നു ചാടും. അല്ലെങ്കിൽ കത്തി വീഴുന്ന മരത്തിന്റെയോ മറ്റോ അടിയിൽപ്പെടും. അതോടെ സീൻ ശോകമാകും. ഇതൊഴിവാക്കുകയാണ് എക്കിഡ്നകളുടെ ഒരു ഉദ്ദേശം. ഓടിച്ചെന്ന് പണി വാങ്ങേണ്ട കാര്യമില്ലല്ലോ!

ശാരീരികപ്രവർത്തനങ്ങളുടെ തോത് കുറയ്ക്കുന്നതിനുമുണ്ട് കാരണം. ഉറുമ്പ് പോലെയുള്ള ജീവികളാണ് ഇവയുടെ ആഹാരം. തീ പിടിത്തമുണ്ടാകുന്നതോടെ ഇവറ്റകളുടെ കഞ്ഞിയിൽ മണ്ണ് വീഴും. പിന്നെ തീയൊക്കെ അണഞ്ഞ്, ചൂടൊക്കെ ആറി ഉറുമ്പുകളൊക്കെ തിരിച്ചെത്തുന്നതുവരെ നോ ഫൂഡ് അറ്റ് ഓൾ! അതിന് ചിലപ്പോൾ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കും. അപ്പോൾ അതുവരെ ശാരീരികപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി ധ്യാനിച്ചരിക്കുന്നതിൽപരം ഒരു ബുദ്ധിയുണ്ടോ? ഇല്ലേയില്ല. തീയൊക്കെ എന്ത്, അല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com